തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയിൽ പൊട്ടിത്തെറി; അഞ്ച് മരണം, പത്തുപേർക്ക് പരിക്ക്

ഹൈദരാബാദ്: തെലങ്കാനയിലെ സംഗറെഡ്ഡിയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തില്‍ അഞ്ചു പേര്‍ മരിച്ചു. തീപ്പിടിത്തത്തെ തുടര്‍ന്ന് ഫാക്ടറിയിലെ റിയാക്ടറിലുണ്ടായ സ്ഫോടനത്തിലാണ് അഞ്ചുപേര്‍ മരിച്ചതെന്നാണ് വിവരം. മരിച്ചവരില്‍ ഫാക്ടറി മാനേജരും ഉള്‍പ്പെട്ടിട്ടുണ്ട്. പത്തുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

എസ്.ബി. ഓര്‍ഗാനിക്സ് ലിമിറ്റഡ് എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ ഫാക്ടറിയിലാണ് അപകടമുണ്ടായത്. പത്തോളം പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സൂചന. മരണസംഖ്യ വർധിക്കാനിടയുണ്ട്. സ്ഫോടനസമയത്ത് 50 പേർ കെട്ടിടത്തിൽ ഉണ്ടായിരുന്നതായി പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളിൽ പൊട്ടിത്തെറിയുടെ വ്യാപ്തി വ്യക്തമാണ്. സ്ഫോടനത്തിന്റെ ആഘാത്തിൽ പൊട്ടിത്തെറിച്ച കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുക ഉയരുന്നത് ദൃശ്യങ്ങളിൽ കാണാം.

കെട്ടിടത്തിലെ മറ്റൊരു റിയാക്ടർ പൊട്ടിത്തെറിക്കുമെന്ന ആശങ്കയുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ സാഹചര്യത്തിൽ ഫാക്ടറിക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. പൊട്ടിത്തെറിയിൽ പരുക്കേറ്റവരെ പരിക്കേറ്റവരെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.