വിശാഖപട്ടണം: ഐപിഎല്ലിൽ ഡൽഹി കാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 106 റൺസിൻ്റെ വമ്പൻ ജയം. വിശാഖപട്ടണത്ത് നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കൊൽക്കത്ത 273 റൺസിൻ്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. സുനിൽ നരെയ്ൻ (39 പന്തിൽ 85), ആംഗ്കൃഷ് രഘുവൻഷി (27 പന്തിൽ 54), ആന്ദ്രേ റസ്സൽ (19 പന്തിൽ 41 ), റിങ്കു സിംഗ് (8 പന്തിൽ 26) എന്നിവരാണ് കൊൽക്കത്തയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്.
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറാണിത്. ആറ് വിക്കറ്റാണ് കൊൽക്കത്തയ്ക്ക് നഷ്ടമായത്. ആൻറിച്ച് നോർജെ മൂന്ന് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗിൽ ഡൽഹി 17.2 ഓവറിൽ 166 റൺസിന് എല്ലാവരും പുറത്തായി. വരുൺ ചക്രവർത്തി, വൈഭവ് അറോറ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
റെക്കോർഡ് ചേസിലേക്ക് പാഡ് കെട്ടിയിറങ്ങിയ ഡൽഹിക്ക് മോശം തുടക്കമാണ് ലഭിച്ചത്. പൃഥ്വി ഷായെയും (10) അഭിഷേക് പോറലിനെയും (0) മടക്കി വൈഭവ് അറോറയും മിച്ചൽ മാർഷിനെയും (0) ഡേവിഡ് വാർണറെയും (18) വീഴ്ത്തി സ്റ്റാർക്കും ഡൽഹിയെ തുടക്കം തന്നെ ബാക്ക് ഫൂട്ടിലാക്കി. അഞ്ചാം വിക്കറ്റിൽ ഋഷഭ് പന്തും ട്രിസ്റ്റൻ സ്റ്റബ്സും ചേർന്ന് 93 റൺസ് കൂട്ടിച്ചേർത്തെങ്കിലും ഡൽഹി പരാജയപ്പെട്ടുകഴിഞ്ഞിരുന്നു. 23 പന്തിൽ പന്തും 28 പന്തിൽ സ്റ്റബ്സും ഫിഫ്റ്റി തികച്ചു. വരുൺ ചക്രവർത്തിയാണ് ഇരുവരെയും വീഴ്ത്തിയത്. സ്റ്റബ്സ് 54 റൺസ് നേടിയാണ് പുറത്തായത്. അക്സർ പട്ടേലിനെക്കൂടി (0) വീഴ്ത്തി വരുൺ മൂന്ന് വിക്കറ്റ് തികച്ചു.
നേരത്തേ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്കായി ഫിലിപ്പ് സാള്‍ട്ട് – നരെയ്ന്‍ ഓപ്പണിങ് സഖ്യം വെടിക്കെട്ട് തുടക്കമാണ് സമ്മാനിച്ചത്. 27 പന്തില്‍ നിന്ന് ഇരുവരും 60 റണ്‍സ് ചേര്‍ത്തു. 12 പന്തില്‍ നിന്ന് നാല് ബൗണ്ടറിയടക്കം 18 റണ്‍സെടുത്ത സാള്‍ട്ടിനെ മടക്കി ആന്റിച്ച് നോര്‍ക്യയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
എന്നാല്‍ രണ്ടാം വിക്കറ്റില്‍ നരെയ്നൊപ്പം യുവതാരം ആംഗ്രിഷ് രഘുവംശിയെത്തിയതോടെ കൊല്‍ക്കത്തന്‍ സ്‌കോര്‍ കുതിച്ചു. രഘുവംശി 27 പന്തില്‍ നിന്ന് മൂന്ന് സിക്സും അഞ്ച് ഫോറുമടക്കം 54 റണ്‍സെടുത്തു. നരെയ്ന്‍ 39 പന്തുകള്‍ നേരിട്ട് ഏഴു വീതം സിക്സും ഫോറുമടക്കം 85 റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്നെത്തിയ റസ്സലും മോശമാക്കിയില്ല. 19 പന്തില്‍ നിന്ന് മൂന്ന് സിക്സും നാല് ഫോറും ഉള്‍പ്പെടെ 41 റണ്‍സ്. നോര്‍ക്യ എറിഞ്ഞ 19-ാം ഓവറില്‍ 25 റണ്‍സടിച്ച് റിങ്കു സിങ്ങും ഈ വെടിക്കെട്ടില്‍ പങ്കാളിയായി. എട്ടു പന്തില്‍ നിന്ന് മൂന്ന് സിക്സും ഒരു ഫോറുമടക്കം 26 റണ്‍സായിരുന്നു റിങ്കുവിന്റെ സമ്പാദ്യം. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 18 റണ്‍സെടുത്തു.
ഡല്‍ഹിക്കായി നോര്‍ക്യ മൂന്നും ഇഷാന്ത് ശര്‍മ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.