മരണാനന്തര ജീവിതം സ്വപ്‌നം കണ്ട് മരണം: ദമ്പതികള്‍ ഇറ്റാനഗറില്‍ മുമ്പും എത്തിയിട്ടുണ്ട്; മരിക്കുമുമ്പ് വെബ്‌സൈറ്റുകളും യൂട്യൂബ് വീഡിയോകളും കണ്ടു

സുഹൃത്തിന്റെ കഴുത്തും ഭാര്യയുടെ കൈകളും മുറിച്ച് രക്തം ഒഴുക്കി, ശേഷം ആത്മഹത്യ

അരുണാചല്‍ പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദമ്പതികളും സുഹൃത്തും മരണാനന്തര ജീവിതത്തെ കുറിച്ച് വെബ്‌സൈറ്റില്‍ തിരഞ്ഞതായി സൈബര്‍ വിഭാഗത്തിന്റെ പരിശോധനയില്‍ കണ്ടെത്തി. മരണാനന്തര ജീവിതത്തെ കുറിച്ചുള്ള നിരവധി യൂട്യൂബ് വീഡിയോകളും ഇവര്‍ കണ്ടിരുന്നു. ഇവരുടെ ചിന്ത മരണാനന്തര ജീവിതത്തെ കുറിച്ചായിരുന്നു. മരിച്ച ദമ്പതികളും സുഹൃത്തും പ്രത്യേക മാനസികാവസ്ഥയിലായിരുന്നുവെന്നും പൊലീസ് പറയുന്നു. കൂടുതല്‍ അമ്പേഷണങ്ങള്‍ക്കായി കേരളാ പോലീസ് ഇറ്റാനഗറിലെത്തും. നവീന്റെയും ദേവിയുടെയും ആര്യയുടെയും ബന്ധുക്കളും പൊലീസിനൊപ്പമുണ്ട്. ഇവരെത്തിയ ശേഷമാകും പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിക്കുക.

ആയുര്‍വേദ ഡോക്ടര്‍മാരായ കോട്ടയം മീനടം നെടുംപൊയ്കയില്‍ നവീന്‍ തോമസ് (39), ഭാര്യ വട്ടിയൂര്‍ക്കാവ് മൂന്നാംമൂട് അഭ്രകുഴി എംഎംആര്‍എ സിആര്‍എ കാവില്‍ ദേവി (41), വട്ടിയൂര്‍ക്കാവ് മേലത്തുമേലെ എംഎംആര്‍എ 198 ശ്രീരാഗത്തില്‍ ആര്യ ബി. നായര്‍ (29) എന്നിവരാണ് മരിച്ചത്. അരുണാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറിലെ ഹോട്ടലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആര്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് നേരത്തെ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് വട്ടിയൂര്‍ക്കാവ് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഇവര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിവരം പുറത്ത് വരുന്നത്.

മാര്‍ച്ച് 27നാണ് ആര്യയെ തിരുവനന്തപുരത്ത് നിന്ന് കാണാതായത്. ആര്യയുടെ വിവാഹം അടുത്ത മാസം ഏഴാം തീയതി നടക്കാനിരിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു വിവാഹനിശ്ചയം. ആര്യ അധികമാരോടും അടുക്കാത്ത പ്രകൃതക്കാരിയായിരുന്നു. സ്‌കൂളില്‍ നിന്ന് ടൂര്‍ പോകുന്നുവെന്നു പറഞ്ഞാണ് ആര്യ മാര്‍ച്ച് 27ന് വീട്ടില്‍നിന്ന് ഇറങ്ങിയത്. പിന്നീട് കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇവരുടെ പെരുമാറ്റത്തില്‍ വീട്ടുകാര്‍ക്കും ചില സംശയങ്ങള്‍ നേരത്തേ തോന്നിയിരുന്നു. മൂവരും ആരോടും മനസ് തുറക്കാത്ത രീതിയിലായിരുന്നു പെരുമാറിയിരുന്നത്. ഏതാനും മാസങ്ങളായി ആരോടും ഇടപഴകാത്ത തരത്തിലായിരുന്നു അവരുടെ ജീവിതമെന്നാണ് വിവരം.

മൂന്നുപേരും തമ്മില്‍ മല്‍പ്പിടുത്തം ഉണ്ടായതിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്ന് അരുണാചല്‍ പൊലീസ് കഴിഞ്ഞ ദിവസം വ്യക്താക്കിയിരുന്നു. മൂവരെയും ഹോട്ടല്‍ മുറിക്ക് പുറത്ത് കണ്ടിരുന്നില്ല എന്നും ഹോട്ടല്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നവീനിന്റെ ഡ്രൈവിംഗ് ലൈസന്‍സിന്റെ കോപ്പിയായിരുന്നു മുറിയെടുക്കാന്‍ ഹോട്ടലില്‍ ഇവര്‍ നല്‍കിയിരുന്നത്. മൃതദേഹങ്ങള്‍ക്കരികെ ബ്ലേഡും മദ്യക്കുപ്പികളുമുണ്ടായിരുന്നു. ബ്ലേഡ് ഞരമ്പ് മുറിക്കാനുപയോഗിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം. മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ‘ഒരു കടവുമില്ല, ഞങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ല’ എന്നാണ് കുറിപ്പിലുണ്ടായിരുന്നത്. ‘ഞങ്ങള്‍ എവിടെയാണോ അങ്ങോട്ട് പോകുന്നു’ കൃത്യമായ അഡ്രസ്സും രേഖപ്പെടുത്തി മൂവരും കുറിപ്പില്‍ ഒപ്പിട്ടിരുന്നതായും പൊലീസ് പറയുന്നു.

