പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴിൽ ഇന്ത്യ കിം ജോങ് ഉന്നിന്റെ ഉത്തര കൊറിയയുടേയും പുടിന്റെ റഷ്യയുടേയും പാതയിലാണ് സഞ്ചരിക്കുന്നതെന്ന മുന്നറിയിപ്പോടെ ഒരു യൂട്യൂബ് വീഡിയോ വൈറൽ ആവുകയുണ്ടായി. ഈ വൈറൽ വിഡിയോകയിലൂടെ ശ്രദ്ധേയനായിരിക്കുകയാണ് ധ്രുവ് റാഠി എന്ന 28-കാരനും. രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നുവെന്നതുകൊണ്ട് ജനാധിപത്യമാകില്ലെന്നും റാഠി ഈ വീഡിയോയിലൂടെ പറയുന്നു. യൂട്യൂബ് വിഡിയോയ്‌ക്കെതിരെ സംഘ്പരിവാർ സൈബര്‍ ആക്രമണം നടത്തിയിരുന്നു.
ധ്രുവിന്റെ Electoral Bonds | The Biggest Scam in History of India? എന്ന മറ്റൊരു വീഡിയോ തുടങ്ങുന്നത് തന്നെ ‘നിങ്ങളുടെ പണം മോഷ്ടിക്കപ്പെട്ടിരിക്കുന്നു… നമ്മുടെ രാജ്യത്തുള്ള എല്ലാ പൗരന്മാരുടെയും പണം മോഷ്ടിക്കപ്പെട്ടിരിക്കുന്നു’ എന്ന് പറഞ്ഞുകൊണ്ടാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണിതെന്നും, ഇതുകേൾക്കുമ്പോൾ നിങ്ങൾ കരുതുന്നുണ്ടാകും ഞാൻ കാര്യങ്ങൾ ഊതിപെരുപ്പിക്കുകയാണെന്ന്, എന്നാൽ അങ്ങനെയല്ലായെന്നും ഇലക്ട്‌റൽ ബോണ്ട് അഴിമതി അത്ര നിസ്സാരമായ ഒന്നല്ലായെന്നും, അഴിമതികളുടെ ഒരു കൂമ്പാരമാണെന്നും ധ്രുവ് റാഠി പറയുന്നു.
മോദി ഏകാധിപതിയാണോ എന്നു ചോദിച്ചുകൊണ്ടാണ് ധ്രുവ് റാഠി, Is India becoming a DICTATORSHIP? എന്ന പേരിൽ സ്വന്തം യൂട്യൂബ് ചാനലിൽ ഒരു വിഡിയോ പോസ്റ്റ് ചെയ്തത്. വിഡിയോ വൈറൽ ആവുകയും ചർച്ചകൾ ഉണ്ടാവുകയും ചെയ്തതോടെയാണ് സമൂഹമാധ്യമങ്ങളിലൂടെ റാഠിക്കെതിരെ സംഘ്പരിവാർ അനുകൂല പ്രൊഫൈലുകൾ വിദ്വേഷ പ്രചാരണം തുടങ്ങിയത്.
ഈ അഴിമതിയെ ഒറ്റവാക്കിൽ പറയുകയാണെങ്കിൽ- ‘നിങ്ങൾ എനിക്ക് സംഭാവനകൾ നൽകിയാൽ ഞാൻ നിങ്ങൾക്ക് ബിസിനസ്സ് ചെയ്യാനുള്ള അവസരങ്ങൾ നൽകാം, ഇനി നിങ്ങൾ അതിന് തയ്യാറായില്ലെങ്കിൽ നിങ്ങളെ ഞാൻ ഇ. ഡി.യെ കൊണ്ട് കുടിക്കും’. 2017 ലാണ് മോഡി സർക്കാർ ഇന്ത്യയിൽ ഇലക്ട്‌റൽ ബോണ്ട് സംവിധാനം കൊണ്ടുവരുന്നത്. ഇതിലൂടെ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവനകൾ ലഭിക്കാനുള്ള ഒരു മാർഗ്ഗമായിട്ടായിരുന്നു ഇത്. ഈ സംവിധാനം പൂർണ്ണമായും ജനങ്ങളിൽ നിന്ന് മറച്ചുപിടിച്ചായിരുന്നു നടപ്പിലാക്കിയത് എന്നാണ് ഇവിടെ എടുത്തുപറയേണ്ട സംഗതി. ഏതൊക്കെ കമ്പനികൾ ഏതൊക്കെ പാർട്ടികൾക്ക് എത്ര പണം കൊടുക്കുന്നുവെന്ന കാര്യങ്ങളൊക്കെ രഹസ്യമാണ്. ഈ വാർത്ത അന്ന് കണ്ടിരുന്ന എല്ലാ ജനങ്ങൾക്കും അറിയാമായിരുന്നു ഇതിനുപിന്നാലെ വലിയ അഴിമതികൾ നടക്കാൻ പോകുന്നുവെന്ന കാര്യം.
