സാക്ഷരതയില്‍ ഒന്നാമത്. ആരോഗ്യ മേഖലയില്‍ ഒന്നാമത്. ബൗദ്ധിക നിലവാരത്തില്‍ ഒന്നാമത്. അങ്ങനെ സമസ്ത മേഖലയിലും ഒന്നാമതാണ് കേരളം. അഹങ്കരിക്കാനും ആഘോഷിക്കാനും നിരവധി ഒന്നാം സ്ഥാനങ്ങളുള്ള കേരളം പക്ഷെ, അന്ധ വിശ്വാസങ്ങളിലും അതുവഴി നടത്തുന്ന നരബലിയിലും ആത്മഹത്യകളിലും കൊലപാതകങ്ങളിലും ഒന്നാമതാണെന്ന് പറയാതെ വയ്യ. ആത്മാക്കള്‍ ശരീരം വിട്ട് പ്രപഞ്ചത്തില്‍ ലയിച്ചു ചേരുന്നത് കാണാന്‍ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും അരുകൊലചെയ്ത കേഡല്‍ ജിന്‍സണെ മറക്കാറായിട്ടില്ല. പത്തനംതിട്ട ഇലന്തൂരിലെ രണ്ടു സ്ത്രീകളുടെ നരബലി മലയാളിയുടെ അന്ധവിശ്വാസത്തിന്റെ ഭൂതബാധയുടെ പൂര്‍ണ്ണതയാണ് വരച്ചിട്ടിരിക്കുന്നത്.
മനുഷ്യന് ചെയ്യാനാകാത്തതെല്ലാം ദൈവത്തിന്റെ നെഞ്ചിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ നോക്കുന്ന സമൂഹത്തിന്റെ വഴിവിട്ട നടത്തമാണ് ഓരോ കൊലപാതകത്തിനും പിന്നിലുള്ളത്. കൊണ്ടോട്ടിയില്‍ നിധി കണ്ടെത്താമെന്ന് പറഞ്ഞാണ് ശകുന്തളയെന്ന് സ്ത്രീയെ പൂജാരി കൊല്ലുന്നത്. കഴിഞ്ഞ ദിവസം മലയാളി ദമ്പതികളെയും സുഹൃത്തായ യുവതിയെയും അരുണാചല്‍ പ്രദേശില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലും പുറത്തു വരുന്നത് മരണാനന്തര ജീവിതം ആഗ്രഹിച്ചവരാണെന്നാണ്. ഭാര്യ ദേവിയെയും സുഹൃത്ത് ആര്യയെയും വിചിത്രവിശ്വാസങ്ങളുടെ വഴിയിലേക്ക് നയിച്ചത് നവീന്‍ ആണെന്നാണ് ലഭിക്കുന്ന സൂചന.
2017 ഏപ്രിലില്‍ ആയിരുന്നു പിശാച് സേവയ്ക്കായി കേഡല്‍ ജിന്‍സണ്‍ നടത്തിയ കൂട്ടക്കൊല. തിരുവനന്തപുരത്തെ നന്ദന്‍കോട് വീട്ടില്‍ നാലു പേരാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. സ്വന്തം മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ ഒരു സ്ത്രീയെയുമാണ് കേഡല്‍ ജിന്‍സണ്‍ കൊന്നുകളഞ്ഞത്. ആസ്ട്രല്‍ പ്രൊജക്ഷന്‍ ഉള്‍പ്പെടെ നിരവധി ദുരൂഹതകള്‍ നിറഞ്ഞ കൊലപാതക പരമ്പരയായിരുന്നു ഇത്. നിരന്തരം ഇന്റര്‍നെറ്റിലൂടെ പിശാചിന്റെ വീഡിയോകളും, ആത്മാക്കളുടെ സഞ്ചാരവുമെല്ലാം ജിന്‍സണ്‍ കാണുമായിരുന്നു. ഇതിനു ശേഷമാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്.
നാലുപേരെയും വളരെ ശാസ്ത്രീയമായി കൊന്നശേഷം ബാത്ത്‌റൂമിലിട്ട് കത്തിക്കുകയായിരുന്നു. ഓരോരുത്തരെയും കൊന്ന ശേഷം ആത്മാവിന്റെ സഞ്ചാരം നടക്കുന്നത് നോക്കിയിരുന്നുവെന്ന് ജിന്‍സണ്‍ പോലീസിനോട് ആദ്യം പറഞ്ഞിരുന്നു. ആത്മാവിന്റെ സഞ്ചാരം ഉറപ്പാക്കാന്‍ ഓരോരുത്തരുടെയും കൊലപാതകം വളറെ സമയമെടുത്താണ് നടത്തിയതെന്നും ജിന്‍സണ്‍ പറഞ്ഞിരുന്നു. എന്നാല്‍, പിന്നീട് ഇയാള്‍ മഴി മാറ്റുകയും ചെയ്തു. നാല് കൊലപാതകങ്ങള്‍ എന്തിനുവേണ്ടി ചെയ്തു എന്നത് ഇന്നും ദുരൂഹമായി തുടരുകയാണ്.
