തിരുവനന്തപുരം: അരുണാചലിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്ന് മലയാളികളുടെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. ഇറ്റാനഗറിലെ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഗോഹട്ടിലെത്തിച്ചിരുന്നു. കോട്ടയം സ്വദേശി നവീൻ, ഭാര്യ തിരുവനന്തപുരം സ്വദേശി ദേവി, വട്ടിയൂർക്കാവ് സ്വദേശി ആര്യ എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ബ്ലാക് മാജിക്കിൽ ആകൃഷ്ടരായാണ് അരുണാചലിലെ സിറോ താഴ്വരയിലെത്തി ആത്മഹത്യ ചെയ്തതെന്നാണ് സംശയം.
ദേവിയുടെയും ആര്യയുടെയും കൈകളിലെയും കഴുത്തിലെയും മുറിവ് ആഴത്തിലുള്ളതായിരുന്നു. എന്നാൽ നവീന്റെ കൈത്തണ്ടയിലെ മുറിവിന് അത്രയും ആഴമില്ല. ആത്മഹത്യയാണെന്നു തന്നെ കരുതുന്നുവെന്നും മറ്റെന്തെങ്കിലും സാധ്യതകളുണ്ടോയെന്ന് അന്വേഷിക്കുന്നതായും പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായും എസ്പി പറഞ്ഞു.
ഇവരെ ആരാണ് ബ്ലാക് മാജിക്കിലേക്ക് നയിച്ചത് എന്നതുൾപ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്. രണ്ടു വർഷം മുമ്പേ മരണാനന്തര ജീവിതമെന്ന ആശയത്തെ പിന്തുടർന്ന നവീനും- ഭാര്യ ദേവിയും ഇതിനു മുമ്പും അരുണാചലിലേക്ക് യാത്ര ചെയ്തിരുന്നു. ദമ്പതികള്‍ക്കൊപ്പം മരിച്ച സുഹൃത്തായ ആര്യ അന്ധവിശ്വാസത്തിലേക്ക് എങ്ങനെ എത്തിയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. മലയാളികളുടെ മരണം അന്വേഷിക്കാൻ 5 പേരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി അരുണാചല്‍ പൊലീസ് അറിയിച്ചു.
അടുത്തമാസം ഏഴിനാണ് ദേവിയുടെ സുഹൃത്തായ ആര്യയുടെ കല്യാണം നിശ്ചയിച്ചിരുന്നത്. കല്യാണത്തിനുള്ള ഒരുക്കളൊക്കെയായി സന്തോഷവതിയായിരുന്ന ആര്യയെയാണ് കഴിഞ്ഞ 27മുതൽ കാണാതാകുന്നത്. മരണാന്തര ജീവിതം, അന്യഗ്രഹ ജീവിതം എന്നീ ആശയങ്ങളെ പിന്തുടുന്നവർ സംശയകരമായി ഒന്നും പ്രകടമാക്കിയിരുന്നില്ല.
തിരുവനന്തപുരം വിമാനത്താവളത്തിൽ കാർ പാർക്ക് ചെയ്ത ശേഷമാണ് ഇവർ അരുണാചലിലേക്കു പോയത്. തിരുവനന്തപുരം പൊലീസും ലോവർ സുബാൻസിരിയിലെത്തിയിട്ടുണ്ട്. നവീനും ഭാര്യ ദേവിയും പൊതുവേ അന്തർമുഖരായിരുന്നു. എന്നാൽ വിദ്യാർഥികളോടു സജീവമായി ഇടപെട്ടിരുന്ന അധ്യാപികയായിരുന്നു ആര്യ. കോവിഡിനു മുൻപ് ദേവി ഇതേ സ്കൂളിൽ ജർമൻ പഠിപ്പിച്ചിരുന്നു.
രണ്ട് സ്ത്രീകളെയും ബ്ലെയ്ഡ് ഉപേക്ഷിച്ച് ഞരമ്പ് മുറിച്ച് കൊലപ്പെടുത്തിയ ശേഷമാണ് നവീൻ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. രക്തംകട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകളും പൊലീസ് കണ്ടെത്തിയിരുന്നു. ഹോട്ടൽ മുറിയിലുണ്ടായിരുന്ന രണ്ട് മൊബൈൽ ഫോണും ഒരു ലാപ് ടോപ്പും പരിശോധിച്ചാലും കുടുതൽ തെളിവുകള്‍ ലഭിക്കുകയുളളു. ഇതിനുള്ള ശ്രമത്തിലാണ് പൊലീസ്.