2017 മാർച്ച് 22 മുതൽ ഇന്ത്യയിൽ അഴിമതി നിയമവിധേയമായി. ഈ വിഷയത്തിൽ നമ്മൾ സുപ്രീം കോടതിയോടാണ് നന്ദി പറയേണ്ടത്. കാരണം, ഏഴു വർഷങ്ങൾക്കിപ്പുറം ഈ സംവിധാനം ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കിയിരിക്കുന്നു.
അടുത്തിടെ നടന്ന ഇന്ത്യ ടുഡേ കോൺക്ലേവിൽ ആഭ്യന്തര മന്ത്രി അമിത് ഷാ ഇലക്ട്‌റൽ ബോണ്ടുകളെ പറ്റി നുണ പറഞ്ഞിരുന്നു. ഇതുവരെ വിട്ടത് 20 ,000 കോടിയുടെ ഇലക്ട്‌റൽ ബോണ്ടുകളാണ് വിറ്റതെന്നും അതിൽ ബിജെപിക്ക് കിട്ടിയത് 6000 കോടിയുടെ സംഭാവനകളാണെന്നുമാണ്. അപ്പോൾ ബാക്കി 14 ,000 കോടിയുടെ സംഭാവന പോയത് ആർക്കാണ്. ഇത് പറയുമ്പോൾ തൊട്ടടുത്തിരുന്ന അവതാരകൻ ഒന്നും മിണ്ടിയില്ല, കാരണം അമിത് ഷായെ ചോദ്യം ചെയ്യാനുള്ള ധൈര്യം അവതാരകൻ ഉണ്ടായിരിക്കില്ല, അല്ലെങ്കിൽ അദ്ദേഹം അത് ശ്രദ്ധിച്ചുകാണില്ല എന്നും ധ്രുവ് റാഠി പറഞ്ഞു.
പ്രമുഖ ഇന്ത്യൻ യൂട്യൂബറായ ധ്രുവ് റാഠിയാണ് ചണ്ഡിഗഢ് തെരഞ്ഞെടുപ്പ്, കർഷക പ്രക്ഷോഭം ഉൾപ്പെടെയുള്ള പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ മോദിയുടെയും ബി.ജെ.പി ഭരണകൂടത്തിന്റെയും ഏകാധിപത്യ പ്രവണതയെ അക്കമിട്ടുനിരത്തുന്നത്. രാജ്യം റഷ്യയുടെയും ഉത്തര കൊറിയയുടെയും പാതയിലാണു സഞ്ചരിക്കുന്നതെന്നാണു വിമർശനം. സംഘ്പരിവാർ ആക്രമണത്തിനു പിന്നാലെ വിശദീകരണവുമായി ധ്രുവ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
മോദി ഏകാധിപതിയാണോ എന്നു ചോദിച്ചാണ് Is India becoming a DICTATORSHIP? എന്ന പേരിൽ കഴിഞ്ഞ ദിവസം റാഠി സ്വന്തം യൂട്യൂബ് ചാനലിൽ വിഡിയോ പുറത്തുവിട്ടത്. നാലു ദിവസം കൊണ്ട് 1.3 കോടി പേരാണ് വിഡിയോ യൂട്യൂബിൽ കണ്ടുകഴിഞ്ഞിട്ടുള്ളത്.
