കാണാനും അനുഭവിക്കാനും രുചിക്കാനും ഏറെയുള്ള നഗരമാണ് തിരുവനന്തപുരം. യാത്രകൾക്കയാണെങ്കിൽ ആഴിമലയും, പൂവാറും, കൊട്ടാരങ്ങളും, കടലുകളും നിങ്ങളെ സ്വീകരിക്കും. പിന്നീടുള്ളത് രുചിയാണ്. തിരുവനന്തപുരത്ത് എത്തുന്നവരുടെ ആദ്യത്തെ പരാതി; സുഹൃത്തേ.. ഇവിടെ നല്ല ഭക്ഷണം കിട്ടുന്ന ഒറ്റ കടയില്ലല്ലോ എന്നാണ്. ചിലർക്ക് മീൻകറി ഇഷ്ടപ്പെടില്ല, ചിലർക്ക് ബിരിയാണി ഇഷ്ടപ്പെടില്ല, ചിലർക്ക് ഊണും പിടിക്കില്ല. ചിതറി കിടക്കുന്ന രുചികളുടെ കലവറയാണ് ഈ നഗരം.
ഓരോ സ്ഥലങ്ങളുടെയും മുക്കിലും മൂലയിലും ഓരോ രുചികൾ ഒളിച്ചിരിപ്പുണ്ടാകും. വലിയ ആർഭാടങ്ങളോ ആരവങ്ങളോ ഇല്ലാത്ത പഴമയുടെ അനേക വര്ഷം പാരമ്പര്യങ്ങളുള്ള രുചികൾ ഇവിടെയുണ്ട്. ഓരോ നാടിനും ഓരോ രുചിയാണ്. കടുക് പൊട്ടിക്കുന്നത് മുതൽ കറി ഇളക്കി വാങ്ങുന്നത് വരെ ഓരോരുത്തർക്കും ഓരോ രീതികളാണ്. ഭക്ഷണ സംസ്ക്കാരം അതത് നാടിൻറെ കൂടി സംസ്കാരമാണ്.
തിരുവന്തപുരത്തെ മികച്ച 5 രുചികൾ പരിചയപ്പെട്ടാലോ?
റാജില ഹോട്ടൽ
ആവിയിൽ വേവുന്ന നല്ല മട്ടൻറെ മണം. എയർപോർട്ട് റോഡിനടുത്തുള്ള റാജില ഹോട്ടൽ മട്ടൻ വിഭവങ്ങൾക്ക് പ്രസിദ്ധമാണ്. മട്ടൻ പ്രേമികൾ ഒരിക്കലും മിസ് ആക്കരുത് ഈ കട. മട്ടൻ പിരട്ടു, മട്ടൻ കറി, നെല്ലി, മട്ടൻ ഫ്രൈ, മട്ടൻ ബ്രെയിൻ എന്നിങ്ങനെ പോകുന്നു ഇവിടുത്തെ മെനു. ഏകദേശം 60 വർഷത്തിൽ കൂടുതൽ ഭക്ഷണ പാരമ്പര്യം ഈ ഹോട്ടലിനുണ്ട്. മുഹമ്മദ് ഇക്കയാണ് ഇപ്പോൾ ഇതിന്റെ ഓണർ. മട്ടന്റെ കൂടെ കഴിക്കാൻ പൊറോട്ടയും, ഒറട്ടിയുമാണ് ലഭിക്കുക. മട്ടൻ നെല്ലിക്ക് ആവശ്യക്കാർ കൂടുതലാണ് അതിനാൽ തന്നെ നേരത്തെ വിളിച്ചു പറഞ്ഞാൽ മാത്രമേ ലഭിക്കുകയുള്ളു.
ഇവിടുത്തെ ആകർഷക ഘടകം മട്ടൻ വേവിക്കുന്നതാണ്. മട്ടൻ എല്ലാം ഇട്ട്, മസാല ഇട്ട് മൂടും. 25 മിനിട്ടിനു ശേഷം മാത്രമേ ഇളക്കി തുടങ്ങുകയുള്ളു. അതുവരെ ആവിയിലും, മസാലയിലും മട്ടൻ വേവും. അസാധ്യ രുചി അനുഭവിക്കണമെന്നുണ്ടെങ്കിൽ നേരെ ഇങ്ങോട്ടേക്ക് പോകാം
പാപ്പൻഞ്ചാണി
ശശിയേട്ടന്റെ കട എന്ന് പറഞ്ഞാലേ തിരുവനന്തപുരത്തിനു പാപ്പൻഞ്ചാണിയെ അറിയുകയുള്ളൂ. തിരുവന്തപുരത്തിന്റെ കുട്ടനാട് എന്ന അറിയപ്പെടുന്ന വെള്ളായണിയിലാണ് പാപ്പൻഞ്ചാണി ഉള്ളത്. ഭക്ഷണം കഴിക്കാൻ വരുന്നവർക്ക് പ്രകൃതി ഭംഗി കൂടി ആസ്വദിച്ച് മടങ്ങാം. കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന താമര കായൽ. അവിടുത്തെ അസ്തമയവും, ഉദയവും നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല . താമരക്കായലിനടുത്തു തന്നെ താമര വാങ്ങാൻ കിട്ടും. നല്ല ഉപ്പിലിട്ട രുചികളും കഴിക്കാം
കാഴ്ചകളൊക്കെ കണ്ടു വിശപ്പടിച്ചു തുടങ്ങിയെങ്കിൽ പാപ്പൻഞ്ചാണിയിലേക്ക് പോയാലോ? പുട്ടും ചിക്കൻ പെരട്ടുമാണ് ഇവിടുത്തെ സ്‌പെഷ്യൽ വിഭവങ്ങൾ. ഒരു വട്ടം രുചിച്ചാൽ നാവിൽ നിന്നുമിറങ്ങി പോകാത്ത രുചിയാണ് ഇവിടുത്തെ ചിക്കൻ പെരട്ടിന്റേത്. ഇതിനു പുറമെ നല്ല നാടൻ ഊണ് കഴിക്കാം. ഒപ്പം അവിയൽ, സാമ്പാർ, തോരൻ എന്നിവ കാണും.
