പെരുമഴ പോലെ പെയ്തിറങ്ങിയ കുട്ടി ചോദ്യങ്ങള്‍ക്കു മുമ്പില്‍ ലേഡീ സ്റ്റാറിന് ഉത്സാഹം. കുഞ്ഞുവായിലെ വലിയ വര്‍ത്തമാനങ്ങള്‍ക്ക് ഉരുളയ്ക്കുപ്പേരിപോലെ മറുപടിയും തട്ടി താരം ചിരിച്ചു മറിഞ്ഞു. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് ഏപ്രില്‍ മെയ് മാസങ്ങളില്‍ സംഘടിപ്പിക്കുന്ന കിളിക്കൂട്ടം-2024 കുട്ടികളുടെ മാനസികോല്ലാസ അവധിക്കാല ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംവദിക്കുകയായിരുന്നു നടി ദര്‍ശന രാജേന്ദ്രന്. ‘ജയ ജയ ജയ ജയ ഹേ’ സിനിമയില്‍ അവസരം കിട്ടിയപ്പോള്‍ സന്തോഷി ച്ചെങ്കിലും അഭിനയം തുടക്കത്തില്‍ വളരെ ബുദ്ധിമുട്ട് ആയിരുന്നു.
ശാരീരിക പ്രശ്നങ്ങളും പരിക്കുകളും സ്ഥിരമായിരുന്നു. കാലൊടിഞ്ഞ് പൊങ്ങാനാകാത്ത കാലുവച്ചായിരുന്നു സംഘട്ടന സീനുകള്‍ ഉള്‍പ്പെടെ അഭിനയിച്ചത്. പിന്നെ ഇടതുകാലിനു പകരം വലതു കാല്വച്ചായിരുന്നു അഭിനയം. ക്യാമ്പംഗം ദേവയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ദര്‍ശന. ഇഷ്ടമുള്ള ജോലി ചെയ്യുമ്പോള്‍ അവ ബുദ്ധിമുട്ട് ഉണ്ടെങ്കിലും സന്തോഷപ്രദമായിരിക്കുമെന്ന് നടി കൂട്ടിച്ചേര്‍ത്തു. താനഭിനയിച്ച സിനിമകളില്‍ ഏറ്റവും ഇഷ്ടപ്പെട്ട സിനിമയും ഇതാണ്. ഇതിലെ കഥാപാത്രമായി മാറാന്‍ കരാട്ടെ പഠിച്ചിരുന്നില്ല സിനിമയ്ക്കു വേണ്ടി രണ്ടു മാസം മാര്‍ഷ്വല്‍ ആര്‍ട്ട്സ് അഭ്യസിക്കുകയായിരുന്നു എന്നും അവര്‍ പറഞ്ഞു.
പുതുതലമുറ പഠിത്തത്തിലെ പോലെ പ്രാധാന്യം കല അഭ്യസിക്കുന്നതിനും സ്കൂള്‍തലം മുതല്‍ തയ്യാറാകണം. നാടകാഭിനയത്തില്‍ കൂടിയാണ് താന്‍ സനിമയില്‍ എത്തിയത്. സിനിമ ഓരോ സീനുകളും വീണ്ടും വീണ്ടും ചിത്രീകരിക്കേണ്ടി വരുമ്പോള്‍ നാടകം നിശ്ചിത സമയം കൊണ്ട് വേദിയില്‍ അഭിനയിച്ച് തീര്‍ക്കുകയാണ്. കുട്ടിക്കാലത്ത് ഡോക്ടര്‍, അദ്ധ്യാപിക ഇവയെല്ലാം ആഗ്രഹിച്ചിരുന്നെങ്കിലും നടന്നില്ല. സിനിമയില്‍ വന്നപ്പോള്‍ ഇവയെല്ലാം കഥാ പാത്രങ്ങളായി മാറാന്‍ അനായാസമായെന്ന് കുട്ടികളുടെ പൊട്ടിച്ചിരികള്‍ ക്കിടയില് ദര്‍ശന പറഞ്ഞു.
അവധിക്കാലം കുട്ടികള്‍ മാനസ്സികോല്ലാസ നാളുകളാക്കണം. താന്‍ ചെറുതായിരുന്നപ്പോള്‍ വിദേശത്തായതിനാല്‍ ഡാന്‍സും പാട്ടുമൊക്കെ ഇഷ്ടമായിരുന്നെങ്കിലും അവിടെ അതിന് വേദിയില്ലായിരുന്നു. അവധി ക്കാലത്ത് നാട്ടില്‍ വരുമ്പോള്‍ ആയിരുന്നു ഇതുപോലുള്ള ക്യാമ്പില്‍ പങ്കെടുത്ത് നൃത്തവും നാടകവുമൊക്കെ അഭ്യസിച്ചു തുടങ്ങിയത്. കല്‍വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തും കുട്ടികളോപ്പം സെല്‍ഫി എടുത്തും സമിതി ദത്തെടുക്കല്‍ കേന്ദ്രത്തിലെ കുട്ടികളെ സന്ദര്‍ശിച്ചതിനു ശേഷമാണ് ദര്‍ശന രാജേന്ദ്രന് മടങ്ങിയത്.
ഉദ്ഘാടന ചടങ്ങില്‍ സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍ അരുണ്‍ഗോപി അദ്ധ്യക്ഷത വഹിച്ചു. ട്രഷറര്‍ കെ. ജയപാല്‍, ക്യാമ്പ് ഡയറക്ടര്‍ എന്‍.എസ്. വിനോദ് എന്നിവര്‍ സംസാരിച്ചു. പാഠ്യേതര വിഷയങ്ങള്‍ ഉള്‍പ്പെടുത്തി കുട്ടികളുടെ മാനസികോല്ലാസം വര്‍ദ്ധിപ്പിക്കാനുതകും വിധമാണ് രണ്ടുമാസം നീണ്ടു നില്ക്കുന്ന അവധിക്കാല കൂട്ടായ്മയുടെ ലക്ഷ്യം. ഏപ്രില്‍ 10വരെ അഡ്മിഷന് തുടരുമെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു.