രാഹുല്‍ ഗാന്ധിക്ക് സ്വന്തം പതാക പരസ്യമായി ഉയര്‍ത്തിക്കാട്ടാനുള്ള ആര്‍ജവം ഇല്ലാതെ പോയി: പിണറായി വിജയന്‍

ലീഗ് പതാക ലോകത്തെ കാണിക്കുന്നതില്‍ നിന്ന് ഒളിച്ചോടാന്‍ സ്വന്തം കൊടിക്കു പോലും അയിത്തം കല്‍പ്പിക്കുന്ന ദുരവസ്ഥ

കേരളത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ ഇടതു പക്ഷ ജനാധിപത്യ മുന്നണിക്ക് ശക്തമായ ജനവികാരം പ്രകടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം ജില്ലയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തും വയനാട്ടിലും മലപ്പുറത്തും ഇടുക്കിയിലും ഒരുപോലെ, ജനങ്ങള്‍ എല്‍ഡിഎഫില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. കോണ്‍ഗ്രസ്സിന്റെ ഉയര്‍ന്ന നേതാവ് വയനാട്ടില്‍ എത്തി നാമനിര്‍ദേശ പത്രിക കൊടുത്തു. റോഡ് ഷോയും നടത്തി. പക്ഷെ ആ പരിപാടിയില്‍ കോണ്‍ഗ്രസ്സിന്റെ കൊടി ആരും കണ്ടില്ല. സ്വന്തം പതാക ഉയര്‍ത്തിപ്പിടിക്കാന്‍ പോലും കഴിവില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ്സ് മാറിപ്പോയോ എന്ന സംശയമാണ് ദൃശ്യങ്ങളും ഇന്നത്തെ വാര്‍ത്തകളും കണ്ടപ്പോള്‍ തോന്നിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായിട്ടാണല്ലോ. അദ്ദേഹം ആ പാര്‍ട്ടിയുടെ ദേശീയ നേതാവുമാണ്. എന്നിട്ടും തന്റെ ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സ്വന്തം പതാക പരസ്യമായി ഉയര്‍ത്തിക്കാട്ടാനുള്ള ആര്‍ജവം ഇല്ലാതെ പോയി. ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തത് ‘കഴിഞ്ഞ തവണ വിവാദമുണ്ടായ പശ്ചാത്തലത്തില്‍ ഇത്തവണ ലീഗിന്റെ പതാകയും കോണ്‍ഗ്രസിന്റെ പതാകയും ഒഴിവാക്കിയാണ് പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ പങ്കെടുത്തത്’ എന്നാണ്. എന്തുകൊണ്ടാണ് ഈ ഭീരുത്വം? മുസ്ലിം ലീഗിന്റെ വോട്ട് വേണം, പതാക പാടില്ല എന്ന നിലപാട് എന്തുകൊണ്ടാണെടുക്കുന്നത്? ലീഗ് പതാക ലോകത്തെ കാണിക്കുന്നതില്‍ നിന്ന് ഒളിച്ചോടാന്‍ സ്വന്തം കൊടിക്കു പോലും അയിത്തം കല്‍പ്പിക്കുന്ന ദുരവസ്ഥയിലേക്ക് കോണ്‍ഗ്രസ്സ് എന്തുകൊണ്ട് താണുപോയി?

ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആ കൊടിയുടെ ചരിത്രം അറിയുമോ എന്ന സംശയം ഉയരും. അറിയുന്ന ചുരുക്കം ചിലര്‍ സൗകര്യപൂര്‍വ്വം അതു വിസ്മരിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ സമ്പന്നമായ ചരിത്രത്തോടൊപ്പം ആ പതാക ഉയര്‍ത്തിപ്പിടിക്കാനായി ജീവത്യാഗം ചെയ്ത ധീരദേശാഭിമാനികളെക്കൂടി മറന്നിരിക്കുന്നു. 1921ല്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന സ്വാതന്ത്ര്യസമരത്തിന്റെ ആശയങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു പതാകയെന്നത് മഹാത്മാ ഗാന്ധിയുടെ ആശയമായിരുന്നു. സ്വരാജ് ഫ്‌ളാഗ് എന്ന് പേരിട്ട ആ ത്രിവര്‍ണ്ണ പതാക ജാതിമത പ്രാദേശിക ഭേദമന്യേ എല്ലാ ഇന്ത്യക്കാരേയും ഒരുപോലെ പ്രതിനിധീകരിക്കുന്നു എന്ന സങ്കല്പമായിരുന്നു ഗാന്ധിജി മുന്നോട്ടു വച്ചത്.

