തളിക്കുളത്തെ ദമ്പതികളുടെ മരണം ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക നിഗമനം

തളിക്കുളം: തളിക്കുളത്ത് വീട്ടിൽ വയോധിക ദമ്പതികൾ മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരം. ഹാഷ്മി നഗറില്‍ നൂല്‍പാടത്ത് അബ്ദുൽ ഖാദര്‍ (85), ഭാര്യ ഫാത്തിമ ബീവി (66) എന്നിവരെയാണ് ചൊവ്വാഴ്ച രാത്രി മരിച്ച നിലയിൽ കണ്ടത്.

രാവിലെ മുതല്‍ സന്ധ്യവരെ ഇരുവരെയും പുറത്ത് കണ്ടിരുന്നില്ല. വീട് അടഞ്ഞ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികളായ ബന്ധുകൾ സംശയം തോന്നി ജനല്‍ തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് മുറിയിലെ കട്ടിലില്‍ ഇരുവരും കിടക്കുന്നതായി കണ്ടത്. തുടർന്ന് ബന്ധുക്കളും നാട്ടുകാരും വാടാനപ്പള്ളി പൊലീസിനെ വിവരമറിയിച്ചു. സ്ഥലം പരിശോധിച്ചതിൽ മറ്റ് സംശയമൊന്നും തോന്നിയില്ലെന്ന് പൊലീസ് പറഞ്ഞു.

read more : രാഹുല്‍ ഗാന്ധിക്ക് സ്വന്തം പതാക പരസ്യമായി ഉയര്‍ത്തിക്കാട്ടാനുള്ള ആര്‍ജവം ഇല്ലാതെ പോയി: പിണറായി വിജയന്‍

ബുധനാഴ്ച ലഭിച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഹൃദയാഘാതമാണ് മരണകാരണമെന്ന വിവരം ലഭിച്ചത്. ഫാത്തിമ മരിച്ചിട്ട് 24 മണിക്കൂറും അബ്ദുൽ ഖാദർ മരിച്ചിട്ട് 18 മണിക്കൂറിനടുത്തും ആയിരുന്നുവെന്നാണ് പറയുന്നത്. ഇരുവരും ഹൃദ്രോഗമുള്ളവരാണ്. ഫാത്തിമ മരിച്ച വേദനയിൽ അബ്ദുൽ ഖാദറിനും ഹൃദയാഘാതം വന്നതാകാമെന്നാണ് നിഗമനം. ഫാത്തിമയുടെ കാലിൽ തലവെച്ച നിലയിലാണ് അബ്ദുൽ ഖാദറിന്‍റെ മൃതദേഹം കണ്ടത്. മൃതദേഹങ്ങൾ ബുധനാഴ്ച വൈകീട്ട് തളിക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവുചെയ്തു.