മോന്സന് മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച്. കേസില്‍ രണ്ടും മൂന്നും ഘട്ട കുറ്റപത്രം സമര്‍പ്പിച്ചു. മുന്‍ ഡിഐജി എസ് സുരേന്ദ്രന്, ഐജി ലക്ഷ്മണ് എന്നിവരാണ് പുതിയ പ്രതികള്‍. എന്നാല്‍ ഇവര്‍ പണം വാങ്ങിയതിന് തെളിവില്ലെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എസ് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖ, ശില്പി സന്തോഷ് എന്നിവരും പ്രതികളാണ്. തട്ടിയെടുത്ത പണം മുഴുവന്‍ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല.
അതേസമയം അഞ്ച് കോടി നാല്പത്തിയഞ്ച് ലക്ഷം രൂപ ചെലവായതിന് തെളിവ് കിട്ടിയിട്ടുണ്ട്. പത്ത് കോടി നല്‍കിയെന്നായിരുന്നു പരാതി. ബാക്കി തുക കണ്ടെത്താന്‍ അന്വേഷണം തുടരുമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. മുന്‍ ഡിഐജി സുരേന്ദ്രനും ഐജി ലക്ഷ്മണനും പണം വാങ്ങിയതിന് തെളിവില്ല. ഉദ്യോഗസ്ഥര്‍ തട്ടിപ്പിന് കൂട്ടു നിന്നു എന്ന് കുറ്റപത്രത്തില്‍ പറയുന്നു. വിശ്വാസ വഞ്ചന കുറ്റം മാത്രമാണ് ചുമത്തിയിരിക്കുന്നത്.
മോന്സണ് മാവുങ്കല്‍ പ്രതിയായ തട്ടിപ്പ് കേസില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചു. കെ. സുധാകരന് രണ്ടാം പ്രതിയായ കേസില്‍ എറണാകുളം എ.സി.ജെ.എം കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് മോന്സണ് മാവുങ്കല്‍ പ്രതിയായ തട്ടിപ്പുകേസിലെ കൂട്ടുപ്രതിയായ കെ. സുധാകരനെതിരെ ചുമത്തിയിരുന്നത്.
അതേസമയം, പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്സണ് മാവുങ്കല്‍ കൈവശം വച്ചിരുന്ന സാധനങ്ങള്‍ യാതാര്‍ത്ഥ ഉടമയ്ക്ക് കൈമാറി. കലൂര്‍ ആസാദ് റോഡിലെ മോന്‍സണിന്റെ വാടക വീട്ടില്‍ സൂക്ഷിച്ച സാധങ്ങളാണ് പൊലീസ് സാനിധ്യത്തില്‍ എണ്ണി തിട്ടപ്പെടുത്തി ഉടമ എസ്. സന്തോഷിന് കൈമാറിയത്.
മോശയുടെ അംശവടി, കൃഷ്ണന്റെ വെണ്ണക്കുടം, ടിപ്പുവിന്റെ സിംഹാസനം എന്നിങ്ങനെ മോന്സണ് വിശ്വസിപ്പിച്ച സാധങ്ങളാണ് കൈമാറിയത്. ഈ വസ്തുക്കള്‍ കൊച്ചിയിലെ ഒരു കേന്ദ്രത്തിലേക്കു മാറ്റുമെന്ന് സന്തോഷ് പറഞ്ഞു. മോന്‍സണിന്റെ പുരാവസ്തുക്കള്‍ വ്യാജമാണെന്ന് പുരാവസ്തു വകുപ്പ് കണ്ടെത്തിയിരുന്നു. പലതിനും പത്തു വര്‍ഷത്തെ പഴക്കം പോലും ഉണ്ടായിരുന്നില്ല.
2016 മുതല്‍ 2019 വരെയുള്ള കാലയളവിലാണ് ഈ വസ്തുക്കള്‍ മോന്സണ് വാങ്ങിയത്. വിദേശത്തു നിന്ന് ഫണ്ട് കിട്ടാനുണ്ട് അപ്പോള്‍ തരാം എന്ന് പറഞ്ഞു 30 ലക്ഷവും സന്തോഷിന്റെ പക്കല്‍ നിന്ന് ഇയാള്‍ വാങ്ങിയിരുന്നു. ആ പണം ഇതുവരെയും തിരിച്ചു നല്‍കിയിട്ടില്ല. 900 സാധനങ്ങളാണ് സന്തോഷ് മോന്‍സണിന് നല്‍കിയിരുന്നത്. സിനിമ ഷൂട്ടിംഗിനു വേണ്ടി വാടകയ്ക്ക് നല്കുന്ന സാധനങ്ങളാണ് ഇവയെല്ലാം. ഇനിയും ഇവ ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ക്കായി നല്‍കുമെന്ന് സന്തോഷ് അറിയിച്ചിട്ടുണ്ട്.