തിരുവനന്തപുരത്തെ പ്രശസ്ത ആയോധനകലാ പരിശീലന കേന്ദ്രമായ അഗസ്ത്യത്തിലെ വേനൽക്കാല പഠന ക്യാമ്പുകൾ ആരംഭിച്ചു. നേമത്തെ പരമ്പരാഗത അഗസ്ത്യം കളരിയിലും മ്യൂസിയം സബ് സെന്ററിലുമാണ് ക്യാമ്പുകൾ സംഘടിപ്പിച്ചിരിക്കുന്നത്. 6 വയസ്സുമുതലുള്ള കുട്ടികൾക്ക് വ്യത്യസ്ത സമയക്രമങ്ങളിൽ സെഷനുകൾ ക്രമീകരിച്ചിരിക്കുന്നതിനാൽ ഓരോരുത്തർക്കും സൗകര്യപ്രദമായ രീതിയിൽ ക്യാമ്പിൽ പങ്കെടുക്കാൻ കഴിയുമെന്ന പ്രത്യേകതയുമുണ്ട്. പ്രതിദിനം കുറഞ്ഞത് രണ്ടര മണിക്കൂർ സമയം എന്ന ക്രമത്തിൽ രണ്ടു മാസമാണ് ക്യാമ്പിന്റെ കാലാവധി.
അകലെ നിന്നുള്ളവർക്കായുള്ള കളരി റെസിഡൻഷ്യൽ ക്യാമ്പും, വിശദ പരിശീലനം ആഗ്രഹിക്കുന്നവർക്കായി ഗുരുകുല സമ്പ്രദാ യത്തിലെ പകൽ ക്യാമ്പും അഗസ്ത്യത്തിൽ ഇക്കുറി പുതുതായി ക്രമീകരിച്ചിട്ടുണ്ട്. കളരിപ്പയറ്റിന്റെ ആയോധനമുറകളിലുള്ള പരിശീലനം,ശിലമ്പം,കളരിയധിഷ്ഠിതമായ വിജ്ഞാനത്തിൽ അവബോധം എന്നിവയ്ക്ക് പുറമേ വ്യത്യസ്ത മേഖലകളിലെ പ്രമുഖർ നയിക്കുന്ന പ്രത്യേക സെഷനുകളും ക്യാമ്പിലുണ്ടാവും.
സമാപനത്തോടനുബന്ധിച്ച് ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ആയോധനകലാ പ്രകടനത്തിനും അവസരം നൽകും. കുട്ടികൾക്ക് പുറമേ രക്ഷിതാക്കൾക്കും പ്രായഭേദമെന്യേ പങ്കെടുക്കാവുന്ന നിത്യം, നല്ലുടൽ, അകം,പ്രാണ തുടങ്ങിയ പരിശീലന പരിപാടികളും അഗസ്ത്യം കേന്ദ്രങ്ങളിൽ നടന്നു വരുന്നു. ഒന്നേകാൽ നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള അഗസ്ത്യം കളരിയിലെ അഞ്ചാം തലമുറയിൽപ്പെട്ട ഡോ എസ് മഹേഷ് ഗുരുക്കളുടെ നേതൃത്വത്തിലാണ് ക്യാമ്പുകൾ നടക്കുക.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ നോളജ് സിസ്റ്റം, കളരിപ്പയറ്റ് – സിദ്ധ പാരമ്പര്യ പഠന കേന്ദ്രമായി അംഗീകരിച്ച സംസ്ഥാനത്തെ ഏക കളരിയാണ് അഗസ്ത്യം. വേനൽക്കളരികളുടെ ഔപചാരികമായ ഉദ്ഘാടനം ഏപ്രിൽ ഒന്നിന് നേമത്തെ അഗസ്ത്യം കളരിയിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ :8848482913