കൊച്ചി: കരുവന്നൂർ കള്ളപ്പണക്കേസില്‍ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന്റെ ആവശ്യം ഇഡി തള്ളി. തുടർന്ന് ഏപ്രിൽ 5 ന് ഹാജരാകാൻ വീണ്ടും ഇ ഡി നോട്ടീസ് നൽകി. ഈ മാസം 26ന് ശേഷം ഹാജരാകാം എന്നായിരുന്നു വർഗീസ് ഇഡിയെ അറിയിച്ചിരുന്നത്. എന്നാല്‍, എം എം വർഗീസ് സ്ഥാനാർത്ഥിയോ ഔദ്യോഗിക ചുമതല വഹിക്കുന്ന ആളോ അല്ലെന്ന് നിരീക്ഷിച്ച ഇ ഡി ആവശ്യം അംഗീകരിക്കാൻ ആകില്ലെന്ന് ആണ് അറിയിച്ചിരിക്കുന്നത്.
കരുവന്നൂർ കള്ളപ്പണക്കേസില്‍ അന്വേഷണ റിപ്പോർട്ട് ഇഡി ആവശ്യപ്പെട്ടെങ്കിലും എം എം വർഗീസ് ഇത് കൈമാറിയില്ല. ഇതിന് പുറമെ കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സതീഷ് കുമാറുമായി ബിജു സാമ്പത്തിക ഇടപാടുകൾ നടത്തിയതായി ഇ ഡി കണ്ടെത്തിയിരുന്നു. കരുവന്നൂരിൽ നിന്ന് തട്ടിയ പണമാണ് ഇതെന്നാണ് ഇഡിയുടെ വാദം. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കളെ ചോദ്യം ചെയ്യാനാണ് ഇഡി നീക്കം.
മുൻ എംപി പി കെ ബിജു, സിപിഎം തൃശൂർ കോര്പറേഷൻ കൗൺസിലർ പി കെ ഷാജൻ എന്നിവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. ബിജുവിനോട് വ്യാഴാഴ്ചയും ഷാജനോട് വെള്ളിയാഴ്ചയും ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിട്ടുള്ളത്. കരുവന്നൂരിലെ തട്ടിപ്പ് അന്വേഷിക്കാൻ സിപിഎം നിയോഗിച്ച അന്വേഷണ സമിതി അംഗങ്ങളായിരുന്നു ഇവർ ഇരുവരും.
കരുവന്നൂർ കള്ളപ്പണക്കേസില്‍ സിപിഎമ്മിന് കുരുക്ക് മുറുക്കുകയാണ് ഇഡി. സിപിഎമ്മിന്റെ രഹസ്യ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനും, ധനമന്ത്രാലയത്തിനും, റിസര്‍വ് ബാങ്കിനും ഇഡി നേരത്തെ കൈമാറിയിരുന്നു. കരുവന്നൂരില്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നേരിട്ട് ഉറപ്പ് നല്‍കിയതിന് പിറകേയാണിത്. അഞ്ച് രഹസ്യ അക്കൗണ്ടുകള്‍ പാര്‍ട്ടിക്ക് കരുവന്നൂര്‍ ബാങ്കിലുണ്ട്. അക്കൗണ്ടുകള്‍ തുടങ്ങണമെങ്കില്‍ ബാങ്കില്‍ അംഗത്വം എടുക്കണമെന്നാണ് ബാങ്ക് ബൈലോയും സഹകരണ നിയമവും പറയുന്നത്. എന്നാല്‍ ഇത് സിപിഎം നേതാക്കൾ പാലിച്ചിട്ടില്ല.