തിരുവനന്തപുരം: കള്ളരേഖയുണ്ടാക്കുകയും തനിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുകയും ചെയ്തതെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗവും അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ദേശീയ നിര്‍വാഹക സമിതിയംഗവുമായ ജെ. മോസസ് ജോസഫ് ഡിക്രൂസിനെതിരെ തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കി.
ഇ പി ജയരാജനുമായി ബിസിനസ് ബന്ധമുണ്ടെന്ന വ്യാജ ആരോപണം ഉന്നയിക്കാനായി രാജീവ് ചന്ദ്രശേഖറിന്റെ പഴയൊരു ഫോട്ടോ മോര്‍ഫ് ചെയ്ത് ദുരുപയോഗം ചെയ്‌തെന്നാണ് പരാതി.
രാജീവ് ചന്ദ്രശേഖറിനൊപ്പം കേന്ദ്രമന്ത്രി കുമാരി പ്രതിമ ഭൗമിക് നില്‍ക്കുന്ന, 2023 ഓഗസ്റ്റ് 4ന് എടുത്ത പഴയ ഫോട്ടോയില്‍ കൃത്രിമം കാണിച്ച് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കാനുള്ള ക്രിമിനല്‍ ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടുവെന്നാണ് ഡിക്രൂസിനെതിരായ പരാതി.
ഈ ചിത്രം ഫേസ്ബുക്കും വാട്ട്സാപ്പും ഉള്‍പ്പെടെ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. മന്ത്രി കുമാരി പ്രതിമ ഭൗമിക്കിന്റെ ചിത്രം ഡിക്രൂസ് മോര്‍ഫ് ചെയ്തത് സിപിഐ എം നേതാവ് ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിരയുടെ മുഖം ചേര്‍ത്ത് ജയരാജനും രാജീവ് ചന്ദ്രശേഖറും തമ്മില്‍ ബിസിനസ് ബന്ധമുണ്ടെന്ന് തെറ്റായി സൂചിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.
ഈ കുറ്റത്തിന് ഐപിസി 120 ബി, 463, 464, 465, 469, 471, 499, 500 എന്നീ വകുപ്പുകളും, ഐടി നിയമത്തിലെ 66ഡി വകുപ്പും ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും രാജീവ് ചന്ദ്രശേഖര്‍ പരാതിയില്‍ ആവശ്യപ്പെട്ടു.
തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിച്ച് പൊതുജനങ്ങളെ കബളിപ്പിക്കാനും സഹതാപം സമ്പാദിക്കാനും ലക്ഷ്യമിട്ടാണ് ഈ കൃത്രിമം നടത്തിയതെന്നും ഇതിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയും വ്യക്തിപരവും രാഷ്ട്രീയവുമായി അജണ്ടയുണ്ടെന്നും പരാതിയില്‍ പറയുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുമ്പോല്‍ തിരുവനന്തപുരത്ത് സംസാരിക്കാന്‍ യഥാര്‍ത്ഥ വികസന അജണ്ടകളോ കാണിക്കാന്‍ നേട്ടങ്ങളോ ഇല്ലാത്തതിനാല്‍ നിരാശരായ കോണ്‍ഗ്രസിന്റെ അവസാന അടവുകളാണിതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
സ്വത്തുവിവരം മറച്ചുവച്ചെന്ന തെറ്റായ ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ് വ്യാജ വിഡിയോ പ്രചരിപ്പിച്ചതിനെതിരെ രാജീവ് ചന്ദ്രശേഖര്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗളിനും തിരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം ചുമതലയുള്ള നോഡല്‍ ഓഫീസര്‍ അദീല അബ്ദുല്ലയ്ക്കും പരാതി നല്‍കി.
തിരഞ്ഞെടുപ്പു കമ്മീഷനും ദല്‍ഹി ഹൈക്കോടതിയും നേരത്തെ തള്ളിക്കളഞ്ഞ ഈ ആരോപണം കോണ്‍ഗ്രസ് വീണ്ടും പ്രചരിപ്പിക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അപകീര്‍ത്തിപരമായ വിഡിയോ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പ്രസിദ്ധീകരിച്ചത് പെരുമാറ്റ ചട്ടം 1(2) ന്റെ ലംഘനമാണെന്നും രാജീവ് പരാതിയില്‍ ചൂണ്ടിക്കാട്ടി.
”ഞാന്‍ രാജ്യസഭാ തിരഞ്ഞെടുപ്പു വേളയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനു മുമ്പാകെ തെറ്റായ സത്യവാങ്മൂലം സമര്‍പ്പിച്ചുവെന്ന ആരോപണമാണ് കോണ്‍ഗ്രസ് അപകീര്‍ത്തികരമായ വീഡിയോയിലൂടെ പ്രചരിപ്പിച്ചത്. 2006 മുതല്‍ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലുണ്ട് ഞാന്‍. ഒരു ഘട്ടത്തിലും എന്റെ സ്വത്തു വിവരങ്ങള്‍ സംബന്ധിച്ച സത്യവാങ്മൂലം തെറ്റാണെന്ന് തിരഞ്ഞെടുപ്പു കമ്മീഷനോ ബന്ധപ്പെട്ട മറ്റു അധികാരികളോ ഇതുവരെ കണ്ടെത്തിയിട്ടില്ല,’ രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.