ചൂട് കഴിഞ്ഞ വർഷങ്ങളേക്കാൾ വളരെ കൂടുതലാണ്. പുറത്തെ വെയിലും പൊടിയും ആരോഗ്യത്തോടൊപ്പം ചർമ്മത്തെയും ഹാനികരമായി ബാധിക്കും. വേനൽക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?
എന്തൊക്കെ ചെയ്യാം?
വെള്ളം
വേനൽക്കാലത്തായാലും മഴക്കാലത്തായാലും ചർമസംരക്ഷണത്തിനായി ആദ്യം ചെയ്യേണ്ടത് ധാരാളം വെള്ളം കുടിക്കുക തന്നെ. പ്രതിദിനം 15 മുതൽ 20 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ദാഹം തോന്നുമ്പോൾ മാത്രമല്ല ഇടയ്ക്കിടെ വെള്ളം കുടിച്ചുകൊണ്ടേയിരിക്കണം. തിളപ്പിച്ചാറിയ വെള്ളം എപ്പോഴും കുപ്പിയിൽ കരുതുക.
തണുത്ത വെള്ളവും ശീതള പാനീയങ്ങളും ഒഴിവാക്കാം. ധാരാളം ജലാംശം വിയർപ്പിലൂടെ നഷ്ടപ്പെടുന്നതിനാൽ നിർജലീകരണം ഉണ്ടാകാതിരിക്കാനാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. ധാരാളം വെള്ളം കുടിക്കുന്നതിനൊപ്പം തണ്ണിമത്തൻ, ഓറഞ്ച്, നെല്ലിക്ക തുടങ്ങിയ പഴങ്ങളും കഴിക്കണം.
ഭക്ഷണം
സൗന്ദര്യത്തിനും ആരോഗ്യത്തിനുമായി വേനൽക്കാലത്ത് ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. സ്പൈസി ഫുഡും നോൺ വെജും കുറയ്ക്കാം.
മേക്കപ്
വേനൽക്കാലത്ത് മണിക്കൂറിൽ ഒരു തവണയെങ്കിലും മുഖം കഴുകയെന്നതാണ് ചർമ സംരക്ഷണത്തിനുള്ള പ്രധാനമാർഗങ്ങളിൽ ഒന്ന്. അതുകൊണ്ട് തന്നെ ആവശ്യമില്ലെങ്കിൽ മേപ്പയ്ക്ക് ഒഴിവാക്കുന്നതായിരിക്കും നല്ലത്. ലിപ്സ്റ്റിക്കിനു പകരം ലിപ് ബാമാക്കാം.
കൈയ്ക്കും കാലിനും
മുഖത്തോടൊപ്പം കൈയിലും കാലിലും സൺസ്ക്രീൻ ഇടാൻ മറക്കരുത്. വെയിലത്തു നിന്നു വന്നതിനു ശേഷം കാലും കയ്യും അരമണിക്കൂർ ഇളം ചൂടുള്ള ഉപ്പുവെള്ളത്തിലിട്ടു വയ്ക്കുക. കുറച്ചു നിറം കുറയുമെങ്കിലും ഷൂ വേനൽക്കാലത്ത് ഒഴിവാക്കുന്നതായിരിക്കും കാലിന്റെ ആരോഗ്യത്തിനു നല്ലത്.
ഡ്രസ്സ്
കോട്ടൺ ഡ്രസുകളാണ് വേനൽക്കാലത്ത് ധരിക്കേണ്ടത്. ഇറുകിയ ഡ്രസുകൾ പാടെ ഒഴിവാക്കാം.
കുട
വെയിലത്തിറങ്ങുമ്പോൾ കുട എടുക്കാൻ മറക്കേണ്ട
മുഖം
സൂര്യാതപമേൽക്കാൻ പോലും സാധ്യതയുള്ള ഈ വെയിലത്ത് ഇറങ്ങാതിരിക്കുകയാകും ഏറ്റവും നല്ലത്. പക്ഷേ പോകേണ്ടിടത്ത് പോകാതിരിക്കാനും ആവില്ലല്ലോ. അപ്പോൾ സംരക്ഷണമാണ് പ്രധാനം.
