ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വേട്ടയാടുകയാണെന്ന് ആംആദ്മി പാർട്ടി എംപി സഞ്ജയ് സിങ്. ബിജെപിയുടെ ഏകാധിപത്യം അധികനാൾ നീളുകയില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്യനയ അഴിമതിക്കേസിൽ ജയിൽമോചിതനായശേഷം ഡൽഹിയിലെ എഎപി ആസ്ഥാനത്തു നൽകിയ സ്വീകരണത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയുടെ ഭീഷണിക്ക് മുന്നിൽ വഴങ്ങില്ല. നരേന്ദ്രമോദി ചെവി തുറന്നുകേൾക്കൂ. ആം ആദ്മിയുടെ മന്ത്രിയും പ്രവർത്തകരും നേതാക്കളും അരവിന്ദ് കെജ്‌രിവാളിനൊപ്പമാണ്. അധിക നാൾ ബിജെപിയുടെ ഏകാധിപത്യം നീളില്ല. അധികനാൾ നിങ്ങളെ വാഴിക്കില്ല. ബിജെപി നേതാക്കൾ ഓർത്തുവെച്ചോ. ഡൽഹിയുടെ ജനങ്ങൾക്കായി പ്രവർത്തിച്ചതിനാണ് കെജ്‌രിവാൾ അടക്കം നേതാക്കളെ ജയിലിലടച്ചത്. ഡൽഹിയിലെ 2 കോടി ജനങ്ങൾക്ക് വേണ്ടിയാണ് കെജ്‌രിവാൾ പ്രവർത്തിക്കുന്നത്. എഎപി പിറവിയെടുത്തത് പ്രക്ഷോഭത്തിൽ നിന്നാണ്. ഒന്നിനെയും ഭയപ്പെടില്ലെന്ന് ഓർത്തോളൂ. ബിജെപിക്ക് മറുപടി നൽകേണ്ട സമയം ആഗതമായി. രാജ്യത്തുടനീളമുള്ള എല്ലാ അഴിമതിക്കാരെയും അവർ ചേർത്തുപിടിച്ചു.
മോദി ഗുജറാത്തിൽ ടെന്റ് കൊണ്ടുള്ള സ്കൂൾ ആണ് നിർമിച്ചത്. ഞങ്ങളുടെ സർക്കാർ ഡൽഹിയിൽ ശീതികരിച്ച സ്കൂളുകൾ പണിതു. അരവിന്ദ് കെജ്‌രിവാൾ രാജിവെക്കില്ല. ഡൽഹിയിലെ 2 കോടി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹി സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ആറു മാസമായി ജയിലിൽ കഴിയുന്ന ആംആദ്മി പാർട്ടിയുടെ രാജ്യസഭാംഗം സഞ്ജയ് സിങ് ബുധനാഴ്ച വൈകിട്ടാണ് ജയിൽമോചിതനായത്. തിഹാർ ജയിലിൽ കഴിയുന്ന സഞ്ജയ് സിങ്ങിന് സുപ്രീം കോടതിയാണു ജാമ്യം അനുവദിച്ചത്. ജയിൽമോചിതനായ സഞ്ജയ് സിങ്ങിന് ജയിലിനു പുറത്തു വൻ സ്വീകരണമാണു പ്രവർത്തകർ ഒരുക്കിയത്.