വേനലവധിക്കാലം കുട്ടികൾക്ക് വിശ്രമവും ഉല്ലാസവുമാക്കാൻ കിളിക്കൂട്ടം 2024 എന്ന പേരിൽ ഏപ്രിൽ മെയ് മാസങ്ങളിൽ സംസ്ഥാന ശിശുക്ഷേമ സമിതി തൈക്കാട് സമിതി ആസ്ഥാനത്തെ അങ്കണത്തിൽ സംഘടിപ്പിക്കുന്ന അവധിക്കാല കൂട്ടായ്മയുടെ ഉദ്ഘാടനം നടി ദർശന രാജേന്ദ്രൻ നാളെ രാവിലെ 11.30-ന് നിർവഹിക്കും.
കുട്ടികളിലെ മാനസ്സീക, ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനോടൊപ്പം അവരുടെ അസാധാരണമായ കഴിവുകൾ മിനുസപ്പെടുത്തി പ്രകടിപ്പിക്കാനുള്ള ഒരു വേദി കൂടി ഒരുക്കുകയാണ് ക്യാമ്പിലൂടെ സമിതി ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി പത്രക്കുറിപ്പിൽ അറിയിച്ചു. കുട്ടികൾക്കിണങ്ങിയ ഇന്ത്യ എന്നതാണ് ഏപ്രിൽ 3 മുതൽ മെയ് 25 വരെ നീളുന്ന കിളിക്കൂട്ടം 2024-ൻറെ ക്യാമ്പിൻറെ സന്ദേശം.
വിവിധ പഠ്യേതര വിഷയങ്ങൾക്കു പുറമെ സർഗ്ഗാത്മക കഴിവുകൾ വികസിപ്പിച്ചെടുക്കുന്നതിനായി അഭിനയം, പ്രസംഗം, സംഗീതം, നൃത്തം, ചിത്രരചന, വാദ്യോപകരണങ്ങൾ, ഒറിഗാമി, ശാസ്ത്രം, ഗണിതം, ദിനപത്രനിർമ്മിതി, ചലച്ചിത്ര നിർമ്മാണം, മാജിക്, യോഗ, കരാട്ടെ ഇവയിൽ പരിശീലനവും കൂടാതെ വിശിഷ്ട വ്യക്തികളുമായി സംവാദം, ഗുരുവന്ദനം, വിനോദയാത്ര, ഭാഷാപഠനം, കാർഷികം, പരിസ്ഥിതി, തൊഴിൽ അറിവ്, പഠനം എങ്ങനെ രസകരമാക്കാം ഇവയെല്ലാം ക്യാമ്പിൻറെ ഭാഗമായിരിക്കുമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.