2018 ഓഗസ്റ്റിലാണ് കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ മറ്റൊരു കൂട്ടക്കൊലയുടെ വാര്‍ത്ത പുറത്തു വന്നത്. ഇടുക്കി ജില്ലയിലെ തൊടുപുഴ വണ്ണപ്പുറം കമ്പക്കാനത്ത് ഒരു കുടുംബത്തിലെ നാലു പേരാണ് കൊല്ലപ്പെട്ടത്. വണ്ണപ്പുറം സ്വദേശി കൃഷ്ണനെയും ഭാര്യയെയും രണ്ട് മക്കളെയും കൊന്ന് കുഴിച്ചുമൂടി. മന്ത്രവാദമാണ് കൊലപാതകത്തിലേക്ക് വഴി വെച്ചത്. കൊന്നവര്‍ കൊല ചെയ്യപ്പെട്ടവരുമായി ദീര്‍ഘകാലത്തെ ബന്ധമുള്ളവരായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇരുട്ടിന്റെ ശക്തികളുടെ പ്രീതിക്കായി നരബലി നല്‍കിയ മറ്റൊരു കഥയാണ് മഹാനടന്‍ മോഹന്‍ലാലിന്റെ ജന്‍മനാടായ പത്തനം തിട്ട ഇലന്തൂരില്‍ നിന്നും മലയാളിക്ക് കേള്‍ക്കാനായത്. ചെകിടടഞ്ഞു പോവുകയും, തലയ്ക്ക് മരവിപ്പ് ബാധിക്കുകയും ചെയ്തു പോയ വാര്‍ത്തയാണത്.
കേട്ടവരെല്ലാ ഞെട്ടിപ്പോയി. വീടിന്റെ ഐശ്വര്യം വര്‍ധിപ്പിക്കാന്‍ ആഞ്ഞിലിമൂട്ടില്‍ കടകംപള്ളില്‍ ഭഗവല്‍ സിംഗ്-ലൈലാ ദമ്പതികള്‍ ഷിഹാബ് എന്ന മുഹമ്മദ് ഷാഫിയുടെ കാര്‍മികത്വത്തില്‍ രണ്ട് സ്ത്രീകളെയാണ് തലയറുത്ത് കൊന്നത്. റോസ്ലി, പത്മം എന്നിവരെയാണ് അതി ക്രൂരമായി കഴുത്തറുത്ത് കൊന്നത്. ഇവരുടെ ശരീരം കഷ്ണങ്ങളാക്കി മുറിച്ച് കുഴിച്ചു മൂടുകയും ചെയ്തു. സ്തനങ്ങള്‍ വെട്ടിയെടുത്ത് ഭക്ഷണവുമാക്കി. റോസ്ലിയെ കേസിലെ രണ്ടാം പ്രതി ലൈല കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍, പത്മത്തെ ഷാഫിയാണ് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടതിന് ശേഷം റോസ്ലിയുടെ സ്തനങ്ങള്‍ വെട്ടിമാറ്റിയതായും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
എറണാകുളത്ത് ലോട്ടറി വില്‍പ്പന നടത്തുന്നവരാണ് റോസ്‌ലിയും പത്മവും. ഓരോരുത്തര്‍ക്കും 10 ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് ഷാഫി സ്ത്രീകളെ ലൈംഗിക തൊഴിലാളികള്‍ക്കാന്‍ വശീകരിച്ചത്. ഇരകള്‍ രണ്ടുപേരും ശിരഛേദം ചെയ്യപ്പെടുന്നതിന് മുമ്പ് പീഡനത്തിന് വിധേയരായിട്ടുണ്ട്. പത്മത്തിന്റെ കുടുംബം നല്‍കിയ മിസ്സിംഗ് കേസ് പോലീസ് അന്വേഷിക്കുന്നതിനിടെയാണ് കൊലപാതകം പുറത്തറിയുന്നത്. തമിഴ്നാട്ടിലെ ധര്‍മപുരി സ്വദേശിയായ പത്മം കൊച്ചിയിലായിരുന്നു താമസം. നേരത്തെ മയക്കുമരുന്ന് കടത്ത്, അടിപിടി, ബലാത്സംഗം തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷാഫിയുമായി പത്മത്തിന് ബന്ധമുണ്ടെന്ന് കോള്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് പോലീസ് കണ്ടെത്തി.
