ഈ മാസം എട്ടിന് തിങ്കളാഴ്ച ആകാശത്ത് അപൂര്‍വ്വ കാഴ്ച വിരുന്നൊരുക്കുകയാണ് പ്രപഞ്ചം. സമ്പൂര്‍ണ സൂര്യഗ്രഹണം നടക്കുന്ന അന്നേദിവസം നാലു ഗ്രഹങ്ങളെയും ഒരു വാല്‍നക്ഷത്രത്തെയും കൂടി കാണാനുള്ള അവസരമാണ് ശാസ്ത്രലോകത്തിന് ലഭിക്കുന്നത്. ഈ അപൂര്‍വ്വ കാഴ്ച ഒപ്പിയെടുക്കാനും പഠനങ്ങള്‍ക്ക് വിധേയമാക്കാനും ശാസ്ത്രജ്ഞര്‍ തയ്യാറെടുക്കുകയാണ്.
സൂര്യനും ഭൂമിക്കുമിടയില്‍ ചന്ദ്രന്‍ കടന്നുവരുമ്പോള്‍ സൂര്യബിംബം മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഗ്രഹണങ്ങളിലൊന്നായിരിക്കും 2024 ഏപ്രില്‍ 8ന് സംഭവിക്കാന്‍ പോകുന്ന സൂര്യഗ്രഹണമെന്നാണ് വാനനിരീക്ഷകര്‍ പറയുന്നത്. സൂര്യഗ്രഹണ സമയത്ത് സൂര്യന്റെ ഇടതുവശത്ത് വ്യാഴം അതിന്റെ സാന്നിധ്യം അറിയിക്കും. ഗ്രഹണ സമയത്ത് സൂര്യന്റെ വലതുവശത്ത് ഒരു ആകാശദീപമായി ശുക്രന്‍ തിളങ്ങും.
സൂര്യന്റെ വലതുവശത്ത് ശുക്രനൊപ്പം ശനിയും ചൊവ്വയും കൂടി ചേരുന്നതോടെ അപൂര്‍വ്വ സംഗമത്തിനാണ് ആകാശം വേദിയാവുക. ഈ ഗ്രഹങ്ങള്‍ക്ക് ഓരോന്നിനും അതിന്റേതായ സ്വഭാവസവിശേഷതകള്‍ ഉണ്ട്. ഗ്രഹണ സമയത്തെ ഇരുണ്ട ആകാശത്തില്‍ ഇവ തിളങ്ങുമെന്നതാണ് പ്രത്യേകത. ഇതിന് പുറമേയാണ് കണ്ണിന് വിരുന്നൊരുക്കി ആകാശത്ത് വാല്‍ നക്ഷത്രം കൂടി വരുന്നത്. രൂപം കാരണം ‘ഡെവിള്‍ കോമറ്റ്’ എന്നറിയപ്പെടുന്ന വാല്‍നക്ഷത്രം 12P/Pons-Brooks, ഭൂമിയ്ക്ക് അരികിലൂടെ കടന്നുപോകാന്‍ ഒരുങ്ങുകയാണ്.
71 വര്‍ഷത്തിലൊരിക്കല്‍ സൂര്യനെ ചുറ്റുന്ന ഈ ധൂമകേതു വ്യാഴത്തിന് സമീപം സ്ഥിതിചെയ്യും. ഒരു ദൂരദര്‍ശിനിയുടെ സഹായമില്ലാതെ വാല്‍നക്ഷത്രം കാണുന്നതിന് പെട്ടെന്നുള്ള പൊടിയും വാതകവും ആവശ്യമായി വന്നേക്കാമെങ്കിലും ശാസ്ത്രലോകം ഏറെ ആകാംക്ഷയോടെയാണ് ഇതിന്റെ വരവിനെ ഉറ്റുനോക്കുന്നത്.
അതേസമയം, പ്രകൃതിയുടെ അപൂര്‍വ പ്രതിഭാസമായ സൂര്യഗ്രഹണം ഏപ്രില്‍ എട്ടിന് ദൃശ്യമാകുന്നതിന് മുന്നോടിയായി നയാഗ്ര മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥ ഉടനടി പ്രാബല്യത്തില്‍ വരും. 2024ലെ ആദ്യ പൂര്‍ണ്ണഗ്രഹണം കാണാന്‍ കാനഡയിലെ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നാണ് നയാഗ്ര എന്നതിനാല്‍ ഒരു ദശലക്ഷത്തോളം ആളുകള്‍ ഈ മേഖലയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇത്രയധികം ആളുകളെ ഉള്‍ക്കൊള്ളാന്‍ നയാഗ്ര തയ്യാറാണെന്ന് ഉറപ്പുവരുത്തുന്നതിനായാണ് മുന്‍കൂട്ടി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്ന് നയാഗ്ര റീജന്‍ ചെയര്‍ ജിം ബ്രാഡ്ലി പറയുന്നു. താമസക്കാരുടെയും സന്ദര്‍ശകരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനും ഏത് സാഹചര്യത്തിലും നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ സംരക്ഷണത്തിനുമാണ് എമര്‍ജന്‍സി മാനേജ്മെന്റ് ആന്റ് സിവില്‍ പ്രൊട്ടക്ഷന്‍ ആക്റ്റിന് കീഴില്‍ അടിയന്തിരാവസ്ഥ നടപ്പിലാക്കിയിരിക്കുന്നത്.
സൂര്യഗ്രഹണ ദിവസം പൊതുജനങ്ങള്‍ ഐഎസ്ഒ 12312-2 അംഗീകൃതമായ എക്ലിപ്‌സ് കണ്ണടകള്‍ മാത്രം മാത്രം ധരിക്കാവൂ എന്നും ജിം ബ്രാഡ്ലി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സാധാരണ സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കരുത്. കൂടാതെ ഹൈവേകളില്‍ യാത്ര ചെയ്യുമ്പോള്‍, ഗ്രഹണം കാണാന്‍ വാഹനം നിര്‍ത്തുകയോ ചിത്രമെടുക്കുകയോ കാറില്‍ നിന്ന് ഇറങ്ങുകയോ ചെയ്യരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഏപ്രില്‍ 5 വെള്ളിയാഴ്ച മുതല്‍ നയാഗ്ര മേഖലയില്‍ ഗതാഗതക്കുരുക്ക് ആരംഭിക്കുമെന്നും ഗ്രഹണസമയം വരെ ഇത് നീണ്ടുനില്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും നയാഗ്ര ഫോള്‍സ് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗ്രഹണാവസാനത്തോടെ സന്ദര്‍ശകര്‍ നയാഗ്രയില്‍ നിന്നും മടങ്ങുന്നതും പ്രദേശത്ത് കനത്ത ഗതാഗത തടസത്തിനു ഇടയാക്കിയേക്കും. ഈ തിരക്ക് നയാഗ്രയിലെ പല പ്രാദേശിക റോഡുകളെയും പ്രവിശ്യാ ഹൈവേകളെയും ബാധിക്കുമെന്നും പൊലീസ് പറയുന്നു.
സൂര്യഗ്രഹണ ദിനത്തില്‍ വലിയ ജനക്കൂട്ടത്തെയും ഗതാഗത തടസ്സത്തെയും പ്രതീക്ഷിക്കുന്നതിനാല്‍ നയാഗ്ര നിവാസികളും സന്ദര്‍ശകരും കുടിവെള്ളം, ഭക്ഷണം, ഇന്ധനം തുടങ്ങിയ അവിശ്യ വസ്തുക്കള്‍ മുന്‍കൂട്ടി കരുതിയിരിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.