തിരുവനന്തപുരം: തിരുവനന്തപുരം മണ്ണന്തല മുക്കോലയിലെ സ്ഫോടനത്തിൽ ബോംബുണ്ടാക്കിയത് പൊലീസിനെ ആക്രമിക്കാനെന്ന് വിശദീകരണം. പരുക്കേറ്റ ആളുകൾക്കെതിരെ വഞ്ചിയൂർ പോലീസ് സ്റ്റേഷനിൽ മോഷണക്കേസുണ്ടായിരുന്നു. തുടർനടപടിയെന്നോണം പൊലീസ് ഇന്നലെ ഇവരുടെ വീടുകളിൽ അന്വേഷണം നടത്തി. ഇതിന്റെ വൈരാഗ്യത്തിൽ പോലീസിനെ ആക്രമിക്കാനാണ് ഇവർ നാടൻ ബോംബ് നിർമ്മിച്ചതെന്ന് മണ്ണന്തല പൊലീസ് പറഞ്ഞു.
മണ്ണന്തലയിൽ നാടൻ ബോംബ് നിർമാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയിൽ നാല് പേർക്ക് പരുക്കേറ്റു. 17 വയസുകാരൻ്റെ രണ്ട് കൈപ്പത്തിയും തകർന്നു. നെടുമങ്ങാട് സ്വദേശി അനിരുദ്ധൻെറ കൈപ്പത്തികളാണ് തകർന്നത്. 17 വയസ്സുകാരനായ അനിരുദ്ധിനെതിരെ അനധികൃത ബോംബ്നിർമ്മാണത്തിന് മുമ്പും കേസുണ്ട്. ആളൊഴിഞ്ഞ സ്ഥലത്ത് വച്ചാണ് ഇവർ ബോംബുകള്‍ നിർമ്മിച്ചത്.
അനിരുദ്ധന് ഒപ്പമുണ്ടായിരുന്ന മൂന്നു പേർക്കും പരിക്കേറ്റു. അനിരുദ്ധന്റെ സഹോദരൻ അഖിലേഷിന്റെ കാലിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവർക്കൊപ്പമുണ്ടായിരുന്ന കിരണ്‍, ശരത് എന്നിവർക്കും പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ എല്ലാവർക്കും ക്രിമിനൽ പശ്ചാത്തലമുണ്ട്.
വൈകിട്ട് 3.30നാണ് സ്ഫോടനമുണ്ടായത്. അപകടം നടന്നത് മണ്ണന്തലയിലെ കുന്നിൻമുകളിലാണ്. വിജനമായ സ്ഥലത്തു നാടൻ ബോംബ് നിർമ്മിക്കുമ്പോഴായിരുന്നു അപകടം നടന്നത്. പൊട്ടിയത് മാരക ശേഷിയുള്ള അമിട്ടാണെന്ന് പൊലീസ് അറിയിച്ചു. അമിട്ട് കൂട്ടുകാർ പൊട്ടിക്കാൻ കൊണ്ടുവന്നതാണ്. പ്രദേശത്ത് പടക്ക നിർമ്മാണശാലയില്ല. പരുക്കേറ്റവർ ഗുണ്ടാ സംഘങ്ങളുമായി ബന്ധമുള്ളവരാണ്. പരുക്കേറ്റവരിൽ ഒരാൾക്കെതിരെ മുൻപ് എക്സ്പ്ലോസീവ് ആക്റ്റ് പ്രകാരം കേസുണ്ടായിരുന്നു എന്നും പൊലീസ് അറിയിച്ചു.