സുഗന്ധഗിരി മരംമുറിക്കേസിലെ ആറ് പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കല്‍പ്പറ്റ കോടതി ഇന്ന് വിധി പറയും. ഇന്നലെ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം പൂര്‍ത്തിയാക്കിയിരുന്നു. വീടിന് മുകളിലേക്ക് ചരിഞ്ഞു നില്‍ക്കുന്ന 20 മരംമുറിക്കാന്‍ കിട്ടിയ അനുമതിയുടെ മറവില്‍ കൂടുതല്‍ മരം മുറിച്ചു കടത്തിയെന്നാണ് കേസ്. മരത്തിന്റെ കൂടുതല്‍ ഭാഗം ഇനിയും കണ്ടെത്താനുണ്ട്.
വാര്യാട് സ്വദേശി ഇബ്രാഹിം, മീനങ്ങാടി സ്വദേശി അബ്ദുല്‍ മജീദ്, മാണ്ടാട് സ്വദേശി ചന്ദ്രദാസ്, മണല്‍വയല്‍ സ്വദേശി അബ്ദുന്നാസര്‍, കൈതപ്പൊയില്‍ സ്വദേശി അസ്സന്‍കുട്ടി, എരഞ്ഞിക്കല്‍ സ്വദേശി ഹനീഫ എന്നിവരാണ് ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുള്ളത്. അതേസമയം, സുഗന്ധഗിരി മരംമുറി കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ വനം വകുപ്പ് നിയോഗിച്ചിരിക്കുകയാണ്. മൂന്ന് ഫ്‌ളയിങ് സ്‌ക്വാഡ് ഡിഎഫ്ഒമാരെ പ്രത്യേക അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തി.
എന്നാല്‍, വനം വകുപ്പിലെ ജീവനക്കാരുടെ സംഘടനകള്‍ തമ്മിലുള്ള ശീതസമരം അന്വേഷണത്തിന് വെല്ലുവിളിയാകുന്നുണ്ട്. ശീതസമരം രൂക്ഷമായ സാഹചര്യത്തിലാണ് ഉന്നത തല സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചത്. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് മരംമുറിയില്‍ പങ്കുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കോഴിക്കോട് വനം വിജിലന്‍സിന്റെ ചുമതലയുള്ള കോട്ടയം ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഇവാല്വേഷന്‍ സിഎഫ് നീതുലക്ഷ്മിയാണ് അന്വേഷണ സംഘത്തെ നയിക്കുന്നത്.
മുറിച്ചത് പാഴ്മരങ്ങളാണെങ്കിലും വലിയ പൊല്ലാപ്പിലാണ് വനംവകുപ്പ്. അനധികൃതമായി മുറിച്ചത് 80ല്‍ അധികം മരങ്ങളാണ്. ഇതിന് ഒത്താശ ചെയ്തവരില്‍ വനംവകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരുമുണ്ടെന്ന് കണ്ടെത്തിയതാണ് വനം വകുപ്പിന് നാണക്കേടായത്. കല്‍പ്പറ്റ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസറെയും രണ്ടു വാച്ചര്‍മാരെയും സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത് ഇതിന് പിന്നാലെയാണ്.
സെക്ഷന്‍ ഓഫീസര്‍ കെ.കെ. ചന്ദ്രന്‍ കേരള ഫോറസ്റ്റ് പ്രടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ ഭാരവാഹിയാണ്. ഇതേ സംഘടനയില്‍ അംഗമായ വാച്ചര്‍ ജോണ്‍സണെയും നടപടിക്കു വിധേയമാക്കി. അനധികൃത മരംമുറി മറച്ചുവെച്ചു, കല്‍പ്പറ്റ റേഞ്ചര്‍ അന്വേഷിക്കാന്‍ നിയോഗിച്ചപ്പോള്‍ തെറ്റായ റിപ്പോര്‍ട്ട് നല്‍കി എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ഇത് രണ്ടും പരിഗണിച്ചാണ് നടപടി. പട്രോളിങ് നടത്തിയില്ല, മേലധികാരികള്‍ ശ്രദ്ധിച്ചില്ല തുടങ്ങിയ ആരോപണങ്ങള്‍ കൂടി വന്ന സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘത്ത നിയോഗിച്ചത്.
ഫ്‌ളയിങ് സ്വകാഡ് ഡിഎഫ്ഒമാരായ മനു സത്യന്‍, ഇംതിയാസ് എ.പി., അജിത് കെ.രാമന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. മുറിച്ചു കടത്തിയ മരങ്ങള്‍ മുഴുവനും കണ്ടെത്തുക, പ്രതികള്‍ ആറില്‍ കൂടുതലുണ്ടെങ്കില്‍ കണ്ടെത്തുക, മരംമുറിയില്‍ പങ്കുള്ള വനംവകുപ്പിലെ ഉദ്യോഗസ്ഥരെ കണ്ടെത്തുക എന്നിവയാണ് അന്വേഷണ സംഘത്തിന് മുന്നിലെ ലക്ഷ്യങ്ങള്‍.