ഈരാറ്റുപേട്ട: പൊലീസ് സ്റ്റേഷൻ റോഡിൽ മെട്രോ തീയറ്ററിന് പുറകിലെ പഴയ തടിഉരുപ്പടി ഗോഡൗണിനു തീ പിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ചൊവ്വാഴ്ച രാത്രി 10 ഓടെയാണ് തീപിടിച്ചത്. വടക്കേകര പാലയം പറമ്പിൽ ജാഫറിന്റെ ഉടമസ്ഥതയിലുള്ളതാണ് പഴയ തടി ഉരുപ്പടി ഗോഡൗൺ. വീടിനോട് ചേർന്ന ഗോഡൗണിന്റെ ഒരു സൈഡിൽ നിന്നാണ് തീ കയറിയത്. അപകടകാരണം കണ്ടെത്തുന്നതേയുള്ളൂ.
Read more : ജനശതാബ്ദി എക്സ്പ്രസ്സിൽ ടി.ടി.ഇക്ക് നേരെ ഭിക്ഷാടകന്റെ അക്രമം; മുഖത്തടിച്ചു, കണ്ണിന് പരിക്ക്
പ്രാഥമിക കണക്കുകൂട്ടലിൽ 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പണിപൂർത്തിയാക്കി വെച്ചിരുന്ന കട്ടിള, ജനൽ എന്നിവയാണ് കത്തിയമർന്നത്. വിലപിടിപ്പുള്ള നാല് മെഷീനുകളും ഗോഡൗണിൽ ഉണ്ടായിരുന്നു. ഈരാറ്റുപേട്ട, പാലാ, കാഞ്ഞിരപ്പള്ളി, കോട്ടയം എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേനയും നാട്ടുകാരും കൂടി മണിക്കൂറുകൾ പരിശ്രമിച്ചത് കൊണ്ടാണ് വൻ അപകടം ഒഴിവായത്. അഗ്നിരക്ഷാസേനയുടെ വാഹനങ്ങളിലെ വെള്ളം തീർന്നിട്ടും പലപ്രാവശ്യം വെള്ളം നിറച്ച് ഒഴിച്ചാണ് തീ അണച്ചത്.