ആർമി മെഡിക്കൽ കോർപ്‌സിൻ്റെ 260-ാമത് സ്ഥാപക ദിനം ഇന്ന് (ഏപ്രിൽ 03) തിരുവനന്തപുരം സൈനിക ആശുപത്രിയിൽ ആഘോഷിച്ചു, ചടങ്ങിൽ വിവിധ സേനാ വിഭാഗങ്ങളിൽ നിന്നുള്ള നിരവധി ഉദ്യോഗസ്ഥർ പങ്കെടുത്തു. ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ബി മണികണ്ഠൻ മുഖ്യാതിഥിയായിരുന്നു. സൈനിക മെഡിക്കൽ സർവീസസ് ഓഫീസർമാരുടെ സേവനത്തെ അദ്ദേഹം അഭിനന്ദിക്കുകയും രോഗികളുടെ മെച്ചപ്പെട്ട പരിചരണത്തിനായി നിരന്തരമായ നവീകരണത്തിന് ഊന്നൽ നൽകുന്നതിനെ അഭിനന്ദിക്കുകയും ചെയ്തു.
പാങ്ങോട് സൈനിക കേന്ദ്ര മേധാവി ബ്രിഗേഡിയർ സലിൽ എം.പി, മികച്ച ഉപഭോക്തൃ സംതൃപ്തിക്ക് തൻ്റെ പിന്തുണ ഉറപ്പുനൽകി. എല്ലാ മെഡിക്കൽ സർവീസസ് ഓഫീസർമാരുടെയും നിസ്വാർത്ഥ സേവനത്തിനും അർപ്പണബോധത്തിനും തിരുവനന്തപുരം ആർ.സി.സി ഡയറക്ടർ രേഖ എ.നായർ അഭിനന്ദനം അറിയിച്ചു. പള്ളിപ്പുറം (സിആർപിഎഫ്) കോമ്പോസിറ്റ് ഹോസ്പിറ്റൽ മെഡിക്കൽ ഡിഐജി നക്കീരൻ സൈനിക ആശുപത്രി ടീമിന് ആവശ്യമായ സമയത്ത് നിരുപാധിക പിന്തുണ ഉറപ്പുനൽകി. തിരുവനന്തപുരം മിലിട്ടറി ഹോസ്പിറ്റലിലെ കമാൻഡിംഗ് ഓഫീസർ കേണൽ സുധീർ ആനയത്ത് മുഴുവൻ അതിഥികൾക്കും അവരുടെ വിലയേറിയ സാന്നിധ്യത്തിന് നന്ദി അറിയിക്കുകയും തുടർ ചികിത്സാ പിന്തുണ ഉറപ്പ് നൽകുകയും ചെയ്തു.
ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കാലത്ത് 1700-കളിൽ ഉത്ഭവിച്ച ആർമി മെഡിക്കൽ കോർപ്സ് ഇന്നു രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി 135-ലധികം ആശുപത്രികളിലും 99 ഫീൽഡ് ഹോസ്പിറ്റലുകളിലുമായി
7000-ലധികം ഓഫീസർമാരും 65000 മറ്റ് ഉദ്യോഗസ്ഥരുമായി ഉയർന്നു നിൽക്കുന്നു. 1951 ഏപ്രിൽ 01-ന് തിരുവനന്തപുരം സൈനിക്താവളത്തിൽ 20 കിടക്കകളുള്ള സൈനിക ആശുപത്രി ആരംഭിച്ചു.
74 വർഷത്തിനിടയിൽ, സി.ടി സ്കാൻ ഡിപ്പാർട്ട്‌മെൻ്റ് ഉൾപ്പെടെ എല്ലാ അടിസ്ഥാന സ്പെഷ്യാലിറ്റികളുമുള്ള, 123 കിടക്കകളുള്ള ആശുപത്രിയായി വളർന്നു. കേരളത്തിൻ്റെ തെക്കൻ ഭാഗത്തും തമിഴ്‌നാടിൻ്റെ അയൽ ജില്ലകളിലും സേവനമനുഷ്ഠിക്കുന്ന വ്യക്തികൾ, ആശ്രിതർ, വേർപിരിഞ്ഞ കുടുംബങ്ങൾ, വിമുക്തഭടന്മാർ എന്നീ ഒരു വലിയ വിഭാഗക്കാർക്ക് സേവനം നൽകി വരുന്നു പാങ്ങോട് സൈനിക ആശുപത്രി.