മൂവരുടെയും മൃതദേഹങ്ങള്‍ ഇറ്റാനഗറിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആര്യയുടെ മൃതദേഹത്തില്‍ കഴുത്തിലാണ് ബ്ലേഡ് കൊണ്ട് മുറിച്ചിരിക്കുന്നത്. ദേവിയുടെ ഇരു കൈയ്യിലും മുറിവേറ്റിട്ടുണ്ട്. രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നും മുറിയില്‍ നിന്നും കണ്ടെത്തി. ഭാര്യയേയും കൂട്ടുകാരിയേയും കൊലപ്പെടുത്തിയ ശേഷം നവീന്‍ ജീവനൊടുക്കിയതാകാമെന്നാണ് ഇറ്റാനഗര്‍ പൊലീസ് സംശയിക്കുന്നത്. ഒന്നര വര്‍ഷം മുന്‍പ് നവീനും ദേവിയും അരുണാചല്‍ പ്രദേശിലെ സിറോയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. ഇരുവരുടെയും കുടംബത്തോട് പറയാതെയാണ് ദമ്പതികള്‍ പോയത്. ഗൂഗിള്‍ മാപ്പ് നോക്കിയാണ് ഇവരുടെ യാത്രാ വിവരം കണ്ടെത്തിയത്.

അന്ന് ഇരുവരെയും കാണാതായപ്പോള്‍ വീട്ടുകാര്‍ അന്വേഷണം നടത്തിയിരുന്നു. ഇക്കാര്യങ്ങള്‍ ദേവിയുടെ വീട്ടുകാര്‍ ചോദിച്ചു മനസിലാക്കാന്‍ ശ്രമിച്ചപ്പോള്‍ ദമ്പതികള്‍ വീട് വിട്ടിറങ്ങുകയായിരുന്നു. തുടര്‍ന്ന് നവീന്റെ വീട്ടിലാണ് ഒരു വര്‍ഷമായി ദേവിയുടെ താമസം. മാതാപിതാക്കളോട് അന്നുതൊട്ട് പിണങ്ങുകയും ചെയ്തിരുന്നു. നവീനും ദേവിയും ആയുര്‍വേദ ഡോക്ടര്‍ ജോലി ഉപേക്ഷിച്ചത്, ഫാം ഹൗസ് തുടങ്ങാനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ്. മാര്‍ച്ച് 17നാണ് കോട്ടയത്തെ വീട്ടില്‍ നിന്നും ദേവിയും നവീനും ഇറങ്ങുന്നത്. പത്തു ദിവസം എവിടെയായിരുന്നുവെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മാര്‍ച്ച് 27നാണ് ആര്യയെ തിരുവനന്തപുരത്ത് നിന്നും കാണാതായത്.

എന്തുകൊണ്ടാണ് തിരുവനന്തപുരത്ത് നിന്നും 3748 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സിറോ എന്ന സ്ഥലം മൂവര്‍ സംഘം തിരഞ്ഞെടുത്തു എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ആര്യ തങ്ങളുടെ മകളാണെന്നു പറഞ്ഞാണ് ദേവിയും നവീനും ഹോട്ടലില്‍ മുറിയെടുത്തത്. അഞ്ച് ദിവസവും ദേവിക്കും നവീനും ഒപ്പം ഒരു മുറിയില്‍ തന്നെയായിരുന്നു ആര്യയും താമസിച്ചിരുന്നത്. ഹണിമൂണ്‍വാലി എന്നറിയപ്പെടുന്ന ഈ സ്ഥലം രാജ്യാതിര്‍ത്തി ഗ്രാമമാണെന്ന് ഓള്‍ ഇന്ത്യാ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.

മാര്‍ച്ച് 28നാണ് ഇവര്‍ അവസാനമായി വീട്ടിലേക്ക് വിളിച്ചത്. മൂന്നുനാല് ദിവസം കഴിഞ്ഞേ വരൂ എന്നാണ് അവസാനം വിളിക്കുമ്പോള്‍ ഇവര്‍ പിതാവിനോട് പറഞ്ഞത്. 13 വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. തിരുവനന്തപുരത്ത് സ്വകാര്യ മെഡിക്കല്‍ കോളജില്‍ ആയുര്‍വേദ പഠന കാലത്ത് പ്രണയിച്ചാണ് ഇരുവരും വിവാഹം കഴിച്ചത്. പിന്നീട് തിരുവനന്തപുരത്ത് ആയുര്‍വേദ റിസോര്‍ട്ടില്‍ ഉള്‍പ്പെടെ ജോലി ചെയ്തു. കുട്ടികളില്ല. കഴിഞ്ഞ ഒരു വര്‍ഷമായി മീനടത്ത് മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം.

ആയുര്‍വേദ പ്രാക്ടീസ് അവസാനിപ്പിച്ച ശേഷം നവീന്‍ ഓണ്‍ലൈന്‍ ട്രേഡിംഗിലേക്ക് തിരിഞ്ഞു. ദേവി ജര്‍മ്മന്‍ ഭാഷ അധ്യാപനത്തിലേക്ക് തിരിയുകയായിരുന്നെന്നും കുടുംബം പറഞ്ഞു. ദേവി ജര്‍മ്മന്‍ ഭാഷ അധ്യാപനത്തിലേക്ക് തിരിയുകയായിരുന്നെന്നും കുടുംബം പറഞ്ഞു. ദേവിയും ആര്യയും ഒരേ സ്‌കൂളില്‍ പഠിപ്പിച്ചിരുന്നു.