തയ്‍വാനിൽ ഭൂകമ്പം; 9 മരണം, 934 പേർക്കു പരുക്കേറ്റു; 35 തുടർചലനങ്ങളിൽ വൻനാശം

തായ്പേയ്: തയ്‍വാനിൽ ഇന്നലെ പുലർച്ചെയുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 9 പേർ മരിച്ചു. 934 പേർക്കു പരുക്കേറ്റു. ഒട്ടേറെ കെട്ടിടങ്ങൾ തകർന്നു. രണ്ടു കരിങ്കൽ ക്വാറികളിലായി 70 പേർ കുടുങ്ങി. ടരോക്കോ നാഷനൽ പാർക്കിൽ 50 സഞ്ചാരികൾ കുടുങ്ങി. മരിച്ചവരിൽ 6 പേർ ടരോക്കോ നാഷനൽ പാർക്കിലെ സഞ്ചാരികളാണ്. സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും പിന്നീട് പിൻവലിച്ചു. പാതകളിൽ വൻ നാശമുണ്ടായതിനാൽ ട്രെയിൻ ഗതാഗതം നിർത്തിവച്ചു.

2 പതിറ്റാണ്ടിനിടെ തയ്‍വാനിലുണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണിത്. 7.2 തീവ്രതയുള്ള ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കുന്നുകളും മലകളും നിറഞ്ഞ ഹുവാലീൻ പ്രവിശ്യയിലെ ഹുവാലീനിനു 18 കിലോമീറ്റർ അകലെ 35 കിലോമീറ്റർ ആഴത്തിലാണ്. ഭൂചലനത്തിൽ ചരിഞ്ഞ ഒട്ടേറെ കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. 35 തുടർചലനങ്ങളിൽ കൂടുതൽ കെട്ടിടങ്ങളും റോഡുകളും പാലങ്ങളും തകർന്നു. ഭൂചലന സാധ്യതാ പ്രദേശമായിരുന്നതിനാൽ ജനം മുൻകരുതലെടുത്തിരുന്നെങ്കിലും ഇത്ര തീവ്രതയേറിയ ഭൂചലനം പ്രതീക്ഷിക്കുകയോ മുന്നറിയിപ്പു ലഭിക്കുകയോ ഇല്ലാതിരുന്നതിനാൽ നാശമേറി. ഹുവാലീനിൽ 2018ൽ ഉണ്ടായ ഭൂചലനത്തിൽ 17 പേർ കൊല്ലപ്പെട്ടിരുന്നു. 1999 സെപ്റ്റംബർ 21നുണ്ടായ ഭൂകമ്പമാണ് തയ്‍വാനിൽ ഏറ്റവുമധികം നാശമുണ്ടാക്കിയത്. അന്ന് 2400 പേർ കൊല്ലപ്പെടുകയും ഒരു ലക്ഷത്തിലേറെ പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. പതിനായിരത്തിലേറെ കെട്ടിടങ്ങൾ തകർന്നു.