ഇന്റർനാഷണൽ ഷിപ്പിങ് ആൻഡ് പോർട്ട് സെക്യൂരിറ്റി കോഡ് (ISPS) അംഗീകാരം നേടി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഐക്യരാഷ്ട്ര സഭക്ക് കീഴിലെ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷനാണ് ഐ എസ് പി എസ് അനുമതി നൽകുന്നത്. അന്താരാഷ്ട്ര കപ്പലുകൾക്ക് സർവീസ് നടത്താൻ ഈ അനുമതി ആവശ്യമാണ്.
ഹൈ സ്പീഡ് കാർഗോ, ബൾക്ക് ക്യാരിയർ, മറ്റ് കാർഗോ ഷിപ്പുകൾ എന്നിവക്കാണ് അനുമതി. കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലഗതാഗത മന്ത്രാലയമാണ് ഐഎസ്പിഎസ് കോഡ് അനുവദിച്ച വിവരം ഔദ്യോഗികമായി അറിയിച്ചത്.2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന് ശേഷം കപ്പൽ ഗതാഗതത്തിൽ ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിച്ചതിനെ തുടർന്നാണ് ഈ കോഡ് വികസിപ്പിച്ചെടുത്തത്.
ISPS Code ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളും പാലിക്കുന്നുണ്ട്.
കോഡ് നടപ്പിലാക്കുന്നത് കടൽ ഗതാഗതം കൂടുതൽ സുരക്ഷിതമാക്കുന്നതിനും ഭീകരാക്രമണങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കും. ഈ അംഗീകാരം ലഭിക്കുന്നതിനായി കർശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് തുറമുഖങ്ങളിൽ നടപ്പിലാക്കുന്നത്. വിഴിഞ്ഞത്തിന് പുറമെ കൊല്ലം, ബേപ്പൂർ, അഴീക്കൽ എന്നീ തുറമുഖങ്ങൾക്കും ISPS Code ന്റെ സ്ഥിരം അംഗീകാരം ലഭിച്ചിട്ടുണ്ട്.