കൊച്ചി: തൃശൂരില്‍ ഒഡീഷ സ്വദേശിയായ യാത്രക്കാരന്‍ ട്രെയിനില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വിനോദിന് അന്ത്യോപചാരമര്‍പ്പിച്ച് ആയിരങ്ങൾ. മൃതദേഹം മഞ്ഞുമ്മലിലെ വീട്ടിലെത്തിച്ചപ്പോൾ വികാരഭരിതമായാണ് ബന്ധുക്കളും സുഹൃത്തുക്കളും സ്വീകരിച്ചത്. അവസാനമായി വിനോദിനെ ഒന്ന് കാണാനും അന്തിമോപചാരം അർപ്പിക്കാനും നിരവധിപ്പേര്‍ വീട്ടിലേക്ക് എത്തിയിരുന്നു.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷമാണ് മൃതദേഹം വീട്ടിലേക്ക് എത്തിച്ചത്. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ഏലൂർ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. നാട്ടുകാര്‍, സഹപ്രവര്‍ത്തകര്‍, റെയില്‍വേ ഉദ്യോഗസ്ഥര്‍, മന്ത്രി പി. രാജീവ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ തുടങ്ങി നിരവധി പേരാണ് വിനോദിന്റെ വീട്ടിലെത്തിയത്.
തൃശ്ശൂര്‍ വെളപ്പായയില്‍ വെച്ച് ചൊവ്വാഴ്ച രാത്രിയാണ് ദാരുണമായ കൊലപാതകം നടന്നത്. എറണാകുളം-പട്‌ന എക്‌സ്പ്രസില്‍ നിന്നാണ് വിനോദിനെ തള്ളിയിട്ടത്. ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്കെത്തിയത്. എസ് 11 കോച്ചില്‍വെച്ചാണ് സംഭവമുണ്ടായത്. എറണാകുളം സ്വദേശിയായ വിനോദ് ഈറോഡ് വരെയുള്ള ഡ്യൂട്ടിയിലാണ് കയറിയിരുന്നത്.
വിനോദിനെ ട്രെയിനിൽ നിന്നും തള്ളിയിട്ടുകൊന്ന പ്രതിക്കെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തത്. കൊല്ലണമെന്ന ഉദ്ദേശത്തോടുകൂടി പ്രതി രജനികാന്ത് വിനോദിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ടെന്നും തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുളളത്.