ഇതോടെ പ്രതികരണവുമായി റാഠി തന്നെ രംഗത്തെത്തി. ’10 മില്യൻ കാഴ്ചക്കാരാണ് വിഡിയോയ്ക്കു കിട്ടിയത്. തുറന്ന മനസ്സോടെ വിഡിയോ പൂർണമായി കാണണമെന്നു മാത്രമാണ് ബി.ജെ.പി അനുയായികളോട് അഭ്യർത്ഥിക്കാനുള്ളത്. എനിക്കെതിരായ വ്യക്തിപരമായ ആക്രമണങ്ങളെല്ലാം വിഷയം ശ്രദ്ധതിരിക്കലാണ്. രാജ്യത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കിൽ യഥാർത്ഥ പ്രശ്‌നം അതിഗുരുതരമാണ്. ഉണർന്നെണീക്കണം, ജയ് ഹിന്ദ്’-എന്നാണ് അദ്ദേഹം എക്‌സിൽ കുറിച്ചത്.
ചണ്ഡിഗഢ് തെരഞ്ഞെടുപ്പിലെ അട്ടിമറി, അസം നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ ബി.ജെ.പി നേതാവിന്റെ കാറിൽനിന്ന് ഇ.വി.എം കണ്ടെടുത്തത് ഉൾപ്പെടെയുള്ള ഉദാഹരണങ്ങൾ നിരത്തിയാണ് രാജ്യം ഏകാധിപത്യത്തിലേക്കു പോവുകയാണെന്ന് ധ്രുവ് റാഠി വിഡിയോയിലൂടെ വ്യക്തമാക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മിഷൻ സുതാര്യമായല്ല പ്രവർത്തിക്കുന്നതെന്നത് എന്നും നരേന്ദ്ര മോദി അധികാരമേറ്റതു മുതൽ ബി.ജെ.പിയുടെ സഹായസംഘമോ സഖ്യകക്ഷിയോ ആയി മാറിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ എന്ന ആരോപണം ഉണ്ട്. 2019ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുൻപ് പുൽവാമ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ പേരിൽ മോദിയും അമിത് ഷായും യോഗി ആദിത്യനാഥുമെല്ലാം വോട്ട് ചോദിച്ചുവെന്നും അതുവഴി പെരുമാറ്റച്ചട്ടം ലംഘിക്കുകയായിരുന്നുവെന്നും എന്നിട്ടും തെരെഞ്ഞെടുപ്പ് കമ്മിഷൻ ഇടപെട്ടില്ലെന്നു മാത്രമല്ല, അവർക്ക് ക്ലീൻചിറ്റ് നൽകുകയാണു ചെയ്തത് എന്നും ആരോപിക്കുന്നു.
മോദിക്കും അമിത് ഷാക്കുമെല്ലാം ക്ലീൻചിറ്റ് നൽകാൻ തയ്യാറാകാതിരുന്ന തെരെഞ്ഞെടുപ്പ് കമ്മിഷൻ അംഗമായ അശോക് ലവാസയെയും കുടുംബത്തെയും സർക്കാർ വേട്ടയാടുകയും ചെയ്തു. ലവാസയുടെ ഭാര്യയ്ക്കും സഹോദരിക്കും മകനുമെല്ലാം എതിരെ ആദായ നികുതി വകുപ്പിനെ അയച്ച് റെയ്ഡും അന്വേഷണവും നടത്തിയായിരുന്നു പ്രതികാര നടപടിയെന്നും ധ്രുവ് റാഠി വിഡിയോയിൽ പറയുന്നു.
