കൽപറ്റ: ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കളക്ടർ ഡോ. രേണുരാജിന് മുമ്പാകെ ബുധനാഴ്ച ഉച്ചയോടെയാണ് അദ്ദേഹം പത്രിക നൽകിയത്. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും കെട്ടുറപ്പിനെ വിളിച്ചോതി ആയിരങ്ങൾ അണിനിരന്ന റോഡ് ഷോയ്ക്ക് ശേഷമാണ് രാഹുൽ കളക്ടറേറ്റിലെത്തിയത്.
വൻ ജനാവലിയുടെ അകമ്പടിയോടെയാണ് നാമനിർദേശപത്രിക സമർപ്പിച്ചത്. ബുധനാഴ്ച രാവിലെ 10.40-ഓടെയാണ് മൂപ്പൈനാട് റിപ്പൺ തലക്കൽ സ്കൂളിലെ ഗ്രൗണ്ടിൽ രാഹുലും പ്രിയങ്കയും ഹെലികോപ്ടറിൽ വന്നിറങ്ങിയത്. വലിയ വരവേൽപ്പാണ് ഇരുവർക്കും പ്രവർത്തകർ നൽകിയത്. രാഹുലിനെയും പ്രിയങ്കയെയും കാണാൻ നൂറുകണക്കിന് പ്രവർത്തകരാണ് കാത്തിരുന്നത്.
ജനക്കൂട്ടത്തെ ഇരുവരും അഭിവാദ്യംചെയ്തതോട പ്രവർത്തകർ ആവേശത്തിലായി. പിന്നീട് നാമനിർദേശപത്രിക സമർപ്പിക്കാൻ മേപ്പാടിയിൽനിന്ന് കല്പറ്റയിലേക്ക് തുറന്നവാഹനത്തിലാണ് ഇരുവരും പുറപ്പെട്ടത്. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് പ്രവർത്തകർ റോഡ്ഷോയിൽ പങ്കെടുക്കാനായി ഒഴുകിയെത്തി.
സഹോദരിയും എ.ഐ.സി.സി. ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും എ.ഐ.സി.സി. സെക്രട്ടറി കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളും അദ്ദേഹത്തൊപ്പം ഉണ്ടായിരുന്നു.കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും കെട്ടുറപ്പിനെ വിളിച്ചോതി ആയിരങ്ങൾ അണിനിരന്ന റോഡ് ഷോയ്ക്ക് ശേഷമാണ് രാഹുൽ കളക്ടറേറ്റിലെത്തിയത്.
പ്രവർത്തകരെ ഇളക്കിമറിച്ചാണ് റോഡ് ഷോ വിവിധയിടങ്ങളിലൂടെ കടന്നുപോയത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി. ആക്ടിങ് പ്രസിഡന്റ് എം.എം. ഹസൻ, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളും റോഡ് ഷോയിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.