വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കന്മാരും അവരുടെ മക്കളും ഒക്കെ പാർട്ടി മാറുന്നതാണ് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ പ്രധാന ചർച്ചാവിഷയം. കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി ബി.ജെ.പി. സ്ഥാനാർഥിയായി ഇത്തവണ പത്തനംതിട്ടയിൽ മത്സരിക്കുന്നുമുണ്ട്. അന്തരിച്ച കോൺഗ്രസ് നേതാവ് കെ. കരുണാകരന്റെ മകൾ പദ്മജ വേണുഗോപാൽ തൃശൂരിലെ ബി.ജെ.പി. സ്ഥാനാർഥി സുരേഷ് ഗോപിയ്ക്ക് വേണ്ടിയാണ് ഈ തിരഞ്ഞെടുപ്പിൽ പ്രവർത്തിക്കുന്നത്.
കാര്യങ്ങൾ ഇങ്ങനെയൊക്കെ പോകുമ്പോഴാണ് ബി.ജെ.പിയുടെ പ്രധാനപ്പെട്ട നേതാവും പാർട്ടിയുടെ സ്ഥാപകരിലൊരാളുമായ എൽ.കെ. അദ്വാനിയുടെ മകൾ പ്രതിഭ അദ്വാനി അമിത് ഷായ്ക്കെതിരെ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നു എന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്.
എന്താണ് ഇതിലെ യാഥാർഥ്യം എന്ന് പരിശോധിക്കാം
‘അദ്വാനിക്ക് ഒപ്പമുള്ള ഫോട്ടോയിൽ അദ്വാനിയുടെ മകൾ പ്രതിഭ ആണ്. ഇവർ അദ്വാനി മത്സരിച്ചിരുന്ന ഗാന്ധിനഗറിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ അമിത് ഷായ്ക്കെതിരെ മത്സരിക്കുകയാണ്.. ഇതിലും വലുതാണോ പദ്മജ. ??’- എന്നാണ് ഫേസ്ബുക്കില്‍ പ്രചരിക്കുന്ന പോസ്റ്റ്. ഇതേ പോസ്റ്റുകള്‍ പലരും ഷെയർ ചെയ്തിട്ടുണ്ട് എന്നും കാണാം.
ഗുജറാത്തിലെ ഗാന്ധിനഗർ ലോക്‌സഭ മണ്ഡലത്തിലാണ് അമിത് ഷായ്ക്കെതിരെ പ്രതിഭ അദ്വാനി മത്സര രംഗത്തിറങ്ങുന്നത് എന്നതാണ് പ്രചരിക്കുന്ന പോസ്റ്റിൽ പറയുന്നത്. അദ്വാനിക്കൊപ്പം നിൽക്കുന്ന പ്രതിഭയുടെ ചിത്രം ചേർത്തുവെച്ചാണ് പ്രചാരണം.
എൽ.കെ. അദ്വാനിയുടെ മകൾ പ്രതിഭ അദ്വാനി കോൺഗ്രസിൽ ചേരുക അമിത് ഷായ്ക്കെതിരെ മത്സരിക്കുക എന്നൊക്കെ പറയുന്നത് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ നിസ്സാരമായ കാര്യമല്ല. വലിയ വാർത്താ പ്രാധാന്യമുള്ള കാര്യമാണ്. കൂടുതൽ അന്വേഷിച്ചപ്പോൾ ഇത്തരത്തിലൊരു വാർത്തയും എവിടെയും പ്രസിദ്ധീകരിച്ചിട്ടില്ല.
അതുമാത്രമല്ല, 2019-ലും ഇതേ പ്രചാരണം നടന്നതായി കണ്ടെത്തി. അന്ന് ഈ പ്രചാരണങ്ങൾ വ്യാജമാണ് എന്നാണ് എൽ.കെ. അദ്വാനിയുടെ ഓഫീസ് മാധ്യമങ്ങളെ അറിയിച്ചത്. പ്രചരിക്കുന്ന ചിത്രം പകർത്തിയത് 2019 നവംബറിലാണ് എന്ന് അന്വേഷണത്തിൽ തെളിഞ്ഞു. എൽ.കെ. അദ്വാനിയുടെ 92-ാം പിറന്നാളുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസിന് അന്ന് നൽകിയ പ്രത്യേക അഭിമുഖത്തിനിടെ എടുത്ത ചിത്രമാണിത്.
1998 മുതൽ 2014 വരെ നടന്ന അഞ്ചു തിരഞ്ഞെടുപ്പുകളിലും എൽ.കെ. ദ്വാനിയായിരുന്നു ഗാന്ധി നഗറിൽനിന്നു ജയിച്ചത്. 2024 ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഗാന്ധി നഗർ മണ്ഡലത്തിൽനിന്നു മത്സരിക്കുന്നത് ഗുജറാത്തിലെ മഹിള കോൺഗ്രസ് നേതാവും എ.ഐ.സി.സി. സെക്രട്ടറിയുമായ സോനൽ പട്ടേൽ ആണ്. 2019-ലെ തിരഞ്ഞെടുപ്പിൽ ഗാന്ധി നഗർ സീറ്റിലേക്ക് മത്സരിക്കാനുള്ള അവസരം ബി.ജെ.പി. നൽകിയത് അമിത് ഷായ്ക്ക് ആണ്. അന്ന് അഞ്ചു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അമിത് ഷാ ജയിച്ചത്. 1989 മുതൽ ബി.ജെ.പിയുടെ കോട്ടയായി നിൽക്കുന്ന മണ്ഡലമാണ് ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗർ ഉൾപ്പെടുന്ന ഈ ലോക്‌സഭാ മണ്ഡലം.
ലഭ്യമായ വിവരങ്ങളിൽ നിന്ന് എൽ.കെ. അദ്വാനിയുടെ മകൾ കോൺഗ്രസിൽ ചേർന്നുവെന്നും ഗുജറാത്തിലെ ഗാന്ധി നഗർ മണ്ഡലത്തിൽ അമിത് ഷായ്ക്കെതിരെ മത്സരിക്കുന്നു എന്നുമുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. അദ്വാനിയുടെ മകൾ പ്രതിഭ അദ്വാനി ഇതുവരെയും രാഷ്ട്രീയ പ്രവേശനം നടത്തിയിട്ടില്ല. സൊനാല്‍ പട്ടേലാണ് ഇവിടെ കോണ്‍ഗ്രസിന്‍റെ സ്ഥാനാർഥി.