ഏതു രാഷ്ട്രീയ പാര്‍ട്ടിയെയും നിലനിര്‍ത്തുന്നതിന് ഒരടയാളം വേണം. വികാര നിര്‍ഭരമായും ആത്മാര്‍ത്ഥമായും വിശ്വാസത്തോടെയും ഓരോ പ്രവര്‍ത്തകര്‍ക്കും ഒരുമിച്ചു ചേര്‍ന്നു നില്‍ക്കാന്‍ ഒരിടം അടയാളപ്പെടുത്തണം. അതാണ് പാര്‍ട്ടിയുടെ ആത്മാവായ കൊടി അടയാളം. ആ കൊടിയാണ് പാര്‍ട്ടിയെയും നയിക്കുന്നവരെയും അണികളെയും വ്യത്യസ്തരും ശക്തരുമാക്കുന്നതും. എന്നാല്‍, കോണ്‍ഗ്രസ്സുകാര്‍ അല്‍ഷിമേഴ്‌സ് ബാധിച്ചവരെപ്പോലെ അവരുടെ കൊടിയെ മറന്നുപോയിരിക്കുന്നു. ഇത് മനസ്സിലാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് പ്രത്യേക ‘ഫ്‌ളാഗ് ക്ലാസ്സ്’ എടുത്തിരിക്കുകയാണ്. ഇതാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ കൈയ്യടി നേടുന്നത്.
ഇന്നലെ കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവ് രാഹുല്‍ഗാന്ധി വയനാട് നോമിനേഷന്‍ നല്‍കാനെത്തിയപ്പോള്‍ ഇതുവരെ കാണാത്ത ഒരു സംഭവമുണ്ടായി. രാഹുല്‍ഗാന്ധിയെ സ്വീകരിച്ചാനയിക്കാനെത്തിയ ജനക്കൂട്ടത്തിന്റെ കൈയ്യില്‍ കോണ്‍ഗ്രസ്സിന്റെ ഒരു പതാക പോലും കണ്ടില്ല എന്നതാണ്. ഇത് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കൊന്നും വലിയ പ്രശ്‌നമായി തോന്നിയില്ല. എന്നാല്‍, കേരളത്തിന്റെ മുഖ്യമന്ത്രിക്ക് അത് സഹിച്ചില്ല. തെരഞ്ഞെടുപ്പിന്റെ പേരില്‍ സ്വന്തം പാര്‍ട്ടിയുടെ കൊടി ഉയര്‍ത്താന്‍ ഭയക്കുന്നവരെ എങ്ങനെ അംഗീകരിക്കാനവും. അതുകൊണ്ടാണ് മുഖ്യമന്ത്രി തന്നെ കോണ്‍ഗ്രസ്സുകാര്‍ക്കു വേണ്ടി ‘ഫ്‌ളാഗ് ക്ലാസ്സ്’ എടുത്തത്.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൊടിയുടെ ചരിത്രം അറിഞ്ഞുകൂടാത്ത കോണ്‍ഗ്രസ്സുകാര്‍ക്കെല്ലാം (അതിപ്പോ തലനരച്ച നേതാക്കള്‍ തൊട്ട്, കെ.എസ്.യുക്കാര്‍ക്കും ഉപകരിക്കും) വേണ്ടിയായിരുന്നു ക്ലാസ്സ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തുന്ന മുഖ്യമന്ത്രിയുടെ പരിപാടിയുടെ നാലാം ദിവസത്തില്‍ എറണാകുളത്തു നടത്തിയ വാര്‍ത്താ സമ്മേളത്തിലാണ് ക്ലാസ്സ്. തലയില്‍ വെളിവും വെള്ളിയാഴ്ചയുമുള്ള കോണ്‍ഗ്രസ്സുകാര്‍ക്ക് ഈ ക്ലാസ്സ് ഉപകരിച്ചേക്കുമെന്നു തന്നെയാണ് മുഖ്യമന്ത്രിയുടെ വിശ്വാസവും. അതില്‍ ‘ഇന്ന് കോണ്‍ഗ്രസ്സ് നാളെ ബി.ജെ.പി’ ഈലൈന്‍ പിടിച്ചു പോകുന്നവര്‍ ഉള്‍പ്പെടില്ല. അത്തരക്കാര്‍ക്ക് കോണ്‍ഗ്രസ്സിന്റെ കൊടിയുടെ ക്ലാസ്സെടുത്തിട്ട് ഒരു ഗുണവുമില്ല. അവര്‍ക്കു വേണ്ടി പിന്നീടെപ്പോഴെങ്കിലും ബി.ജെ.പി കൊടിയുടെ ചരിത്രം പറഞ്ഞു കൊടുക്കാന്‍ മുഖ്യമന്ത്രിക്ക് സ്‌കോപ്പുണ്ട് എന്നു വിശ്വസിക്കുകയേ നിര്‍വാഹമുള്ളൂ.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ സമ്പന്നമായ ചരിത്രത്തോടൊപ്പം ആ പതാക ഉയര്‍ത്തിപ്പിടിക്കാനായി ജീവത്യാഗം ചെയ്ത ധീരദേശാഭിമാനികളെക്കൂടി മറന്നിരിക്കുന്നു എന്നു പറഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രി ഫ്‌ളാഗ് ക്ലാസ്സ് ആരംഭിച്ചത്. 1921ല്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന സ്വാതന്ത്ര്യസമരത്തിന്റെ ആശയങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു പതാകയെന്നത് മഹാത്മാ ഗാന്ധിയുടെ ആശയമായിരുന്നു. സ്വരാജ് ഫ്‌ളാഗ് എന്ന് പേരിട്ട ആ ത്രിവര്‍ണ്ണ പതാക ജാതി-മത-പ്രാദേശിക ഭേദമന്യേ എല്ലാ ഇന്ത്യക്കാരേയും ഒരുപോലെ പ്രതിനിധീകരിക്കുന്നു എന്ന സങ്കല്പമായിരുന്നു ഗാന്ധിജി മുന്നോട്ടു വച്ചത്.