ഭക്ഷണപ്രേമികൾ പരീക്ഷിക്കുന്ന വേറൊരു കോംബോ ആണ് കപ്പയും ചിക്കൻ പെരട്ടും നാരങ്ങ വെള്ളവും. പോർക്കും ഇവിടെ ലഭിക്കും. കറികളെല്ലാം വിളമ്പി നമ്മുടെ ടേബിളിൽ കൊണ്ട് വയ്ക്കും. ആവിശ്യമുള്ളത്ര കഴിച്ചു വയറും മനസ്സും നിറയ്ക്കാം
മുബാറക്ക്
മുബാറക്കിലെ ഊണ് കഴിക്കാത്ത തിരുവനന്തപുരത്തുകാർ ഉണ്ടാവില്ല. പഴമയും, രുചിയും ഒരു പോലെ വീര്യമുള്ളതാണിവിടെ. ചാല മാർക്കറ്റ് റോഡിലെ ചെറിയൊരു റോഡാണ് മുബാറക്ക്. ഊണാണ് ഇവിടുത്തെ ജനപ്രീയ ഭക്ഷണം.
12 മണിക്കാണ് ഇവിടെ ഊണ് കൊടുത്ത് വിടുന്നത്. പക്ഷെ 11.40 ആകുമ്പോഴേ കട നിറയും. വറ്റൽ മുളകിട്ട ഫിഷ് ഫ്രൈ, കൊഞ്ചു ഫ്രൈ, കിളിമീൻ, ചൂര എന്നിങ്ങനെ കൊതി തോന്നിപ്പിക്കുന്ന ഐറ്റംസ് ആണ് ഇവിടെയുള്ളത്. നല്ല നാടൻ രുചിയാണ്.
ഗിമ്മിക്കുകളൊന്നുമില്ലാതെ വീട്ടിൽ നിന്നും നല്ലയൊരു ഊണ് കഴിച്ച അനുഭവമാണ് കഴിച്ചിറങ്ങുമ്പോൾ തോന്നുക. ചോറിനൊപ്പം മീഞ്ചാർ, തോരൻ, കിച്ചടി എന്നിവ ലഭിക്കും. തിരക്ക് കൂടുതലാണെങ്കിലും ഭക്ഷണത്തിനു വേണ്ടി മണിക്കൂറുകളോളം കാത്തിരിക്കുകയൊന്നും വേണ്ട പെട്ടന്ന് ഓർഡർ ലഭിക്കും
റഹ്‌മാനിയ [കേത്തൽ ചിക്കൻ]
ബി ബി സി ഫീച്ചറാക്കിയ പടം ചുവരിൽ തൂക്കിയിട്ട്. രുചി അങ്ങ് ബി ബി സിയ്ക്ക് വരെ അറിയാം. 70 വർഷത്തിലധികം പാരമ്പര്യമാണ് റഹ്‌മാനിയ്ക്കുള്ളത്. ഒരു നാടിന്റെ അനേകം രുചികളിൽ ഒഴിച്ച് കൂടാനാവാത്ത രുചിയായി ഇവിടുത്തെ കേത്തൽസ് ചിക്കൻ മാറിയിരിക്കുന്നു. കുഞ്ഞു കോഴിയെ ആണ് പൊരിച്ചു നൽകുന്നത്.
ഒരു കോഴി പൊരിച്ചു നൽകുന്നതിലെന്ത ഇത്ര പ്രത്യകത എന്ന് ചിന്തിക്കണ്ട. ഇതിൽ ഉപയോഗിക്കുന്ന മസാലയിലാണ് കാര്യം. വറ്റൽമുളകും, കുഞ്ഞു കോഴിക്കാലും മിക്സ് ആകുമ്പോൾ അസാധ്യ രുചിയാണ് ലഭിക്കുക. ഉച്ചയ്ക്ക് പോയാൽ ഇവിടെ നിന്നും നെയ് ചോറും ലഭിക്കും.
ഗുഡ്മോർണിംഗ് ഹോട്ടൽ
വിറകടുപ്പിൽ വേവുന്ന ബീഫ്.കരമന ദേശത്തിൽ മുഴുവൻ ബീഫിന്റെ മണം 9 മണിയാകുമ്പോൾ പരക്കും. ഹക്കീം ഇക്കയുടെ രഹസ്യ മസാല കൂട്ടാണ് ഇവിടുത്തെ നായകൻ. മസാല നല്ലതു പോലെ തിളപ്പിച്ചു പാകമായി കഴിഞ്ഞു മാത്രമേ വേവിച്ച ബീഫ് ഇട്ട് മിക്സ് ആക്കുകയുള്ളു. വിറകടുപ്പിലാണ് വയ്ക്കുന്നത്. അപ്പോൾ പിന്നെ രുചിയുടെ കാര്യം എടുത്തു പറയണ്ടല്ലോ? പൊറോട്ടയും ബീഫുമാണ് ഇവിടുത്തെ ഫേമസ് ഐറ്റം. പൊറോട്ട വേണ്ടാത്തവർക്ക് ഇടിയപ്പം ലഭ്യമാകും