‘ശ്രീദേവി’ എന്നപേരില്‍ വ്യാജഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് ഷാഫി സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനായി പൂജാ സേവനങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നത്. ഇലന്തൂരില്‍ ആഭിചാര കര്‍മവും കൊലപാതകവും നേരത്തെയും നടന്നിട്ടുണ്ട്. പരിയാരം പൂക്കോട്ട് കണിയാംകണ്ടത്തില്‍ ശശിരാജ പണിക്കര്‍ എന്ന ഹോമിയോ ഡോക്ടര്‍ നാലര വയസുള്ള തന്റെ മകള്‍ അശ്വനിയെ പീഡിപ്പിച്ചു കൊന്നത്. കാമുകിയായ ചേര്‍ത്തല വാരനാട് ചുങ്കത്തുവിളയില്‍ വീട്ടില്‍ സീനയെ വിവാഹം കഴിക്കാനുള്ള ലക്ഷ്യമായിരുന്നു കൊലക്ക് പിന്നില്‍. ആദ്യ ഭാര്യയെ ഉപേക്ഷിച്ച ശശിരാജ പണിക്കര്‍ കുറിയന്നൂര്‍ കമ്പോത്രയില്‍ സുകുമാരിയമ്മയെ വിവാഹം ചെയ്തു. സുകുമാരിയമ്മ അശ്വനിയെ പ്രസവിച്ചു. ഈ കുട്ടിയെയാണ് ശശിരാജ പണിക്കര്‍ പീഡിപ്പിച്ചു കൊന്നത്.
സ്ത്രീകളെ പീഡിപ്പിച്ച് അതില്‍നിന്നും പ്രത്യേക ആനന്ദം കണ്ടെത്തിയിരുന്ന ശശിരാജ പണിക്കര്‍ ക്രൂരമായ രതി വൈകൃതത്തിന് അടിമയായിരുന്നു. ചേര്‍ത്തല സ്വദേശി സീനയെ പരിചയപ്പെട്ടതോടെ പണിക്കരുടെ ഉള്ളിലെ ഭൂതം പുറത്തു ചാടി. സീനയുമായി പണിക്കര്‍ പരിയാരത്തുള്ള വീട്ടിലെത്തി. മഹാ മാന്ത്രിക സിദ്ധിയുള്ള യുവതിയാണെന്നും ആദരവോടെ മാത്രമെ ഇടപെടാവൂ എന്നുമായിരുന്നു സുകുമാരിയമ്മക്ക് നല്‍കിയിരുന്ന നിര്‍ദേശം. സീനയെ ‘മോളെ’ എന്നുമാത്രമെ അഭിസംബോധന ചെയ്യാവൂ എന്നും നിര്‍ദേശിച്ചിരുന്നു. ഒരു ദിവസം സീന വീടിന്റെ ഉമ്മറത്ത് നിലവിളക്ക് കത്തിച്ചു. വിളക്ക് മൂധേവിക്കു വേണ്ടിയാണെന്നും പറഞ്ഞു.
മൂധേവി കടാക്ഷിച്ചാല്‍ ഐശ്വര്യം പറന്നെത്തും. പക്ഷേ വിളക്കിനെ മറികടക്കാന്‍ പാടില്ല. ദിവസവും മൂധേവിക്ക് വിളക്ക് വെച്ച് പ്രാര്‍ഥിക്കണം. കൂടാതെ ഓരോ ദിവസവും മൂധേവിയുമായുള്ള പെരുമാറ്റത്തെപ്പറ്റി ഡയറി എഴുതണം. കുട്ടി മൂധേവിയെ മറികടന്നാല്‍ ഐശ്വര്യം കുറയും. അറിയാതെ അങ്ങനെ സംഭവിച്ചാല്‍ കുട്ടിയെ പണിക്കര്‍ മര്‍ദിച്ച് ശാപം അകറ്റും. ഇതിനിടയില്‍ കുട്ടിയുടെ ശരീരമാസകലം സിഗരറ്റ് കുറ്റികൊണ്ടുള്ള പൊള്ളലേല്‍പ്പിക്കും. ഇത് വലിയ വൃണമായി മാറി. ഒടുവില്‍ ശരീരത്തിലെ വൃണത്തിലേക്ക് അണുക്കള്‍ വ്യാപിച്ചു. വൈകാതെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
കൊണ്ടോട്ടി സ്വദേശിനിയായ ശകുന്തളയെ നിധി കണ്ടെത്താന്‍ സഹായിക്കാമെന്ന് പറഞ്ഞാണ് ക്ഷേത്രം പൂജാരി കൊന്നത്. ഇക്കാര്യം പൂജാരി തന്നെ പോലീസിനോട് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ശകുന്തളയുടെ വീട്ടുപറമ്പില്‍ നിധിയുണ്ടെന്നും അത് കണ്ടെത്താന്‍ പൂജ നടത്തണം എന്നും പറഞ്ഞായിരുന്നു കൊണ്ടോട്ടി അന്തിയൂര്‍ക്കാവ് ക്ഷേത്രത്തിലെ പൂജാരി ദുര്‍ഗ്ഗ പ്രസാദ് അരും കൊല നടത്തിയത്. ഇതിന് കൂട്ടുനിന്നത് ദുര്‍ഗ്ഗാ പ്രസാദിന്റെ ഭാര്യയും. ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങിയ ശകുന്തളയുടെ മൃതദേഹം കുറ്റ്യാടി പുഴയില്‍ ചീക്കില്‍ കെട്ടിയ നിലയിലാണ് കണ്ടെത്തിയത്.
