മസ്കത്ത്: ഗാസ മുനമ്പില്‍ യുദ്ധത്തില്‍ പരുക്കേറ്റ പലസ്തീനികള്‍ക്ക് ഒമാനില്‍ ചികിത്സ ലഭ്യമാക്കുന്നു. ഗുരുതരമായി പരുക്കേറ്റ സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ വൈദ്യ സഹായം നല്‍കുന്നതിനായി മസ്‌കത്തിലെത്തിച്ചു. ബുധനാഴ്ച വൈകീട്ട് ഒമാനില്‍ എത്തിയവരെ ആശുപത്രികളിലേക്ക് മാറ്റിയതായി ഒമാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പരുക്കേറ്റ പലസ്തീനികളെ ഒമാനിലെത്തിക്കുന്നതില്‍ സഹായങ്ങള്‍ നല്‍കിയ ഈജിപ്ഷ്യന്‍ അധികൃതര്‍ക്ക് മന്ത്രാലയം നന്ദി രേഖപ്പെടുത്തി.
അതേസമയം, തങ്ങളുടെ ന്യായമായ അവകാശങ്ങള്‍ വീണ്ടെടുക്കാനുള്ള പലസ്തീന്‍ ജനതയുടെ പോരാട്ടത്തിനൊപ്പം നിലകൊള്ളുന്ന ഒമാന് നന്ദി രേഖപ്പെടുത്തുന്നതായും ഗാസ മുനമ്പില്‍ പരുക്കേറ്റ നിരവധി പേരെ ഒമാന്‍ ചികിത്സക്കായി സ്വീകരിച്ചത് അഭിനന്ദനാര്‍ഹമാണെന്നും പലസ്തീന്‍ അംബാസഡര്‍ ഡോ. തയ്‌സീര്‍ ഫര്‍ഹത്ത് പറഞ്ഞു. യുദ്ധത്തിന്റെ തുടക്കം മുതല്‍ ഒമാനി നേതൃത്വത്തിന്റെയും ജനങ്ങളുടെയും നിലപാടുകള്‍ സ്ഥിരവും സന്തുലിതവുമാണെന്നും അംബാസഡര്‍ പറഞ്ഞു
∙ ഗാസയിലെ കുട്ടികള്‍ക്കായി ഒമാന്റെ രെു ദശലക്ഷം ഡോളര്‍
ഗാസയില്‍ യുദ്ധത്തിന്റെ ദുരിതം അനുഭവിക്കുന്ന കുട്ടികള്‍ക്കായി ഒരു ദശലക്ഷം ഡോളര്‍ ഒമാന്‍ സംഭാവന നല്‍കി. യൂനിസെഫ് വഴിയാണ് ഒമാന്‍ കുട്ടികളുടെ സംരക്ഷണത്തിനായുള്ള തുക കൈമാറിയത്. പലസ്തീനിലെ കുട്ടികളോടുള്ള ഒമാന്റെ ഉദാരമായ പ്രവൃത്തിയെ സ്വാഗതം ചെയ്യുന്നതായും ഈ സംഭാവന കുട്ടികളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുമെന്നും അവര്‍ക്ക് അടിസ്ഥാന പിന്തുണയും മെച്ചപ്പെട്ട ഭാവിയിലേക്കുള്ള പ്രതീക്ഷയും നല്‍കുന്നതിന് ഗുണം ചെയ്യുമെന്നും യൂനിസെഫ് ഒമാന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഭക്ഷ്യ സുരക്ഷയുടെ അഭാവം, വിദ്യാഭ്യാസ ആരോഗ്യ സേവനങ്ങളിലെ പരിമിതി തുടങ്ങിയ വലിയ പ്രതിബന്ധങ്ങള്‍ നേരിടുന്ന ഗാസ മുനമ്പിലെ കുട്ടികള്‍ക്ക് ഒമാന്‍ നല്‍കുന്ന സംഭാവനകള്‍ വലിയ ആശ്വാസവും പിന്തുണയുമാകുമെന്നും യൂനിസെഫ് ഒമാന്‍ പറഞ്ഞു.