ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലേക്ക് വലിയ പ്രതീക്ഷകളോടെയായിരുന്നു മിച്ചൽ സ്റ്റാർക്കിനെ കൊൽക്കത്ത ടീമിലെത്തിച്ചത്. കൂടുതൽ മത്സരങ്ങളും ഹോം ഗ്രൗണ്ടായ ഈഡൻ ഗാർഡൻസിൽ പേസിനെ തുണയ്ക്കുന്ന പിച്ചിൽ സ്റ്റാർക്കിനു തിളങ്ങാനാവുമെന്ന കണക്കു കൂട്ടലോടെയായിരുന്നു അത്.
തങ്ങളുടെ പഴ്സിലെ വലിയൊരു ശതമാനം തുകയും ചെലവാക്കിയത് സ്റ്റാർക്കിനായി തന്നെയായിരുന്നു. ഐപിൽ ലെ തന്നെ ഏറ്റവും വിലയേറിയ താരമെന്ന സമ്മർദം പേറി കളത്തിറങ്ങിയ സ്റ്റാർക്കിന്റെ പ്രകടനം ശരാശരിയിലും താഴെയായി. 24.75 കോടിക്കാണ് സ്റ്റാർക്കിനെ കൊൽക്കത്ത സ്വന്തമാക്കിയത്.
ആദ്യ മത്സരത്തിൽ ചിന്നസ്വാമിയിൽ 4 ഓവറിൽ 47 റൺ വിട്ടുകൊടുത്ത സ്റ്റാർക് രണ്ടാം മത്സരത്തിൽ ഹോം ഗ്രൗണ്ടായ ഈഡൻ ഗാര്ഡൻസിൽ ഹൈദരാബാദ് ബാറ്റർമാരുടെ വില്ലോയുടെ ചൂടറിഞ്ഞു. ഈ മത്സരത്തിൽ 4 ഓവറിൽ 53 റൺസാണ് സ്റ്റാർക് വിട്ടുകൊടുത്തത്. രണ്ടു മത്സരങ്ങളിൽ നിന്നും ഒരു വിക്കറ്റ് പോലും നേടാനായില്ല.
യുവ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഹർഷിത് റാണയുടെ പ്രടകനത്തിന്റെ പിന്ബലത്തിലായിരുന്നു ആവേശകരമായ രണ്ടാം മത്സരത്തിൽ കൊൽക്കത്ത ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. മോഹിപ്പിക്കുന്ന തുകക്ക് കൂടാരത്തിലെത്തിച്ച ലോകകപ്പ് ജേതാവ് കൂടിയായ സ്റ്റാർക്കാണ് കെകെആർ ബൗളിംഗ് നിരയുടെ കുന്തമുനയാകേണ്ടിയിരുന്നത്. എന്നാൽ കഴിഞ്ഞ രണ്ടു മല്സരങ്ങൾ വിലയിരുത്തിയാൽ കാര്യങ്ങൾ അങ്ങനെയല്ല.
മല്സരങ്ങൾ ഇനിയും വരാനിരിക്കെ കഴിവിനൊത്ത പ്രകടനം സ്റ്റാർക്കിൽ നിന്നും ഉണ്ടാകാതിരുന്നാൽ ഒരുപക്ഷെ മറ്റൊരു ബൗളറെ പരീക്ഷിക്കാൻ പോലും നിര്ബന്ധിതരാവും കെകെആർ മാനേജ്‌മന്റ്.