നിധി കണ്ടെത്തുന്നതിനായി ശകുന്തളയുടെ വീട്ടില്‍ വച്ച് തന്നെ ദുര്‍ഗ്ഗാപ്രസാദ് ചില പൂജകള്‍ നടത്തിയിരുന്നു. എന്നാല്‍ അന്തിമ പൂജകള്‍ കുറ്റ്യാടിയിലെ തന്റെ വീട്ടില്‍ വച്ച് നടത്തണം എന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ഇതിനായി കുറ്റ്യാടിയിലെത്തിയ ശകുന്തളയെ പൂജക്കിടെ തന്നെയാണ് ദുര്‍ഗ്ഗാപ്രസാദും ഭാര്യ അശ്വതിയും ചേര്‍ന്ന് ശ്വാസംമുട്ടിച്ച് കൊന്നത്. നാല്‍പതിനായരം രൂപയും ആറ് പവന്റെ സ്വര്‍ണാഭരണങ്ങളും ശകുന്തളയില്‍ നിന്ന് ഇവര്‍ തട്ടിയെടുക്കുകയും ചെയ്തു.
സമാനമായ സംഭവങ്ങള്‍ കേരളത്തില്‍ അരങ്ങേറുന്നുണ്ട് എന്നത് സത്യമാണ്. പല സംഭവങ്ങളും പുറംലോകമറിയാതെ പോകുന്നുണ്ട്. ആയുര്‍വേദ ഡോക്ടര്‍മാരായ കോട്ടയം മീനടം നെടുംപൊയ്കയില്‍ നവീന്‍ തോമസ് (39), ഭാര്യ വട്ടിയൂര്‍ക്കാവ് മൂന്നാംമൂട് അഭ്രകുഴി എംഎംആര്‍എ സിആര്‍എ കാവില്‍ ദേവി (41), വട്ടിയൂര്‍ക്കാവ് മേലത്തുമേലെ എംഎംആര്‍എ 198 ശ്രീരാഗത്തില്‍ ആര്യ ബി. നായര്‍ (29) എന്നിവരുടെ മരണവും പറഞ്ഞു വെയ്ക്കുന്നത് അന്ധവിശ്വാസത്തിന്റെ മരണ ദിനങ്ങളാണ്. പരലോകം എന്നത് സത്യമാണെന്നും അവിടെ ജീവിക്കുന്നവരുണ്ടെന്നും നവീന്‍ യുവതികളെ വിശ്വസിപ്പിച്ചിരുന്നു എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. മരണശേഷം അവിടേക്ക് പോകാമെന്ന് പറഞ്ഞ് ഇരുവരെയും പ്രലോഭിപ്പിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്. നവീന്‍ മൃതദേഹത്തിന്റെയും രക്തത്തുള്ളികളുടെയും ചിത്രങ്ങള്‍ ആര്യയ്ക്ക് അയച്ചുകൊടുത്തിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുകയാണ്.
