കാസർകോട് മദ്രസ അധ്യാപകൻ റിയാസ് മൗലവി വധക്കേസിൽ കോടതി പ്രതികളെ വെറുതെ വിട്ടതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ കേസുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. പ്രതികളെ വെറുതെവിട്ടതിൽ റിയാസ് മൗലവിയുടെ കുടുംബവും അതൃപ്തി അറിയിച്ചിരുന്നു. ഇതിനിടെ കേസിൽ പ്രതികൾ രക്ഷപ്പെടാൻ കാരണം പ്രോസിക്യൂട്ടറായ അഡ്വക്കേറ്റ് സി ഷുക്കൂറിന്റെ അനാസ്ഥയാണെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ നിറയുന്നുണ്ട്.
എന്താണ് ഈ അവകാശവാദത്തിന് യാഥാർഥ്യം എന്ന് പരിശോധിക്കാം.
“സംഘികൾ ശിക്ഷിക്കപെടാതെ ഇരിക്കാൻ വേണ്ടി പിണറായി വിജയൻ പ്രോസിക്യൂട്ടറായി ഇറക്കിയത് സ്വന്തം ഇസ്ലാം വിരുദ്ധനായ ഷുക്കൂർ വക്കീലിനെ… പോലീസിലും , കോടതികളിലും മാത്രമല്ല ഇരയ്ക്ക് വേണ്ടി പോലും ചാരനെ ഇറക്കി സംഘ്പരിവാർ ആടി തിമിർക്കുന്നു”…
പ്രചരിക്കുന്ന പോസ്റ്റിൽ ആരോപിക്കുന്നതുപ്പോലെ റിയാസ് മൗലവി വധക്കേസിലെ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സി ഷുക്കൂറാണോ ? ഈ വിവരമാണ് ആദ്യം അറിയേണ്ടത്. അന്വേഷണത്തിൽ കണ്ടെത്തിയത് റിയാസ് മൗലവിയുടെ ഭാര്യ സൈദയുടെ ആവശ്യപ്രകാരം കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി ആദ്യം നിയമിക്കപ്പെട്ടത് മുതിർന്ന ക്രിമിനൽ അഭിഭാഷകൻ അഡ്വ. അശോകൻ ആയിരുന്നു. എന്നാൽ, 2023 മെയ് 1ന് അഡ്വക്കേറ്റ് അശോകൻ മരണപ്പെട്ടു. തുടർന്ന് സൈദയുടെ ആവശ്യപ്രകാരം തന്നെ അഡ്വക്കേറ്റ് അശോകന്റെ സഹപ്രവർത്തകനായിരുന്ന അഡ്വക്കേറ്റ് ടി. ഷാജിത്തിനെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. റിയാസ് മൗലവി വധകേസിൽ മൂന്ന് പ്രതികളെയും വെറുതെവിട്ട് കോടതി വിധി വന്നതിന് പിന്നാലെ ഉണ്ടായ വിമർശനങ്ങൾക്ക് മറുപടിയുമായി പബ്ലിക് പ്രോസിക്യൂട്ടർ ടി. ഷാജിത്ത് തന്നെ രംഗത്തെത്തിയിരുന്നതും വാർത്തയായിരുന്നു.
റിയാസ് മൗലവി വധക്കേസിൽ പ്രൊസിക്യൂഷൻ ഭാഗത്ത് അഡ്വക്കേറ്റ് സി. ഷുക്കൂറിന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ടോ എന്നറിയാൻ നടത്തിയ അന്വേഷണത്തിൽ റിയാസ് മൗലവിയുടെ കുടുബത്തോടൊപ്പവും ആക്ഷൻ കമ്മറ്റിക്കൊപ്പവും ആദ്യം മുതൽ തൻ ഉണ്ടെന്നും എന്നാൽ കേസിലെ പബ്ലിക് പ്രൊസിക്യൂട്ടർ താനല്ലായെന്നും അഡ്വ. സി. ഷുക്കൂർ തന്നെ വെളിപ്പെടുത്തിയതായും കണ്ടെത്തി. കേസിലെ പ്രതികൾക്ക് മേൽ യുഎപിഎ കൂടി ചുമത്താനായി റിയാസ് മൗലവിയുടെ ഭാര്യ സെഷൻസ് കോടതിയിൽ പെറ്റീഷൻ നൽകിയ അവസരത്തിൽ താൻ അവരുടെ അഭിഭാഷകനായിരുന്നു. ഈ പെറ്റീഷൻ 2019ൽ സെഷൻ കോടതി തള്ളി. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും സെഷൻസ് കോടതിയെ സമീപിക്കാനാണ് ആവശ്യപ്പെട്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാസർഗോഡ് ജില്ലയിലെ ചൂരിയിൽ മദ്രസ അധ്യാപകനും കുടക് സ്വദേശിയുമായ മുഹമ്മദ് റിയാസ് മൗലവിയെ 2017 മാർച്ച് 20ന് പുലർച്ചെയാണ് ഒരു സംഘം ആളുകൾ കൊലപ്പെടുത്തിയത്. ഈ കേസിൽ അജേഷ്, നിതിന്‍കുമാര്‍, അഖിലേഷ് എന്നിവരെ പൊലീസ് പ്രതിചേർത്ത് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 7 വർഷമായി ഇവർ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. ഈ മൂന്ന് പ്രതികളെയുമാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്. വിധിക്കെതിരെ അപ്പീൽ പോകുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും വന്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കോടതിയടക്കം വിമര്‍ശിച്ചിരുന്നു. പ്രതികള്‍ക്ക് ആര്.എസ്.എസ് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ല.
ലഭ്യമായ വിവരങ്ങളിൽ നിന്നും റിയാസ് മൗലവി വധക്കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ സി. ഷുക്കൂർ അല്ലെന്നും അഡ്വക്കേറ്റ് ടി. ഷാജിത്ത് ആണെന്നും വ്യക്തമാണ്.