തിരുവനന്തപുരം: പൂജപ്പുര എൽബിഎസ് വനിത എൻജിനീയറിങ് കോളേജിൽ വിദ്യാർത്ഥികളുമായി ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ സംവദിച്ചതിൽ കോളേജ് പ്രിൻസിപ്പലിന് താക്കീത് നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ. എൽഡിഎഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.രാജീവ് ചന്ദ്രശേഖറിന്റേത് പെരുമാറ്റച്ചട്ടലംഘനമാണെന്നാണ് എൽഡിഎഫ് പരാതിയിൽ ഉന്നയിച്ചത് .
തിരുവനന്തപുരം മണ്ഡലത്തിലെ പെരുമാറ്റച്ചട്ട കാര്യങ്ങളുടെ ചുമതലയുള്ള നോഡൽ ഓഫീസറായ സബ് കളക്ടർ അശ്വതി ശ്രീനിവാസിന്റേതാണ് നടപടി. അതേ സമയം കേന്ദ്രമന്ത്രി എന്ന പദവിയിൽ രാജീവ് ചന്ദ്രശേഖർ കോളേജിൽ പ്രചാരണം നടത്തി എന്ന പരാതി തെളിവുകളില്ലെന്ന കാരണത്താൽ കമ്മീഷൻ തള്ളി. എൽബിഎസ് വനിത കോളേജിൽ കേന്ദ്രമന്ത്രി എന്ന നിലയിൽ രാജീവ് ചന്ദ്ര ശേഖർ മാർച്ച് 22 നു പരിപാടി സംഘടിപ്പിക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് അത് റദ്ദാക്കാൻ പ്രിൻസിപ്പലിന് നോഡൽ ഓഫിസർ നിർദ്ദേശം നൽകിയിരുന്നു.
തുടർന്ന് പരിപാടി റദ്ധാക്കിയതായി പ്രിൻസിപ്പൽ നോഡൽ ഓഫീസറെ അറിയിച്ചു. എന്നാൽ ,ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറും എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രനും അന്നു കോളേജ് സന്ദർശിച്ച് 10 മിനുറ്റ് വിദ്യാർത്ഥികളുമായി സംസാരിച്ചതായി തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങൾ പരിശോധിക്കുന്ന ജില്ലാ സ്‌ക്വഡിന്റെ പരിശോധനയിൽ കണ്ടെത്തി.
പ്രത്യേക പരിപാടി കോളേജ് അധികൃതർ സംഘടിപ്പിച്ചതല്ലെന്നും വ്യക്തമായി.ഇതു സംബന്ധിച്ച് നോഡൽ ഓഫീസർ നൽകിയ മറുപടി തൃപ്തികരമല്ലെന്ന് പറഞ്ഞ് രാജീവ് ചന്ദ്രശേഖറിന്റെ സമൂഹമാധ്യമ അക്കൗഡുകളിലെ വീഡിയോ,ചിത്രം ,നോട്ടീസ് എന്നിവയുമായി എൽഡിഎഫ് വീണ്ടും പരാതി നൽകി. എന്നാൽ,ഇതിൽ വിദ്യാർത്ഥികളുമായി സംസാരിച്ചെന്ന കാര്യം മാത്രമാണ് ഉള്ളതെന്നാണ് സബ് കളക്ടറുടെ വിലയിരുത്തൽ.