തിരുവനന്തപുരം: താപനില ഉയരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വേനല്‍ കൂടുതൽ ശക്തമായതോടെ ഏപ്രിൽ 7 വരെ വിവിധ ജില്ലകളിൽ സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. കൊല്ലം, പാലക്കാട് ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും, കോഴിക്കോട് 38 ഡിഗ്രി വരെയും, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി വരെയും, കോട്ടയം, തൃശ്ശൂർ, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും.
താപനില ഉയരുന്ന 11 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പരമാവധി ശുദ്ധജലം കുടിക്കണം. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കണം. അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണം.
പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകളും കുടയും തൊപ്പിയും ഉപയോഗിക്കുന്നതു ചൂടിനെ പ്രതിരോധിക്കും. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. നേരിട്ടു സൂര്യപ്രകാശം ഏല്‍ക്കുന്നതു പരമാവധി ഒഴിവാക്കണമെന്നു ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
Read also :പശുവിനെ മേയ്ക്കാൻപോയ ആൾ ചെളികുഴിയിൽ മരിച്ചനിലയിൽ