പിന്‍വാതില്‍ നിയമന നീക്കം വിവരാവകാശ കമ്മിഷനിലും; തടയിടാന്‍ പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സ്

എല്ലാവകുപ്പിലെയും ഒഴിവുകളുടെ വിവരങ്ങള്‍ നല്‍കുന്ന വിവരാവകാശ കമ്മിഷനിലെ വഴിവിട്ട നിയമന വിവരം പുറത്തു വരുമോ

പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സ് കൂട്ടായ്മയുടെ ആരോപണം ഗൗരവതരമാകുന്നത് സംസ്ഥാന വിവരാവകാശ കമ്മിഷന്റെ പേരിലുള്ള വിഷയമായതു കൊണ്ടാണ്. മറ്റെല്ലാ വകുപ്പുകളിലെയും ഒഴിവുകളും, വിവരങ്ങളെ കുറിച്ചും ചോദിച്ചാല്‍ ഉത്തരം നല്‍കുന്ന കമ്മിഷനില്‍ നടക്കുന്ന വഴിവിട്ട നടപടികളില്‍ ആരാണ് ഉത്തരം നല്‍കുക. വിവരാവകാശ കമ്മിഷനില്‍ പിന്‍വാതില്‍ നിയമനം നടത്താനുള്ള എല്ലാ നീക്കങ്ങളും അതിവേഗത്തില്‍ നടക്കുകയാണെന്നാണ് റാങ്ക് ഹോള്‍ഡേഴ്‌സ് കൂട്ടായ്മയുടെ ഗുരുതരമായ ആരോപണം.

വിവരാവകാശ കമ്മിഷനില്‍ നിന്നും ഒരു വിവരങ്ങളും ഇതേക്കുറിച്ച് ലഭിക്കാന്‍ സാധ്ത കുറവായതിനാല്‍ കൂട്ടായ്മ പരാതിയുമായി ചീഫ്‌സെക്രട്ടറിയുടെ അടുത്തും, ഗവര്‍ണറുടെ അടുത്തും പോകാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇവിടെയൊന്നും പരിഹാരമായില്ലെങ്കില്‍ രാഷ്ട്രപതിക്കു മുമ്പില്‍ പരാതി എത്തിക്കുമെന്നും ഭാരവാഹികള്‍ പറയുന്നുണ്ട്. കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, പ്യൂണ്‍, ഡൈവര്‍, സ്വീപ്പര്‍ തസ്തികകളിലെ ഒഴിവുകളിലാണ് പി.എസ്.സിക്ക് റിപ്പോര്‍ട്ടു ചെയ്യാതെ വഴിവിട്ട നിയമന നീക്കം. കരാറിലും ദിവസ വേതനാടിസ്ഥാനത്തിലും പത്തു വര്‍ഷം കഴിഞ്ഞ 23 ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ നീക്കം നടക്കുന്നതായും ആരോപണമുണ്ട്.

വിവരാവകാശ കമ്മിഷനില്‍ എഴുപതിലേറെ ജീവനക്കാരുണ്ട്. ഇതില്‍ പകുതിയോളം സീനിയര്‍ തസ്തികകളില്‍ സെക്രട്ടേറിയറ്റില്‍ നിന്നുള്ള ഡെപ്യൂട്ടേഷനാണ്. ബാക്കി പി.എസ്.സി വഴി നിയമിക്കേണ്ട ഒഴിവുകളും. മുപ്പത്തഞ്ചിലേറെ തസ്തികകളില്‍ പിന്‍വാതില്‍ നിയമനം നടത്തുന്നതിനുള്ള നീക്കത്തെ ചെറുക്കണമെന്നാണ് കൂട്ടായ്മ പറയുന്നത്. മറ്റു വകുപ്പുകളിലുള്ള വിവരങ്ങള്‍ നല്‍കുന്ന വിവരാവകാശ കമ്മിഷനില്‍ നടക്കുന്ന വഴിവിട്ട നിയമനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ എവിടെ നിന്നു കിട്ടുമെന്ന പ്രശ്‌നം കീറാമുട്ടിയായിരിക്കുകയാണ്.

 

മുഖ്യ വിവരാവകാശ കമ്മീഷണറും അഞ്ച് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരും ഉള്‍പ്പെടുന്നതാണ് സംസ്ഥാന വിവരാവകാശ കമ്മീഷന്‍. വിവരാവകാശ നിയമത്തിന് കീഴിലുള്ള കാര്യങ്ങളില്‍ പരാതികള്‍ സ്വീകരിക്കുകയും അന്വേഷിക്കുകയും ചെയ്യുക എന്നതാണ് കേരള സംസ്ഥാന വിവരാവകാശ കമ്മീഷന്റെ പ്രധാന പ്രവര്‍ത്തനം. അതോടൊപ്പം വിവരാവകാശ നിയമപ്രകാരമുള്ള സംസ്ഥാന പി.ഐ.ഒമാരുടെ ഉത്തരവുകള്‍ക്കെതിരായ രണ്ടാമത്തെ അപ്പീല്‍ അതോറിറ്റിയായും പ്രവര്‍ത്തിക്കുന്നു.