ആ പതാകയുടെ അടിസ്ഥാന സത്ത ഉള്‍ക്കൊണ്ടാണ് ഇന്ത്യയെന്ന മഹത്തായ ജനാധിപത്യ റിപ്പബ്ലിക്കിന്റെ പതാകയ്ക്കും രൂപം നല്‍കിയത്. ഈ പതാക ഉയര്‍ത്തി പിടിക്കാന്‍ സ്വാതന്ത്ര്യസമരകാലത്ത് നമ്മുടെ രാജ്യത്ത് എത്ര കോണ്‍ഗ്രസുകാര്‍ ബ്രിട്ടീഷ് പോലീസിന്റെ മൃഗീയ മര്‍ദ്ദനം വാങ്ങിയിട്ടുണ്ട്. ഈ ചരിത്രം കോണ്‍ഗ്രസ് കാര്‍ക്കറിയില്ലേ. യൂണിയന്‍ ജാക്ക് വലിച്ച് താഴ്ത്തി ത്രിവര്‍ണ്ണ പതാക ഹോഷിയാപ്പൂര്‍ കോടതിയില്‍ ഉയര്‍ത്തി കെട്ടിയപ്പോള്‍ ആണ് ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് കടപ്പുറത്ത് ഉപ്പു കുറുക്കല്‍ സമരത്തിന് പങ്കെടുത്ത സഖാവ് ക്യഷ്ണപിള്ളയോട് ത്രിവര്‍ണ്ണ പതാക താഴെ വെയ്ക്കാന്‍ പോലീസ് പറഞ്ഞു. തലങ്ങും വിലങ്ങും തല്ലിയിട്ടും നെഞ്ചോട് ചേര്‍ത്ത പതാക കൈവിടാന്‍ ആ ധീര ദേശാഭിമാനി തയ്യാറായില്ല.

അങ്ങനെ ജ്വലിക്കുന്ന ഇന്നലെകള്‍ ഉള്ള പതാക പിന്നീട് കോണ്‍ഗ്രസ്സ് സ്വന്തം കൊടിയാക്കിയെങ്കിലും അതിന്റെ ചരിത്രത്തെ നിഷേധിക്കാനാവില്ല. ആ ചരിത്രമാണ് നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ കോണ്‍ഗ്രസ്സ് ബി.ജെ.പിയെ ഭയന്ന് ഒളിപ്പിച്ചു വെക്കുന്നത്. സ്വന്തം പതാക ഉയര്‍ത്താതെ വര്‍ഗീയവാദികളെ ഭയന്ന് പിന്മാറും വിധം അധ:പ്പതിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ത്രിവര്‍ണ്ണ പതാക കോണ്‍ഗ്രസ്സ് ഉപേക്ഷിക്കണം എന്നത് സംഘപരിവാര്‍ ഉയര്‍ത്തിയ ആവശ്യമാണ്. അതിനു വഴങ്ങുകയാണോ പുതിയ കോണ്‍ഗ്രസ്സ്?. കേവലം ഒരു തെരഞ്ഞെടുപ്പ് തന്ത്രമായി ചുരുക്കി കാണാനാവുന്ന അനുഭവമല്ല ഇത്. സ്വന്തം പതാക വേണോ വേണ്ടയോ എന്നൊക്കെ കോണ്‍ഗ്രസ്സിനും ലീഗിനും തീരുമാനിക്കാം. സ്വന്തം അസ്തിത്വം പണയം വെച്ചാണ് ഇക്കൂട്ടര്‍ നില്‍ക്കുന്നത് എന്ന് തിരിച്ചറിയാനും പ്രതികരിക്കാനും ഉള്ള വിവേകം ജനങ്ങള്‍ക്ക് ഉണ്ട്.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ പാകിസ്ഥാന്‍ പതാക പാറി എന്ന പ്രചരണം ആണ് ലീഗിന്റെ കൊടി ഉയര്‍ത്തിയ സംഭവം ചൂണ്ടിക്കാട്ടി ഉത്തരേന്ത്യയില്‍ ബി.ജെ.പി നടത്തിയത്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പതാക ഇന്ത്യയിലെ ജനങ്ങള്‍ അണിനിരക്കുന്ന പാര്‍ട്ടിയുടെ കൊടിയാണ് എന്ന് ആര്‍ജവത്തോടെ പറയാന്‍ കോണ്‍ഗ്രസ്സ് തയാറാകും എന്ന് ചിലരെങ്കിലും അക്കാലത്ത് പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല എന്ന് മാത്രമല്ല, ഇപ്പോള്‍ അതേ കാരണത്താല്‍ സ്വന്തം പതാകയും ഉപേക്ഷിച്ചിരിക്കുന്നു. ഈ കോണ്‍ഗ്രസ്സാണോ വര്‍ഗീയ ഭരണത്തിനെതിരെ സമരം നയിക്കുക?.