ആഭിചാരക്രീയകള്‍ക്കു മാത്രമല്ല, സ്വത്തിനും, ലൈംഗിക ചൂഷണത്തിനും വരെ അരും കൊലകള്‍ കേരളത്തില്‍ നടക്കുന്നുണ്ട്. കൂടത്തായി കൊലപാതകം കേരള ജനതയെ ഞെട്ടിച്ചതാണ്. വളരെ ആസൂത്രിതമായി ഒരു കുടുംബത്തിലെ ആറു പേരെ പല കാലങ്ങളിലായി കൊന്നു തള്ളുകയും 17 വര്‍ഷങ്ങള്‍ക്കു ശേഷം ആ കൊലപാതകങ്ങള്‍ തെളിയിക്കപ്പെടുകയും ചെയ്യുന്നു. കേരളത്തിന്റെ ചരിത്രത്തിലെ തന്നെ വിചിത്രമായ ഒരു കേസ്. 2008ല്‍ പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത ആമയൂരില്‍ കാമുകിക്കൊപ്പം ജീവിക്കാനായി റെജി എന്ന യുവാവ് നിഷ്‌കരുണം കൊന്നു തള്ളിയത് തന്റെ ഭാര്യയെയും മൂന്ന് മക്കളെയുമായിരുന്നു. ഭാര്യ ലിസി(38), മക്കളായ അമലു(12), അമല്‍ (10), അമല്യ(8) എന്നിവരാണ് കൊല ചെയ്യപ്പെട്ടത്.
2014 ഏപ്രില്‍ 14ന് ടെക്‌നോപാര്‍ക്ക് ജീവനക്കാരിയായ അനുശാന്തിയും കാമുകന്‍ ലിനോ മാത്യുവും ചേര്‍ന്ന് നടപ്പാക്കിയ ഇരട്ടക്കൊലയാണ് മറ്റൊന്ന്. അവര്‍ കൊന്നുകളയാന്‍ തീരുമാനിച്ചത് അനുശാന്തിയുടെ ഭര്‍ത്താവ് ലിജേഷിനെയും കുഞ്ഞ് സ്വസ്തികയെയും ഭര്‍തൃമാതാവ് ഓമനയെയുമായിരുന്നു. എന്നാല്‍ ലിജീഷ് ലിനോ മാത്യുവിന്റെ കൊലപാതക ശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടപ്പോള്‍ കൊല്ലപ്പെട്ടത് ഓമനയും സ്വസ്തികയുമായിരുന്നു. 2018 ഫെബ്രുവരിയില്‍ സ്വന്തം സഹോദരന്‍ ശിവന്‍, അയാളുടെ ഭാര്യ വത്സ, മകള്‍ രേഷ്മ എന്നിവരെയാണ് അറയ്ക്കല്‍ വീട്ടില്‍ ബാബു വെട്ടിക്കൊലപ്പെടുത്തിയത്. സ്വത്തുതര്‍ക്കമായിരുന്നു കൊലപാതകത്തിനു കാരണം. മറ്റ് സഹോദരങ്ങളായ ഷിബുവിനേയും ഷാജിയേയും അവരുടെ ഭാര്യമാരേയും കൂടി കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടിരുന്നു എന്നാണ് ബാബു പിന്നീട് പോലീസിനോട് പറഞ്ഞത്.
സമീപകാലത്ത് കേരളത്തെ ഏറെ ഞെട്ടിച്ച കൊലപാതക പരമ്പരയായിരുന്നു കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ നടന്നത്. ഒരു കുടുംബത്തിലെ നാലു പേരാണ് കൊല്ലപ്പെട്ടത്. കൊലപാതകങ്ങള്‍ നടത്തിയത് ഒരു യുവതി ആയിരുന്നു. 2012 സെപ്തംബര്‍ മുതല്‍ നടന്ന നടന്ന കൊലപാതകങ്ങള്‍ക്കൊടുവില്‍ 2018ല്‍ കേസിലെ പ്രതിയായ സൗമ്യ പിന്നീട് ജയില്‍ വളപ്പില്‍ ആത്മഹത്യ ചെയ്തു. സ്വന്തം മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും അടക്കം പല കാലങ്ങളിലായി വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകമായിരുന്നു ഇത്.
ഇങ്ങനെ കൊലപാതകങ്ങളിലും ആഭിചാരക്രീയകളിലും നരബലികളിലും ആനന്ദം കണ്ടെത്തുന്ന പ്രാകൃത മനുഷ്യരുടെ കൂടാരമാണ് കേരളം. ദൈവത്തിനു വേണ്ടി മനുഷ്യരും, മനുഷ്യര്‍ക്കു വേണ്ടി ദൈവവും നടത്തുന്ന കൊലപാതകങ്ങള്‍ ഇനിയും ഉണ്ടായിക്കൊണ്ടേയിരിക്കും. കേരളം ഏതു മേഖലയിലും നമ്പര്‍വണ്‍ ആയാലും ഇതിനു മാത്രം ഒരു കുറവും ഉണ്ടാകില്ല.