വെയിലത്ത് പോയി വന്നാലുടൻ തണുത്ത കട്ടത്തൈര്, കക്കരി, തണ്ണിമത്തൻ എന്നിവ മിക്സിയിൽ അടിച്ചെടുത്തതോ, കറ്റാർ വാഴയോ മുഖത്ത് തേച്ചു പിടിപ്പിക്കുക. 10 മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇപ്പോ ഒന്നു ശ്രദ്ധിക്കൂ.. രണ്ട് മാസം കഴിയുമ്പോൾ വീണ്ടും സ്റ്റൈൽ ആയി നടക്കാം.
സൺ സ്ക്രീൻ ലോഷൻ ഇടുമ്പോൾ
പുറത്തേക്കിറങ്ങാൻ തുടങ്ങുന്നതിനും തൊട്ടുമുൻപാകും പതിവായി സൺ സ്ക്രീൻ ലോഷൻ ഇടുക. എന്നാൽ ഇന്നു മുതൽ പുറത്തിറങ്ങുന്നതിന് അര മണിക്കൂർ മുൻപു തന്നെ സൺ സ്ക്രീൻ ലോഷൻ തേച്ചോളൂ. ലോഷൻ ചർമം വലിച്ചെടുത്തതിനു ശേഷം മാത്രം വെയിലത്തേക്കിറങ്ങുക. സൺ സ്ക്രീൻ ലോഷനുകൾ തിരഞ്ഞെടുക്കുമ്പോൾ
എസ്പിഎഫ് നോക്കി സൺ സ്ക്രീൻ ലോഷൻ തിരഞ്ഞെടുക്കുന്നവരാണ് എല്ലാവരും. വേനൽക്കാലത്ത് എസ്പിഎഫിന്റെ അളവ് കൂടുതലുള്ള ലോഷനാണ് വെയിലിൽ നിന്നും കൂടുതൽ സംരക്ഷണം തരുന്നത്. ഇപ്പോഴത്തെ ചൂടിൽ എസ്പിഎഫ്–30 സൺ സ്ക്രീൻ ലോഷനുകളാണ് ഉപയോഗിക്കേണ്ടത്. വാട്ടർ ബേസ്ഡ് ആയ സൺ സ്ക്രീനുകളാവണം വേനൽക്കാലത്തിനായി തിരഞ്ഞെടുക്കേണ്ടത്.
റോസ് വാട്ടർ ആവാം
ടോണിങ്ങിനും മോയിസ്ചറൈസിങ്ങിനും റോസ് വാട്ടർ ഉപയോഗിക്കുന്നതും വേനൽക്കാലത്ത് നല്ലതാണ്.
ഫേഷ്യൽ പാക്ക്
പപ്പായ, നാരങ്ങാ നീര്, തക്കാളി നീര്, തേൻ, റോസ് വാട്ടർ എന്നിവ വീട്ടിൽ തന്നെ തയാറാക്കുന്ന ഫേസ് പാക്കുകളുടെ കൂടെ മുഖത്ത് തേക്കാം. വെയിലത്ത് മങ്ങിയ നിറം തിരിച്ചു വരും. ഉരുളക്കിളങ്ങ് മിക്സിയിൽ അടിച്ച് കുഴമ്പു പരുവത്തിലാക്കി തേൻ ചേർത്തു മുഖത്തു തേയ്ക്കുന്നതും വേനൽക്കാലത്തെ കരുവാളിപ്പ് മാറാൻ സഹായിക്കും.
വരണ്ട ചർമത്തിന്
വരണ്ട ചർമമാണെങ്കിൽ ഒലിവ് ഓയിൽ കൊണ്ട് മസാജ് ചെയ്യുന്നത് നന്നായിരിക്കും.