ന്യൂഡൽഹി: 2008 മലേഗാവ് സ്‌ഫോടനകേസ് പ്രതിയും ബി.ജെ.പി എംപിയുമായ പ്രഗ്യ സിങ് താക്കൂറിന്റെ ആരോഗ്യനില വ്യക്തമാക്കാൻ ആവശ്യപ്പെട്ട് എൻ.ഐ.എ കോടതി. മലേഗാവ് സ്‌ഫോടനകേസിൽ പ്രതിയായ പ്രഗ്യ കോടതിയിൽ തുടർച്ചയായി മൊഴി രേഖപ്പെടുത്താൻ ഹാജരാകത്തതിന് പിന്നാലെയാണ് കോടതി നടപടി. മുംബൈയിൽ നിന്നുള്ള എൻ.ഐ.എ സംഘം ഭോപ്പാലിലെ സംഘത്തോടൊപ്പം ചേർന്ന് പ്രഗ്യയുടെ ആരോഗ്യനില നേരിട്ട് പോയി വിലയിരുത്തണമെന്ന്‍ കോടതി ആവശ്യപ്പെട്ടു.
പ്രജ്ഞാ സിങ് ഠാക്കൂറിന്റെ മൊഴി രേഖപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അവർ ഹാജരാകാത്തത് കോടതി നടപടികളെ വൈകിപ്പിക്കുന്നു. അവരുടെ ആരോഗ്യനില സംബന്ധിച്ച റിപ്പോർട്ട് ആവശ്യമാണെന്ന പ്രോസിക്യൂഷൻ വാദം ശരിയാണെന്നും കോടതി കണ്ടെത്തി. ഇതിന് പിന്നാലെയാണ് മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടുള്ള കോടതി തീരുമാനം.
മാർച്ച് 20-ന് പ്രജ്ഞാ സിങ് ഠാക്കൂറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെ പശ്ചാത്തലത്തിൽ കോടതിയിൽ ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമെന്ന് അവരുടെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന്, അവരെ ഡിസ്ചാർജ് ചെയ്യുന്നത് വരെ വാറന്റ് നടപ്പാക്കുന്നത് കോടതി സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, ബുധനാഴ്ചയിലെ വിചാരണയിലും ഠാക്കൂർ ഹാജരാകാതിരുന്നതോടെയാണ് കോടതിനടപടി.
പ്രഗ്യാസിങ് ഉൾപ്പെടെയുള്ള പ്രതികൾ നിരന്തരമായി കോടതിയിൽ ഹാജരാകുന്നില്ലെന്ന് ജസ്റ്റിസ് ലഹോത്തി ചൂണ്ടിക്കാട്ടിയിരുന്നു. പല കാരണങ്ങൾ നിരത്തി പലതവണ ഇളവ് ആവശ്യപ്പെട്ടപ്പോഴെല്ലാം കോടതി പരിഗണിച്ചിട്ടുണ്ട്. പലരും വിവിധ സംസ്ഥാനങ്ങളിൽനിന്ന് ഉള്ളവരാണെന്നാണ് കാരണമായി പറയുന്നത്. അവസാന നിമിഷം ടിക്കറ്റ് ലഭിക്കാൻ ബുദ്ധിമുട്ടാണെന്നും അതുകൊണ്ട് കോടതിയിലെത്താനാകില്ലെന്നുമാണു പറയാറ്. ആ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഇത്തവണ എല്ലാവർക്കും നേരത്തെ തന്നെ ദിവസം നിശ്ചയിച്ചുനൽകിയത്. ഈ കാരണം ഇനിയും പരിഗണിക്കാനാകില്ലെന്ന് ജഡ്ജി വ്യക്തമാക്കിയിരുന്നു.
2008-ലാണ് മഹാരാഷ്ട്രയിലെ മാലേഗാവില്‍ രണ്ടുസ്‌ഫോടനങ്ങളില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടത്. മുസ്ലിം ഭൂരിപക്ഷപ്രദേശമായ ഇവിടെ റംസാന്‍ നാളില്‍ പ്രാര്‍ഥന കഴിഞ്ഞിറങ്ങുന്നവര്‍ക്കിടയിലാണ് സ്‌ഫോടനങ്ങളുണ്ടായത്.