തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ മരിച്ച ദമ്പതികളുടെയും സുഹൃത്തിന്റേയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. നവീൻ– ദേവി ദമ്പതികളെയും സുഹൃത്തായ ആര്യയെയും അരുണാചലിലെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് 12.20 ഓടെയാണ് മൃതദേഹങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്.
തുടർന്ന് ആശുപത്രി നടപടികൾ പൂർത്തിയാക്കിയശേഷം തിരുവനന്തപുരത്തെ വീട്ടിൽ എത്തിച്ചു. നവീന്റെ മൃതദേഹം കോട്ടയത്തെ വീട്ടിലേക്കു കൊണ്ടുപോകും. ആര്യയുടെ മൃതദേഹം വൈകിട്ട് നാലരയ്ക്കും ദേവിയുടേത് അഞ്ചരയ്ക്കും ശാന്തികവാടത്തിൽ സംസ്കരിക്കും.
വട്ടിയൂർക്കാവ് മേലത്തുമേലെ എംഎംആർഎ 198 ശ്രീരാഗത്തിൽ ആര്യ ബി.നായർ (29), ആയുർവേദ ഡോക്ടർമാരായ കോട്ടയം മീനടം നെടുംപൊയ്കയിൽ നവീൻ തോമസ് (39), ഭാര്യ വട്ടിയൂർക്കാവ് മൂന്നാംമൂട് അഭ്രകുഴി എംഎംആർഎ സിആർഎ കാവിൽ ദേവി (41) എന്നിവരെ ചൊവ്വാഴ്ചയാണ് അരുണാചൽ പ്രദേശിലെ ഇറ്റാനഗറിലെ ഹോട്ടൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആര്യ ശ്രീകാര്യത്തെ സ്വകാര്യ സ്കൂളിൽ അധ്യാപികയാണ്. ദേവി മുൻപ് ഇവിടെ അധ്യാപികയായി ജോലി ചെയ്തിരുന്നു. മാർച്ച് 27ന് ആണ് മൂവരും അരുണാചലിലേക്കു പോയത്. അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറിൽനിന്നു 100 കിലോമീറ്റർ മാറി സിറോയിലെ ഹോട്ടലിലാണു മുറിയെടുത്തത്.
കഴിഞ്ഞ ദിവസങ്ങളിൽ റസ്റ്ററന്റിലെത്തി ആഹാരം കഴിച്ച ഇവരെ ഇന്നലെ രാവിലെ 10 കഴിഞ്ഞിട്ടും പുറത്തു കാണാതിരുന്നതോടെ ഹോട്ടൽ ജീവനക്കാർ അന്വേഷിച്ചുചെല്ലുകയായിരുന്നു. മുറിയിൽ ആര്യ കട്ടിലിലും ദേവി നിലത്തും കൈഞരമ്പ് മുറിഞ്ഞനിലയിൽ മരിച്ചുകിടക്കുകയായിരുന്നു.
നവീന്റെ മൃതദേഹം ശുചിമുറിയിലായിരുന്നു. ദേഹമാസകലം വ്യത്യസ്ത തരത്തിലുള്ള മുറിവുകളുണ്ടാക്കി രക്തം വാർന്നാണ് മൂവരുടെയും മരണം. മരണത്തിനു മുൻപ് ആഭിചാരക്രിയകൾ നടന്നായി സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.