തൃശ്ശൂർ: മൂർക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ കത്തിക്കുത്തിൽ ഒരാൾ മരിച്ചു. അഞ്ച് പേർക്ക് ഗുരുതര പരുക്കേറ്റു. വെളത്തൂർ മനക്കൊടി സ്വദേശി ചുള്ളിപറമ്പിൽ വീട്ടിൽ സുഭാഷ് ചന്ദ്രബോസിൻ്റെ മകൻ അക്ഷയ് (21) ആണ് മരണപ്പെട്ടത്.
ബുധനാഴ്ച രാത്രി ഏഴുമണിയോടെ മൂർക്കനാട് ആലുംപറമ്പിൽ വച്ചാണ് സംഭവം. മൂർക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള വെടിക്കെട്ട് കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് സംഭവം. ആക്രമണത്തിൽ 6 പേർക്കാണ് കുത്തേറ്റത്. ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
ഉത്സവത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടിന് പിന്നാലെ ആലുംപറമ്പില്‍ വെച്ചായിരുന്നു സംഭവം. രണ്ടുസംഘങ്ങളായി തിരിഞ്ഞുണ്ടായ സംഘര്ഷത്തിനിടയിലാണ് കത്തികൊണ്ടുള്ള ആക്രമണം ഉണ്ടായത്. മരണപ്പെട്ട അക്ഷയ്ക്ക് നെഞ്ചിനോട് ചേര്‍ന്നാണ് കുത്തേറ്റത്. രണ്ടുമാസം മുമ്പ് മൂര്‍ക്കനാട് പ്രദേശത്ത് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിനിടെ ഉണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് സംഭവമെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. കുഞ്ഞിമൊയ്തീന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി.
ചുള്ളിപ്പറമ്പില്‍ സുഭാഷ് ചന്ദ്രബോസിന്റെയും ലളിതയുടെയും മകനാണ് അക്ഷയ്. സഹോദരന് അഭിഷേക്. അക്ഷയിന്റെ മൃതദേഹം ഇരിങ്ങാലക്കുട സഹകരണാശുപത്രിയിലേക്ക് മാറ്റി.