പാരിസ്: സൂപ്പർ താരം കിലിയൻ എംബാപ്പെ നേടിയ ഏക ഗോളിൽ റെന്നെയെ കീഴടക്കി പാരിസ് സെന്റ് ജെർമെയ്ൻ (പി.എസ്.ജി) ഫ്രഞ്ച് കപ്പ് ഫൈനലിൽ. സെമിഫൈനലിൽ 70 ശതമാനവും പന്ത് വരുതിയിലാക്കിയാണ് പി.എസ്.ജി ജയിച്ചുകയറിയത്.
തുടക്കം മുതൽ ആക്രമിച്ചുകയറിയ പി.എസ്.ജിക്കായി 37ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി എംബാപ്പെ പാഴാക്കി. താരത്തിന്റെ കിക്ക് റെന്നെ ഗോൾകീപ്പർ സ്റ്റീവ് മൻഡാംഗ വലത്തോട്ട് ഡൈവ് ചെയ്ത് തട്ടിത്തെറിപ്പിച്ചിക്കുകയായിരുന്നു. എന്നാൽ, മൂന്ന് മിനിറ്റിനകം എംബാപ്പെ പ്രായശ്ചിത്തം ചെയ്തു. പി.എസ്.ജിയുടെ കൗണ്ടർ അറ്റാക്കിനെ തുടർന്ന് പ്രതിരോധ താരത്തിന്റെ കാലിൽ തട്ടിത്തെറിച്ച പന്ത് പിടിച്ചെടുത്ത എംബാപ്പെ എതിർ ഗോൾകീപ്പറെ കീഴടക്കുകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിലും താരത്തിന് സുവർണാവസരം ലഭിച്ചെങ്കിലും റെന്നെ ഗോൾകീപ്പർ തടസ്സംനിന്നു. തുടർന്നും പി.എസ്.ജി അവസരങ്ങളേറെ തുറന്നെടുത്തെങ്കിലും ഗോളിലെത്തിയില്ല.
ഫ്രഞ്ച് കപ്പിൽ 15ാം കിരീടം ലക്ഷ്യമിടുന്ന പി.എസ്.ജിക്ക് മേയ് 25ന് നടക്കുന്ന ഫൈനലിൽ ലിയോൺ ആണ് എതിരാളികൾ. ഫ്രഞ്ച് ലീഗിൽ ഏഴ് മത്സരങ്ങൾ മാത്രം ശേഷിക്കെ 12 പോയന്റ് ലീഡുമായി കിരീടത്തിലേക്ക് കുതിക്കുകയാണ് ലൂയിസ് എന്റിക്വെയുടെ ടീം. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ പ്രവേശിച്ച പി.എസ്.ജിക്ക് എതിരാളികൾ ബാഴ്സലോണയാണ്. ബുധനാഴ്ച പാരിസിലാണ് ആദ്യപാദ മത്സരം.