മറ്റൊരു കാര്യം കൂടി ഇതിനനുബന്ധമായി സൂചിപ്പിക്കാം. രാജസ്ഥാനിലെ നഗൗര്‍ ലോകസഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും മുന്‍ എംപിയുമായ ജ്യോതി മിര്‍ധയുടെ ഒരു പ്രസ്താവന കഴിഞ്ഞ ദിവസം വന്നു. ‘രാജ്യതാല്‍പ്പര്യം കണക്കിലെടുത്ത് നിരവധി കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്. അതിനായി ഭരണഘടനാ ഭേദഗതികള്‍ വരുത്തണം. ഭരണഘടനയില്‍ ഭേദഗതികള്‍ വരുത്തണമെങ്കില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും -ലോക്സഭയുടെയും രാജ്യസഭയുടെയും -അനുമതി ആവശ്യമാണെന്ന് നിങ്ങളില്‍ പലര്‍ക്കും അറിയാം. ലോക്സഭയില്‍ ബി.ജെ.പിക്കും എന്‍.ഡി.എക്കും വന്‍ ഭൂരിപക്ഷം ഉണ്ടെങ്കിലും രാജ്യസഭയില്‍ ഞങ്ങള്‍ക്ക് ഇപ്പോഴും ഭൂരിപക്ഷമില്ല.’ എന്നാണ് മിര്‍ധ പറഞ്ഞത്. ലോകസഭയ്‌ക്കൊപ്പം രാജ്യസഭയിലും ഭൂരിപക്ഷം നേടിയാല്‍ ബിജെപി ഭരണഘടനാ ഭേദഗതി കൊണ്ടുവരുമെന്ന പരസ്യ പ്രഖ്യാപനം.

അത് വലിയ വിവാദമായി. ബിജെപി ഇതുവരെ അത് തിരുത്തിയിട്ടില്ല. രാജ്യസഭയില്‍ കൂടി ഭൂരിപക്ഷം ലഭിച്ചാല്‍ ഭരണഘടനയെ തന്നെ അട്ടിമറിക്കും എന്ന ഈ ഭീഷണിയോട് പ്രതികരിക്കാന്‍ കോണ്‍ഗ്രസ്സിന് കഴിയുമോ? ? മുന്‍പ് കര്‍ണാടകയില്‍ നിന്നുമുള്ള ഒരു കേന്ദ്ര മന്ത്രി ഇതേ രീതിയില്‍ പ്രസ്താവന നടത്തിയിരുന്നതും ഓര്‍ക്കണം.ഭരണഘടനാശില്പികള്‍ ബോധപൂര്‍വ്വം വ്യവസ്ഥചെയ്തു രൂപീകരിച്ചതാണ് ഉപരിസഭയായ രാജ്യസഭ.
രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ ബിജെപിക്ക് പല വിഷയങ്ങളിലും പിന്നോക്കം പോകേണ്ടിവന്ന ചരിത്രമുണ്ട്. പലപ്പോഴും മറ്റു കക്ഷികളെ കൂട്ടുപിടിച്ചും മറ്റുമാണ് ചില ബില്ലുകള്‍ രാജ്യസഭയില്‍ പാസ്സാക്കുന്നത്. തങ്ങളുടെ തീവ്ര വലതുപക്ഷ അജണ്ടകള്‍ നടപ്പാക്കുന്നതില്‍ നിന്നും ബിജെപിയെ തടയുന്നത് രാജ്യസഭയുടെ ഈ സവിശേഷതയാണ്.

