ഇന്ദിരാഭവനിലെ വെടിവട്ടങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കോണ്‍ഗ്രസിലെ മാന്‍ഡ്രേക്കിനെ കുറിച്ചാണ്. കോണ്‍ഗ്രസുകാര്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ വലിയ പിടിപാടില്ലാത്തതു കൊണ്ടും സിപിഎമ്മുകാരുടെ ചെവിയില്‍ ഈ കഥകള്‍ എത്താത്തതു കൊണ്ടും കെ.സിയുടെ മാന്‍ഡ്രേക് കഥകള്‍ ഇതുവരെ ട്രോളുകളായിട്ടില്ല. കെ.സി. വേണുഗോപാലിന്റെ പത്തു മാന്‍ഡ്രേക് കഥകള്‍ ഒരു കെപിസിസി ജനറല്‍ സെക്രട്ടറി സമാഹരിച്ചു വച്ചിട്ടുണ്ട്. ആ പത്തു കഥകള്‍ ആദ്യമായി പുറത്തു വിടുന്നു.
ഒന്നാം കഥ: പുനലൂര്‍ മധു കെ.എസ്.യു പ്രസിഡന്റായപ്പോള്‍ വൈസ് പ്രസിഡന്റായി കെ.സി.വേണുഗോപാലിനെ നാമനിര്‍ദേശം ചെയ്തു. വിദ്യാര്‍ഥി നേതാവായിരിക്കെ തന്നെ ഹൃദയാഘാതമുണ്ടായി പേസ്‌മേക്കര്‍ വയ്‌ക്കേണ്ട ദൗര്‍ഭാഗ്യം പുനലൂര്‍ മധുവിനു നേരിട്ടു.
രണ്ടാം കഥ: രാജീവ് ഗാന്ധി ’91ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു കാലത്ത് കേരളത്തില്‍ പ്രചരണം കഴിഞ്ഞു മടങ്ങുമ്പോള്‍ വിമാനത്താവളത്തില്‍ ഷേക്ക്ഹാന്‍ഡ് നല്‍കി യാത്രയയച്ചതു കെ.എസ്.യു പ്രസിഡന്റായിരുന്ന കെ.സി.വേണുഗോപാലാണ്. പിറ്റേന്നു ശ്രീപെരുംപുതൂരില്‍ രാജീവ് ഗാന്ധി കഥാവശേഷനായി.
മൂന്നാം കഥ: കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ കെ.സി.വേണുഗോപാലിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാക്കി. കരുണാകരനു മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടുവെന്നു മാത്രമല്ല. വൈകാതെ മകനെയും കൂട്ടി പാര്‍ട്ടി വിടേണ്ടിയും വന്നു.
നാലാം കഥ: ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ യൂറോപ്യന്‍ പര്യടനത്തിനു പോയപ്പോള്‍ മന്ത്രിയായിരുന്ന കെ.സി.വേണുഗോപാലിനോടാണ് യാത്ര ചോദിച്ചിറങ്ങിയത്. യു.കെയില്‍ പര്യടനത്തിനിടെ വീണ ഉമ്മന്‍ചാണ്ടിയുടെ നട്ടെല്ലിനു ക്ഷതമേറ്റു കിടപ്പായി.
അഞ്ചാം കഥ: രമേശ് ചെന്നിത്തല 2004ല്‍ മാവേലിക്കരയില്‍ മല്‍സരിച്ചപ്പോള്‍ തിരഞ്ഞെടുപ്പു ചുമതല വഹിച്ചതു കെ.സി.വേണുഗോപാലായിരുന്നു. സി.എസ്.സുജാതയോടു 3500 വോട്ടിനു തോല്‍ക്കാനായിരുന്നു രമേശിന്റെ വിധി.
ആറാം കഥ: യുപിഎ രണ്ടാം മന്ത്രിസഭയില്‍ കെ.സി.വേണുഗോപാല്‍ വ്യോമയാന സഹമന്ത്രിയായിരുന്നപ്പോള്‍ കാബിനറ്റ് മന്ത്രിയായിരുന്ന അജിത് സിങിനും പണികിട്ടി. അടുത്ത തിരഞ്ഞെടുപ്പില്‍ കുത്തക മണ്ഡലമായിരുന്ന ബാഗ്പട്ടില്‍ അജിത് സിങ് എട്ടു നിലയില്‍ പൊട്ടി.
ഏഴാംകഥ: 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം കെ.സി.വേണുഗോപാല്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് വിപ്പായിരുന്നപ്പോള്‍ ജ്യോതിരാദിത്യ സിന്ധ്യയായിരുന്നു ചീഫ് വിപ്പ്. 2019ല്‍ ജ്യോതിരാദിത്യ സിന്ധ്യ ലോക്‌സഭയില്‍ എത്തിയില്ല. വൈകാതെ കോണ്‍ഗ്രസും വിട്ടു.
എട്ടാം കഥ: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനമേറ്റെടുത്തപ്പോള്‍ കെ.സി.യെ ജനറല്‍ സെക്രട്ടറിയാക്കി. രാഹുല്‍ ഗാന്ധിക്ക് 2019ല്‍ കുടുംബ മണ്ഡലമായ അമേഠിയില്‍ പരാജയം. പാര്‍ട്ടി പ്രസിഡന്റു സ്ഥാനം രാജിവയ്‌ക്കേണ്ടിയും വന്നു.
ഒന്‍പതാം കഥ: രാഹുല്‍ ഗാന്ധിക്കു ശേഷം കോണ്‍ഗ്രസ് താല്‍ക്കാലിക പ്രസിഡന്റായി ചുമതലയേറ്റ സോണിയ ഗാന്ധിയും ജനറല്‍ സെക്രട്ടറിയായി കെ.സി.യെ നിലനിര്‍ത്തി. വിശ്വസ്തരായിരുന്ന 23 നേതാക്കള്‍ സോണിയക്കെതിരെ വിമതനീക്കം നടത്തുകയെന്ന അത്ഭുതം സംഭവിച്ചു.
പത്താം കഥ: മണിപ്പൂര്‍, ഗോവ, കര്‍ണാടക, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം നടത്തിയിട്ടും ഭരണം ബിജെപി തട്ടിയെടുത്തു. ആര്‍ക്കായിരുന്നു തിരഞ്ഞെടുപ്പിന്റെ ചുമതലയെന്നു പറയേണ്ടതില്ലല്ലോ.