സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍ പേഴ്‌സണ്‍ നിമനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യമന്ത്രിക്ക് വിയോജനക്കുറിപ്പ് നല്‍കി. നിയമനത്തെ ശഖ്തമായി എതിര്‍ക്കുന്നുവെന്നാണ് കുറിപ്പില് പറയുന്നത്. നിലവിലുള്ള കീഴ് വഴക്കങ്ങള്‍ പാലിച്ചില്ല എന്നാണ് പ്രധാന ആരോപണം.
വിയോജനക്കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ:
കേരള ഹൈക്കോടതി റിട്ട. ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സനാക്കാനുള്ള നിര്‍ദ്ദേശം ഞാന്‍ ശക്തമായി എതിര്‍ക്കുന്നു. നിലവിലുള്ള കീഴ് വഴക്കങ്ങള്‍ അനുസരിച്ച് അര്‍ഹരായവരുടെ പേരും അനുബന്ധ വിവരങ്ങളും പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള മറ്റ് അംഗങ്ങളെ അറിയിച്ച് അവരുടെ അഭിപ്രായം ആരാഞ്ഞ ശേഷമെ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സനെ തെരഞ്ഞെടുക്കാറുള്ളൂ.
എന്നാല്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ സമിതി അംഗമായ എനിക്ക് അര്‍ഹരായവരുടെ പേരും അനുബന്ധ വിവരങ്ങളും മുന്‍കൂട്ടി ലഭ്യമാക്കാതെ, തികച്ചും ഏകപക്ഷീയമായി ഒരു പേര് മാത്രം യോഗത്തില്‍ അറിയിച്ചത് ജനാധിപത്യ വിരുദ്ധവും ദുരൂഹവുമാണെന്ന് അറിയിക്കുന്നു. ജസ്റ്റിസ് എസ്. മണികുമാര്‍ കേരള ഹൈക്കേടതിയില്‍ ചീഫ് ജസ്റ്റിസായിരുന്ന കാലയളവില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍, മനുഷ്യാവകാശ കമ്മീഷന് ആവശ്യമായ രീതിയില്‍ നിഷ്പക്ഷവും നീതിയുക്തവുമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമോയെന്ന ഉത്കണ്ഠയുണ്ട്.
വിശദ വിവരങ്ങള്‍ പോലും മുന്‍കൂട്ടി നല്‍കാതെ സര്‍ക്കാര്‍ ഏകപക്ഷീയമായെടുത്ത തീരുമാനം മേല്‍പ്പറഞ്ഞ സംശയം ബലപ്പെടുത്തുന്നതാണ്. റിട്ട. ജസ്റ്റിസ് മണികുമാറിനെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണായി നിയമിക്കാനുള്ള തീരുമാനം അടിച്ചേല്‍പ്പിച്ചത് അംഗീകരിക്കാനാകില്ല.
മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കേണ്ടതായ ഉന്നത സ്ഥാനത്തേക്ക് ജനാധിപത്യ മൂല്യങ്ങള്‍ ഹനിച്ചുകൊണ്ട് എടുക്കുന്ന തീരുമാനത്തില്‍ ഞാന്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നു.