ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരേ ഇലക്ട്രോണിക് തെളിവുണ്ടാക്കാന്‍ ഇ.ഡിയുടെ നെട്ടോട്ടം. ഇതുമായി ബന്ധപ്പെട്ട് ഇ.ഡി ഐ ഫോണ്‍ കമ്പനിയായ ആപ്പിളിനെ സമീപിച്ചിരിക്കുകയാണ്. കെജരിവാളിനെതിരെ യാതൊരു ഇലക്ട്രോണിക് തെളിവും കണ്ടെത്താന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഇതുവരെ സാധിച്ചിട്ടില്ല എന്നതാണ് പരാജയം. ഈ സാഹചര്യത്തില്‍ കെജരിവാളിന്റെ ആപ്പിള്‍ ഐഫോണ്‍ തുറക്കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ ശ്രമം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
ഫോണിന്റെ പാസ്‌കോഡ് നല്‍കാന്‍ കെജരിവാള്‍ വിസമ്മതിച്ചതോടെ അന്വേഷണസംഘം ഐഫോണ്‍ കമ്പനിയായ ആപ്പിളിനെ അനൗപചാരികമായി സമീപിക്കുകയായിരുന്നു. ഉടമയുടെ അനുവാദമില്ലാതെ ഫോണ്‍ അണ്‍ലോക്ക് ചെയ്യില്ലെന്നും വിവരങ്ങള്‍ ചോര്‍ത്തി നല്‍കില്ലെന്നും ആപ്പിള്‍ അറിയിച്ചതായാണ് സൂചന. അന്വേഷണ ഏജന്‍സി എന്ന നിലയില്‍ ഔദ്യോഗികമായി ഇഡി ആവശ്യപ്പെട്ടാലും ആപ്പിളിന്റെ പ്രതികരണം മാറില്ലെന്നാണ് വിവരം.
ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്ന സുരക്ഷാ നയങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കാന്‍ സുരക്ഷാ ഏജന്‍സികളോട് പോലും തര്‍ക്കിച്ചുനിന്ന കമ്പനിയാണ് ആപ്പിള്‍. 2015ല്‍ കാലിഫോര്‍ണിയയിലെ വെടിവെപ്പ് കേസില്‍ അക്രമികളായ ദമ്പതികള്‍ ഉപയോഗിച്ച ഐഫോണ്‍ 5സി അണ്‍ലോക്ക് ചെയ്യാന്‍ യുഎസ് അന്വേഷണ എജന്‍സിയായ എഫ്ബിഐ ആപ്പിളിനെ സമീപിച്ചിരുന്നു.
ഉപയോക്താവിന്റെ സമ്മതം കൂടാതെ ഫോണിലെ ഒരു വിവരവും ചോര്‍ത്താന്‍ കഴിയില്ലെന്ന നിലപാടാണ് അന്ന് ആപ്പിള്‍ എടുത്തത്. ഇതേ തുടര്‍ന്ന് ആപ്പിളും യുഎസ് സര്‍ക്കാരും തമ്മില്‍ തുറന്ന പോരിലേക്കു വരെ നീങ്ങിയിരുന്നു. അന്വേഷണ ഏജന്‍സികള്‍ക്കെന്നല്ല, ആര്‍ക്കും ഇതുവരെ ഐഫോണ്‍ അണ്‍ലോക്ക് ചെയ്ത് കൊടുത്തിട്ടില്ല. ഉപഭോക്താക്കളുടെ സ്വകാര്യത മാനിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ നയം ആപ്പിള്‍ തുടരുന്നത്. ഈ നിലപാടാണ് അരവിന്ദ് കേജ്രിവാള്‍ പ്രതിയായ ഇഡി കേസിലും ആപ്പിള്‍ കൈക്കൊണ്ടിരിക്കുന്നത്.
അമേരിക്കയിലെ കേസില്‍ പിന്നീട് ഓസ്ട്രേലിയന്‍ കമ്പനിയുടെ സഹായത്തോടെയാണ് എഫ്ബിഐ അക്രമികളുടെ ഫോണ്‍ അണ്‍ലോക്ക് ചെയ്തത്. എന്നാല്‍, ഓസ്ട്രേലിയന്‍ കമ്പനിക്കെതിരെ ആപ്പിള്‍ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഐഒഎസ് 8ന് ശേഷമുള്ള വേര്‍ഷനുകളിലെ ഡാറ്റ ചോര്‍ത്താന്‍ കമ്പനിക്കും സാധ്യമല്ല എന്നാണ് ആപ്പിള്‍ പറയുന്നത്. ശക്തമായ സൈബര്‍ ആക്രമണങ്ങളെ നേരിടാനാണ് ആപ്പിള്‍ ഐഫോണുകളില്‍ ഇത്തരം പ്രതിരോധ സംവിധാനം ഉപയോഗിക്കുന്നത്.
ആപ്പിള്‍ എന്ന ബ്രാന്‍ഡ് വിശ്വാസയോഗ്യമാകുന്നത് ഉപഭോക്താവിന്റെ സ്വകാര്യത സംരക്ഷിക്കുന്നതു കൊണ്ടാണ്. ഇതാണ് ഐഫോണിന്റെ മുഖമുദ്രയും. ആന്‍ഡ്രോയിഡ് ഫോണുകളെ അപേക്ഷിച്ച് ഐഫോണില്‍ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങള്‍ കൈയ്യടക്കാന്‍ തേര്‍ഡ് പാര്‍ട്ടികള്‍ക്ക് എളുപ്പമല്ല. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന് വളരെയധികം പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കുന്ന ആപ്പിള്‍, വാഗ്ദാനം ചെയ്യുന്ന പ്രൈവസി പോളിസിയില്‍ ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യാന്‍ ഇതുവരെ തയ്യാറായിട്ടില്ല എന്നാണ് മനസ്സിലാക്കേണ്ടത്.