തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനായി ജസ്റ്റിസ് എസ്. മണികുമാറിനെ നിയമിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കുകയായിരുന്നു. കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസായിരുന്നു മണികുമാര്‍. സംസ്ഥാന സർക്കാരിന്‍റെ ശുപാർശ തള്ളണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവർണർക്ക് കത്ത് നൽകിയിരുന്നു.
മുഖ്യമന്ത്രി, നിയമസഭാ സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ സമിതിയാണ് മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ ചേർന്ന സെലക്ഷൻ കമ്മിറ്റിയിലും പ്രതിപക്ഷ നേതാവ് വിയോജനക്കുറിപ്പെഴുതിയിരുന്നു. വിവാദങ്ങളെ തുടർന്ന് ഏഴുമാസമായി ഗവർണർ ശുപാർശ ഒപ്പിട്ടിരുന്നില്ല. ഗവർണക്കെതിരെ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലും ശുപാർശ അംഗീകരിക്കാത്ത കാര്യം ചൂണ്ടികാട്ടിയിരുന്നു.
നിയമപോരാട്ടങ്ങള്‍ നടക്കുന്നതിനിടെയാണ് ശുപാർശ ഗവർണർ അംഗീകരിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻെറ അംഗീകാരത്തോടെ നിയമന ഉത്തരവ് സർക്കാർ പുറത്തിറക്കും.
കഴിഞ്ഞ സെപ്റ്റംബറിലാണ് സര്‍ക്കാര്‍, ജസ്റ്റിസ് മണികുമാറിനെ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനായി നിയമിക്കാന്‍ ശുപാര്‍ശ നല്‍കിയത്.