മൂന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയതായി പത്തുവയസ്സുകാരന്റെ മൊഴി: അന്വേഷണം ആരംഭിച്ച് പൊലീസ്

തൃശൂർ: പട്ടിക്കാട് ആല്‍പ്പാറ കനാലുംപുറത്തുനിന്ന് മൂന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയതായി മൊഴി നൽകി പത്തുവയസ്സുകാരൻ. മൂന്ന് ആൺകുട്ടികളെ ഓംമ്‌നി വാനിൽ തട്ടിക്കൊണ്ടുപോയതായാണ് മൊഴി നൽകിയിരിക്കുന്നത്.കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഒല്ലൂര്‍ എ.സി.പി.യുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

രാവിലെ സൈക്കിളില്‍ പള്ളിയില്‍നിന്ന് മടങ്ങിവരുന്നതിനിടെയാണ് സംഭവം കണ്ടതെന്ന് പത്തുവയസ്സുകാരന്‍ പറഞ്ഞു. തന്നെക്കാള്‍ പ്രായമുള്ള മൂന്ന് കുട്ടികളെയാണ് വാനില്‍ മര്‍ദിച്ച് കയറ്റിക്കൊണ്ടുപോയതെന്നും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. രാവിലെ ഒമ്പതുമണിയോടെയാണ് സംഭവമുണ്ടായതെന്നാണ് അഞ്ചാംക്ലാസ് വിദ്യാര്‍ഥിയായ പത്തുവയസ്സുകാരന്‍ പറയുന്നത്.

മൂന്ന് കുട്ടികളെ മര്‍ദിച്ചശേഷം തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ഓംമ്‌നി വാനില്‍ തട്ടിക്കൊണ്ടുപോയെന്നായിരുന്നു വിദ്യാര്‍ഥിയുടെ മൊഴി. സംഭവസമയത്ത് ഒരു ഓംമ്‌നി വാന്‍ പ്രദേശത്തുകൂടെ കടന്നുപോയതായി സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ വാന്‍ പോലീസ് കണ്ടെത്തിയതായും സൂചനയുണ്ട്. അതേസമയം, കുട്ടിയുടെ മൊഴിയുടെ വിശ്വാസ്യത സംബന്ധിച്ചും പോലീസിന് സംശയമുണ്ട്. കുട്ടികളെ കാണാനില്ലെന്ന് ഇതുവരെ പ്രദേശത്തെ പോലീസ് സ്‌റ്റേഷനുകളിലൊന്നും പരാതി ലഭിച്ചിട്ടില്ല.

സമീപ സ്റ്റേഷനുകളിലും ഇത്തരമൊരു പരാതി കിട്ടിയിട്ടില്ല. അതിനാല്‍ പത്തുവയസ്സുകാരന്‍ പറഞ്ഞകാര്യങ്ങളുടെ വിശ്വാസ്യത എത്രത്തോളമുണ്ടെന്നും പോലീസ് പരിശോധിച്ചുവരികയാണ്.

Read also :അരുണാചലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു: സംസ്കാരം ഇന്ന്