ആവശ്യമായ ചേരുവകൾ
ചെറുപയർ പരിപ്പ് – 1/2 കപ്പ് (ചീനചട്ടിയിൽ റോസ്റ്റ് ചെയ്ത ശേഷം കഴുകി എടുത്താൽ രുചി കൂടും)
അരി – 1/2 കപ്പ്
സവാള – 1/4 കപ്പ്
തക്കാളി – 1/2 കപ്പ്
പച്ചമുളക് – 1
ഇഞ്ചി – 1 ടീസ്പൂൺ
കാരറ്റ്, ഉരുളക്കിഴങ്ങ്, പീസ്, ബീൻസ് – ആവശ്യാനുസരണം
തയാറാക്കുന്ന വിധം
പ്രഷർ കുക്കറിൽ രണ്ട് ടേബിൾസ്പൂൺ നെയ്യൊഴിച്ച് ചൂടാകുമ്പോൾ ജീരകം, ബേ ലീഫ് എന്നിവ ചേർക്കുക. ഒരു നുളള് കായപ്പൊടിയും ചേർക്കാം. ഇതിലേക്ക് ഇഞ്ചി, സവാള, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. മുളക് ആവശ്യമെങ്കിൽ മാത്രം ചേർക്കുക. (കുട്ടികൾക്ക് കൊടുക്കുമ്പോൾ ഒഴിവാക്കാം.) ഇതിലേക്ക് തക്കാളി, 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി, 1/2 ടീസ്പൂൺ ഉപ്പ് എന്നിവ ചേർക്കാം. എരിവ് വേണ്ടവർക്ക് 1/4 ടീസ്പൂൺ മുളകുപൊടിയും ചേർക്കാം. പച്ചക്കറികൾ ചേർക്കേണ്ടവർക്ക് ഈ സമയത്ത് ചേർക്കാം. തക്കാളി വെന്തശേഷം കഴുകി വച്ചിരിക്കുന്ന പരിപ്പ് ചേർത്ത് മൂന്ന് മിനിറ്റ് നന്നായി യോജിപ്പിച്ച് എടുക്കാം (വറുത്തതാണെങ്കിൽ വീണ്ടും റോസ്റ്റ് ചെയ്യണ്ട). കഴുകി എടുത്ത അരിയും ഈ കൂട്ടിലേക്ക് ചേർക്കാം.
പ്രഷർ കുക്കറിലേക്ക് 4 കപ്പ് വെള്ളം ഒഴിച്ച് നന്നായി യോജിപ്പിച്ച് അടച്ചുവച്ച് മീഡിയം തീയിൽ 4 വിസിൽ വരെ വേവിച്ച് എടുക്കാം. അധികം വേവ് വേണ്ടാത്തവർക്ക് രണ്ടു വിസിൽ വരെ വേവിച്ചാൽ മതി. സൂപ്പ് പോലെ വേണ്ടവർക്ക് ആവശ്യമെങ്കിൽ തിളച്ച വെള്ളം ചേർത്ത് ഉപയോഗിക്കാം. മുകളിൽ നെയ്യ് തൂവി ചൂടോടെ കഴിക്കാം. പപ്പടവും അച്ചാറും തൈരും ചേർത്തും വിളമ്പാം.