ആ പതാകയുടെ അടിസ്ഥാന സത്ത ഉള്‍ക്കൊണ്ടാണ് ഇന്ത്യയെന്ന മഹത്തായ ജനാധിപത്യ റിപ്പബ്ലിക്കിന്റെ പതാകയ്ക്കും രൂപം നല്‍കിയത്. ഈ പതാക ഉയര്‍ത്തി പിടിക്കാന്‍ സ്വാതന്ത്ര്യ സമരകാലത്ത് നമ്മുടെ രാജ്യത്ത് എത്ര കോണ്‍ഗ്രസുകാര്‍ ബ്രിട്ടീഷ് പോലീസിന്റെ മൃഗീയ മര്‍ദ്ദനം വാങ്ങിയിട്ടുണ്ട്. ഈ ചരിത്രം കോണ്‍ഗ്രസ് കാര്‍ക്കറിയില്ലേ. യൂണിയന്‍ ജാക്ക് വലിച്ച് താഴ്ത്തി ത്രിവര്‍ണ്ണ പതാക ഹോഷിയാപ്പൂര്‍ കോടതിയില്‍ ഉയര്‍ത്തി കെട്ടിയപ്പോള്‍ ആണ് ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് കടപ്പുറത്ത് ഉപ്പു കുറുക്കല്‍ സമരത്തിന് പങ്കെടുത്ത സഖാവ് ക്യഷ്ണപിള്ളയോട് ത്രിവര്‍ണ്ണ പതാക താഴെ വെയ്ക്കാന്‍ പോലീസ് പറഞ്ഞു.
തലങ്ങും വിലങ്ങും തല്ലിയിട്ടും നെഞ്ചോട് ചേര്‍ത്ത പതാക കൈവിടാന്‍ ആ ധീര ദേശാഭിമാനി തയ്യാറായില്ല. അങ്ങനെ ജ്വലിക്കുന്ന ഇന്നലെകള്‍ ഉള്ള പതാക പിന്നീട് കോണ്‍ഗ്രസ്സ് സ്വന്തം കൊടിയാക്കിയെങ്കിലും അതിന്റെ ചരിത്രത്തെ നിഷേധിക്കാനാവില്ല. ആ ചരിത്രമാണ് നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ കോണ്‍ഗ്രസ്സ്, ബി.ജെ.പിയെ ഭയന്ന് ഒളിപ്പിച്ചു വെക്കുന്നത്. സ്വന്തം പതാക ഉയര്‍ത്താതെ വര്‍ഗീയവാദികളെ ഭയന്ന് പിന്മാറും വിധം അധപ്പതിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ത്രിവര്‍ണ്ണ പതാക കോണ്‍ഗ്രസ്സ് ഉപേക്ഷിക്കണം എന്നത് സംഘപരിവാര്‍ ഉയര്‍ത്തിയ ആവശ്യമാണ്. അതിനു വഴങ്ങുകയാണോ പുതിയ കോണ്‍ഗ്രസ്സ്?.
കേവലം ഒരു തെരഞ്ഞെടുപ്പ് തന്ത്രമായി ചുരുക്കി കാണാനാവുന്ന അനുഭവമല്ല ഇത്. സ്വന്തം പതാക വേണോ വേണ്ടയോ എന്നൊക്കെ കോണ്‍ഗ്രസ്സിനും ലീഗിനും തീരുമാനിക്കാം. സ്വന്തം അസ്തിത്വം പണയം വെച്ചാണ് ഇക്കൂട്ടര്‍ നില്‍ക്കുന്നത് എന്ന് തിരിച്ചറിയാനും പ്രതികരിക്കാനും ഉള്ള വിവേകം ജനങ്ങള്‍ക്കുണ്ട്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ ‘പാകിസ്ഥാന്‍ പതാക പാറി’ എന്ന പ്രചരണമാണ് ലീഗിന്റെ കൊടി ഉയര്‍ത്തിയ സംഭവം ചൂണ്ടിക്കാട്ടി ഉത്തരേന്ത്യയില്‍ ബി.ജെ.പി നടത്തിയത്.
ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പതാക ഇന്ത്യയിലെ ജനങ്ങള്‍ അണിനിരക്കുന്ന പാര്‍ട്ടിയുടെ കൊടിയാണ് എന്ന് ആര്‍ജവത്തോടെ പറയാന്‍ കോണ്‍ഗ്രസ്സ് തയാറാകും എന്ന് ചിലരെങ്കിലും അക്കാലത്ത് പ്രതീക്ഷിച്ചിരുന്നു.
അതുണ്ടായില്ല എന്ന് മാത്രമല്ല, ഇപ്പോള്‍ അതേ കാരണത്താല്‍ സ്വന്തം പതാകയും കോണ്‍ഗ്രസ്സ് ഉപേക്ഷിച്ചിരിക്കുന്നു. ഈ കോണ്‍ഗ്രസ്സാണോ വര്‍ഗീയ ഭരണത്തിനെതിരെ സമരം നയിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായിട്ടല്ലേ.
അദ്ദേഹം ആ പാര്‍ട്ടിയുടെ ദേശീയ നേതാവുമാണ്. എന്നിട്ടും തന്റെ ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സ്വന്തം പതാക പരസ്യമായി ഉയര്‍ത്തിക്കാട്ടാനുള്ള ആര്‍ജവം ഇല്ലാതെ പോയതെന്തു കൊണ്ടാണ്. എന്ത് കൊണ്ടാണ് ഈ ഭീരുത്വം?. മുസ്ലിം ലീഗിന്റെ വോട്ട് വേണം, പക്ഷെ പതാക പാടില്ല എന്ന നിലപാട് എന്തു കൊണ്ടാണെടുക്കുന്നത്?. ലീഗ് പതാക ലോകത്തെ കാണിക്കുന്നതില്‍ നിന്ന് ഒളിച്ചോടാന്‍ സ്വന്തം കൊടിക്കു പോലും അയിത്തം കല്‍പ്പിക്കുന്ന ദുരവസ്ഥയിലേക്ക് കോണ്‍ഗ്രസ്സ് എന്തുകൊണ്ടാണ് താണു പോയതെന്നും മുഖ്യമന്ത്രി വേദനയോടെ ചോദിക്കുന്നുണ്ട്.
ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആ കൊടിയുടെ ചരിത്രം അറിയുമോ എന്ന സംശയം ഇതുകൊണ്ടാണ് ഉയരുന്നത്. അറിയുന്ന ചുരുക്കം ചിലര്‍ സൗകര്യപൂര്‍വ്വം അതു വിസ്മരിക്കുന്നുമുണ്ടെന്നും മുഖ്യമന്ത്രി കോണ്‍ഗ്രസ്സുകാരെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. വയനാട്ടില്‍ റോഡ്‌ഷോയ്‌ക്കെത്തിയ പ്രവര്‍ത്തകരെല്ലാം കൊടിക്കു പകരം ബലൂണുകളാണ് കൊണ്ടു വന്നത്. പിന്നെ, രാഹുല്‍ ഗാന്ധിയുടെ ഫോട്ടയുള്ള പ്ലക്കാര്‍ഡുകളും. ഒരു തുണ്ടു കൊടിപോലും ആരും പിടിച്ചില്ല. പാര്‍ട്ടി തീരുമാനം അറിയാതെ കൊടിയുമായെത്തിയ ചില കോണ്‍ഗ്രസ്സുകാര്‍ ആ കൊടികളെല്ലാം പൂഴ്ത്തി വെയ്ക്കുകയും ചെയ്തു. ഇതാണ് വയനാട്ടില്‍ നടന്നതെന്നാണ് മുഖ്യമന്ത്രിയുടെ ക്ലാസ്സിന്റെ വ്യംഗ്യാര്‍ത്ഥം.
പക്ഷെ, മുഖ്യമന്ത്രിയുടെ ‘ഫ്‌ളാഗ് ക്ലാസ്സ്’ ഒരു രാഷ്ട്രീയ സ്റ്റണ്ടു മാത്രമാണെന്നാണ് കോണ്‍ഗ്രസ് പാളയത്തില്‍ നിന്നും ലഭിക്കുന്ന മറുപടി. വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയില്‍ പങ്കെടുക്കാനെത്തിയ ജനസാഗരം കണ്ട് കണ്ണുതള്ളിപ്പോയതിന്റെ പ്രതിഫലനമാണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായതെന്നാണ് കോണ്‍ഗ്രസ്സ് ഭാഷ്യം. അണികളെ തെറ്റിദ്ധരിപ്പിക്കാനുള്ള ‘സൈക്കോളജിക്കല്‍ മൂവല്ലാതെ’ മറ്റൊന്നുമല്ല ഈ ക്ലാസ്സുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും കോണ്‍ഗ്രസ്സുകാര്‍ പറയുന്നു.