1908ലെ സിവില്‍ പ്രൊസീജ്യര്‍ കോഡ് പ്രകാരം ഒരു കേസ് വിചാരണ ചെയ്യുമ്പോള്‍, സെക്ഷന്‍ 18 പ്രകാരമുള്ള പരാതി അന്വേഷിക്കുന്നതിന് വ്യക്തികളുടെ ഹാജര്‍, കണ്ടെത്തല്‍, രേഖകളുടെ പരിശോധന, സത്യവാങ്മൂലത്തിന്റെ തെളിവ് സ്വീകരിക്കല്‍, ഏതെങ്കിലും പൊതു രേഖകള്‍ ആവശ്യപ്പെടല്‍, സാക്ഷികളുടെയോ രേഖകളുടെയോ വിസ്താരത്തിന് സമന്‍സ് പുറപ്പെടുവിക്കുക തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഒരു കേസ് പരിഗണിക്കുന്നതിന് കമ്മീഷന് സിവില്‍ കോടതിയില്‍ നിക്ഷിപ്തമായ അതേ അധികാരങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.

 

മറ്റേതെങ്കിലും അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമല്ലാത്ത സ്വയംഭരണാധികാരമുള്ള കമ്മീഷന്‍ ആണിത്. നിയമ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയും നിയമസഭയുടെ മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ ഹാജരാക്കുകയും ചെയ്യേണ്ടത് കമ്മീഷന്റെ ചുമതലയാണ്. 2005ലെ വിവരാവകാശ നിയമപ്രകാരം സര്‍ക്കാര്‍ ഉണ്ടാക്കിയ ചട്ടങ്ങള്‍ അനുസരിച്ചാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍, 1908-ലെ സിവില്‍ പ്രൊസീജ്യര്‍ കോഡ് പ്രകാരം കോടതികളുടെ ചില അധികാരങ്ങളും കമ്മീഷന്‍ പ്രയോയോഗിക്കുന്നു. നിയമ പ്രകാരം നല്‍കിയ പരാതികളുടെയും അപ്പീലുകളുടെയും രേഖകള്‍ കമ്മീഷന്‍ പരിപാലിക്കും.

പൊതു അധികാര സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങള്‍ എല്ലാ പൗരന്മാര്‍ക്കും ലഭ്യമാക്കുന്നതിനും പൊതു അധികാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുന്നതിനും ജനങ്ങളോടുള്ള ഉത്തരവാദിത്വം നിലനിര്‍ത്തുന്നതിനും അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുമുള്ളതാണ് വിവരാവകാശം. ഭരണഘടനാ പ്രകാരമോ ലോകസഭയുടെയോ നിയമസഭകളുടെയോ നിയമം വഴിയോ സര്‍ക്കാര്‍ വിജ്ഞാപനം വഴിയോ നിലവില്‍ വന്നതോ രൂപീകരിക്കപ്പെട്ടതോ ആയ എല്ലാ അധികാരികളും, സ്ഥാപനങ്ങളും സര്‍ക്കാരില്‍ നിന്നും ഏതെങ്കിലും തരത്തില്‍ സഹായധനം ലഭിക്കുന്ന സര്‍ക്കാര്‍ ഇതര സംഘടനകളും ഈ നിയമത്തിന്റെ പരിധിയില്‍ വരും.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ , സര്‍ക്കാര്‍ സഹായധനം നല്‍കുന്ന സ്ഥാപനങ്ങള്‍ എന്നിവയുടെ അധീനതയിലുള്ള ഒരു ജോലിയോ, പ്രമാണമോ രേഖയോ പരിശോധിക്കുന്നതിനുള്ള അവകാശം, രേഖയുടെയോ പ്രമാണത്തിന്റെയോ കുറിപ്പുകളോ സംക്ഷിപ്തമോ എടുക്കല്‍, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഏതു പദാര്‍ത്ഥത്തിന്റെയും സാക്ഷ്യപ്പെടുത്തിയ സാമ്പിളുകള്‍ എടുക്കല്‍, കമ്പ്യൂട്ടറിലോ അതുപോലുള്ള മറ്റു ഇലക്ട്രോണിക് സംവിധാനങ്ങളിലോ ശേഖരിച്ചു വെച്ചിട്ടുള്ള വിവരങ്ങള്‍, പ്രിന്റൗട്ടുകള്‍, ഫ്‌ളോപ്പികള്‍, ഡിസ്‌കുകള്‍, ടേപ്പുകള്‍, വീഡിയോ കാസറ്റുകള്‍ മുതലായ രൂപത്തില്‍ പകര്‍പ്പായി ലഭിക്കാനും ഏതൊരു പൗരനും അവകാശമുണ്ടെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെയും അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.

ഇത്രയും കാര്യക്ഷമവും, പൊതുജന താല്‍പ്പര്യവും സംരക്ഷിക്കുന്ന സ്ഥാപമാണ്, വഴിവിട്ട നിയമനത്തിന് നീക്കം നടത്തുന്നതെന്നാണ് ആരോപണം. സെക്രട്ടേറിയറ്റ് നടയില്‍ പോലീസ് കോണ്‍സ്ട്രബിള്‍ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരം ഇപ്പോഴും നടക്കുന്നുണ്ട്. ഇതെല്ലാം ഒരു ജോലിക്കു വേണ്ടിയുള്ള സഹനങ്ങളാണ്. ഈ സമരങ്ങള്‍ നടക്കുമ്പള്‍ത്തന്നെയാണ് സെക്രട്ടേറിയറ്റിന് പുറകു വശത്തെ പുന്നന്‍ റോഡിലുള്ള വിവരാവകാശ കമ്മിഷനില്‍ പിന്‍വാതില്‍ നിയമനം നടത്തുന്നത്.