ഹരിയാന സ്വദേശിയായ ധ്രുവ് റാഠി 2014 മുതലാണ് യൂട്യൂബ് വീഡിയോ ചെയ്യാൻ തുടങ്ങുന്നത്. 16 . 4 മില്യൺ സബ്സ്ക്രൈബേർസ് ആണ് യൂട്യൂബിൽ ധ്രുവിനുള്ളത്. ഏറെ വിവാദം പിടിച്ചുപറ്റിയ സുദിപ്തോ സെൻ ചിത്രം ‘ദി കേരളം സ്റ്റോറി’യെ പറ്റി ധ്രുവ് ചെയ്ത വിഡിയോയും വലിയ സ്വീകാര്യത നേടിയിരുന്നു. കേരളം സ്റ്റോറി മുന്നോട്ടുവെക്കുന്ന കണക്കുകളും ആശയങ്ങളും തെറ്റാണെന്ന് തന്റെ വീഡിയോയിലൂടെ ഉദാഹരണസഹിതം ധ്രുവ് വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെ മുഴുവൻ അടിമകളാക്കിയാണ് മോദി ഭരണം നടത്തുന്നതെന്നും, ചോദ്യം ചോതിക്കുന്നവരെയും എതിർക്കുന്നവരെയുമൊക്കെ ഇ. ഡി പോലുള്ള അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നിശബ്‌ദമാക്കുകയാണെന്നും ഒരുതവണ പോലും സ്‌ക്രിപ്റ്റ് ഇല്ലാതെ മാധ്യമങ്ങളോട് സംസാരിക്കാൻ മോദിക്ക് സാധിക്കുന്നില്ലായെന്നും ധ്രുവ് പറയുന്നു.
മോദിക്കു കീഴിൽ ഇന്ത്യ കിം ജോങ് ഉന്നിന്റെ ഉ.കൊറിയയുടെയും വ്‌ളാദ്മിർ പുടിന്റെ റഷ്യയുടെയും പാതയിലാണു സഞ്ചരിക്കുന്നതെന്നാണ് റാഠി മുന്നറിയിപ്പ് നൽകുന്നത്. രാജ്യത്ത് കൃത്യമായി തെരഞ്ഞെടുപ്പ് നടക്കുന്നുവെന്നതുകൊണ്ട് മാത്രം ജനാധിപത്യമാകില്ലെന്നും ഉ.കൊറിയയിലും റഷ്യയിലുമെല്ലാം കൃത്യമായി തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. എന്നാൽ, അവിടെ സർക്കാരിനെ പിന്തുണയ്ക്കാത്തവരെല്ലാം ദേശദ്രോഹികളാണ്. ജോലിയിൽനിന്നു പിരിച്ചുവിടപ്പെടുകയും കുടിയിറക്കപ്പെടുകയും ചെയ്യുന്നതു സ്ഥിരം കാഴ്ചയാണെന്നും ധ്രുവ് വിഡിയോയിലൂടെ ചൂണ്ടിക്കാണിക്കുന്നുണ്ട്. റഷ്യയിൽ പുടിനെതിരെ മത്സരിക്കുന്നവരെ വിലക്കും, മരണവുമാണ് കാത്തിരിക്കുന്നത്. ഇതേ രീതിയിലാണ് ഇന്ത്യയിലും സ്ഥിതിഗതികളെന്ന് മുന്നറിയിപ്പ് നൽകുകയാണ് വിഡിയോയിൽ ധ്രുവ് റാഠി.
മണിപ്പൂരിലെ ക്രിസ്ത്യൻ വേട്ട, ഗുസ്തി താരങ്ങളുടെ സമരം, പുൽവാമ ആക്രമണത്തിൽ സത്യപാൽ മാലികിന്റെ വെളിപ്പെടുത്തൽ, അദാനി-മോദി ബന്ധം, നൂപുർ ശർമ വിവാദം, കർഷക പ്രക്ഷോഭം, ഹിജാബ് വിവാദം, ലഡാക്കിനു വേണ്ടി സോനം വാങ്ചുക് നടത്തുന്ന നിരാഹാര സമരം, അയോദ്ധ്യ പ്രാണപ്രതിഷ്ട്ട ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങളിൽ കേന്ദ്രത്തെയും ബി.ജെ.പിയെയുമല്ലൊം പ്രതിരോധത്തിലാക്കുന്ന അനവധി വിഡിയോകൾ ആണ് ധ്രുവ് ചെയ്തിട്ടുള്ളത്.