രാജ്യസഭയെന്ന കടമ്പയില്‍ തട്ടിയാണ് ബിജെപിയുടെ പല അജണ്ടകളും നടക്കാതെ പോയത്. ഇതൊക്കെ കൊണ്ടാണ് രാജ്യസഭയില്‍ ഭൂരിപക്ഷം ഉണ്ടായാല്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരുമെന്ന് രാജസ്ഥാനിലെ സ്ഥാനാര്‍ഥി പറയുന്നത്. രാജ്യസഭ ഇത്രത്തോളം പ്രാധാന്യമര്‍ഹിക്കുമ്പോഴാണ് ഇതേ രാജസ്ഥാനിലെ ഒരു കോണ്‍ഗ്രസ്സ് രാജ്യസഭാ അംഗം തന്റെ കാലയളവു തീരാന്‍ രണ്ടു വര്‍ഷം ബാക്കിനില്‍ക്കെയാണ് കേരളത്തില്‍ വന്ന് ലോകസഭയിലേക്ക് മത്സരിക്കുന്നത്. അദ്ദേഹവും ദേശീയ നേതാവാണ്. ആലപ്പുഴക്കാര്‍ രാഷ്ട്രീയ പ്രബുദ്ധരായതുകൊണ്ട് അദ്ദേഹം ജയിക്കാന്‍ പോകുന്നില്ല. എന്നാലും അദ്ദേഹം ജയിക്കുകയാണെങ്കില്‍ രാജസ്ഥാനില്‍ നിന്നും രാജ്യസഭയിലേക്ക് ഒരു ബിജെപി അംഗമാണ് പകരം പോകുക. കേവലം നാലു സീറ്റാണ് ബിജെപിക്ക് രാജ്യസഭയില്‍ ഭൂരിപക്ഷം ലഭിക്കാന്‍ വേണ്ടത്.

ബിജെപിയുടെ രാജ്യസഭാ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ക്വട്ടേഷനാണ് കോണ്‍ഗ്രസും കോണ്‍ഗ്രസ്സ് സംഘടനാ ജനറല്‍ സെക്രട്ടറി എടുത്തിരിക്കുന്നത്. വേണമെങ്കില്‍ ബിജെപി രാജ്യസഭയില്‍ ഭൂരിപക്ഷം നേടിക്കോട്ടേ എന്ന മനോഭാവമാണ് കോണ്‍ഗ്രസ്സിന് എന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നത്. പക്ഷേ ആ ആപത്ത് വരാനിടയില്ല. ആലപ്പുഴക്കാര്‍ തികഞ്ഞ വിവേചനബുദ്ധിയോടെ തന്നെ അവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിച്ച് ഈയൊരു അവസ്ഥ ഒഴിവാക്കുന്ന നില ഉണ്ടാക്കും. സംഘപരിവാറിന് മുന്നില്‍ സ്വയം മറന്നു നില്‍ക്കുന്ന കോണ്‍ഗ്രസ്സല്ല, സ്വന്തം പതാക ഒളിപ്പിച്ചു വെക്കുന്ന ഭീരുത്വമല്ല ഈ നാടിന്റെ പ്രതിനിധികളായി ലോക്‌സഭയിലേക്ക് പോകേണ്ടത്. അവര്‍ക്ക് നല്ല ആശയവ്യക്തതയും നിലപാടില്‍ ദൃഢതയും വേണം. ദേശീയ പ്രശ്‌നങ്ങളില്‍ ആര്‍ജവത്തോടെ പൊരുതാനും ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനും തയാറാകുന്ന പ്രതിനിധികളാണ് വേണ്ടത് എന്നതായിരിക്കും ഈ തെരഞ്ഞടുപ്പില്‍ കേരളത്തിന്റെ ജനവിധി. എല്‍.ഡിഎഫിന്റെ ഉജ്ജ്വലമായ വിജയം ഉറപ്പാക്കുന്ന ജനവികാരമായി മാറുന്നതായും കാണാന്‍ സാധിക്കും.