ന്യൂഡൽഹി: സിനിമ താരങ്ങളും കായിക താരങ്ങളും ഗായകരുമെല്ലാം സെലിബ്രിറ്റി എം.പിമാരുടെ ലോക്സഭയിൽ അടങ്ങിയ പ്രകടനം വ്യക്തമാക്കുന്ന കണക്കുകൾ പുറത്തിറക്കി ‘ഇന്ത്യ സ്പെൻഡ്’. 19 സെലിബ്രിറ്റികളുടെ കണക്ക് വിലയിരുത്തിയായിരുന്നു കണക്ക്. ഇതിൽ 10 പേർ ബി.ജെ.പിക്കാരാണെങ്കിൽ അഞ്ചുപേർ തൃണമൂൽ കോൺഗ്രസുകാരാണ്. ലോക്സഭയിൽ എത്താനും ചർച്ചകളിൽ പങ്കാളികളാവാനും ചോദ്യങ്ങൾ ഉന്നയിക്കാനും നന്നേ മടിയുള്ളവരാണ് ഈ എം.പിമാരെന്നാണ് വിലയിരുത്തൽ.
274 സിറ്റിങ്ങാണ് ഈ ലോക്സഭ കാലാവധിയിൽ പി.ആർ.എസ് ലെജിസ്ലേറ്റീവ് റിസർച്ച് പ്രകാരം നടന്നത്. അഞ്ച് വർഷം കാലാവധി പൂർത്തിയാക്കിയ ലോക്സഭയിൽ ഏറ്റവും കുറഞ്ഞ സിറ്റിങ് നടന്ന കാലഘട്ടവും ഇതുതന്നെ. കോവിഡ് കാരണം 2020ൽ 33 ദിവസം മാത്രമാണ് സഭ സമ്മേളിച്ചത്.
എല്ലാ എം.പിമാരുടെയും കണക്കെടുക്കുമ്പോൾ ഇത് 79 ശതമാനമാണ്. ഇതിൽ സെലിബ്രിറ്റികളുടെ ശരാശരി പങ്കാളിത്തം 56.7 ശതമാനം മാത്രമാണ്. ഇതിനേക്കാൾ കൂടുതൽ ശരാശരി പങ്കാളിത്തമുള്ള സെലിബ്രിറ്റി എം.പിമാർ നാലെണ്ണം മാത്രമാണ്. 90 ശതമാനം ഹാജരുള്ള ഭോജ്പുരി നടൻ ദിനേശ് ലാൽ യാദവാണ് മുമ്പിൽ. ബംഗാളി നടി ലോക്കറ്റ് ചാറ്റർജി 88 ശതമാനം സിറ്റിങ്ങുകൾക്കും എത്തി. ഭോജ്പുരി നടൻ മനോജ് തിവാരി (85 ശതമാനം), ഒളിമ്പിക്സ് ഷൂട്ടിങ് മെഡൽ ജേതാവായിരുന്നു രാജ്യവർധൻ സിങ് റാത്തോർ (80) എന്നിവരാണ് ദേശീയ ശരാശരിക്ക് മുകളിൽ ഹാജരുള്ളവർ.
ഏറ്റവും കുറച്ച് സമ്മേളനങ്ങളിൽ പങ്കാളിയായത് ബംഗാളി നടൻ ദീപക് അധികാരിയാണ്. 12 ശതമാനം മാത്രമാണ് ഇദ്ദേഹത്തിന്റെ പങ്കാളിത്തം. ബോളിവുഡ് നടൻ സണ്ണി ഡിയോളിന്റെ പങ്കാളിത്തം 17 ശതമാനമാണ്. ബംഗാളി നടിമാരായ മിമി ചക്രവർത്തി (21) നുസ്രത്ത് ജഹാൻ റൂഹി (39), ഗായകൻ ഹൻസ് രാജ് (39), ബോളിവുഡ് നടിമാരായ കിരൺ ഖേർ (47), ഹേമ മാലിനി (50), മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ (61) ശത്രുഘ്നൻ സിൻഹ (63), സുമലത അംബരീഷ് (64) എന്നിങ്ങനെയാണ് മറ്റു സെലിബ്രിറ്റികളുടെ ഹാജർനില.
കണക്കുകൾ പ്രകാരം ചർച്ചകളിലും സെലിബ്രിറ്റികളുടെ പങ്കാളിത്തം വളരെ കുറവാണെന്ന്. ഒഡിയ നടൻ അനുഭവ് മൊഹന്ദിയാണ് ഏറ്റവും കൂടുതൽ ചർച്ചകളിൽ പങ്കെടുത്ത സെലിബ്രിറ്റി. തൊട്ടുപിന്നിൽ ഭോജ്പുരി നടൻ രവി കിഷൻ ആണ്. ഹിന്ദി നടന്മാരായ സണ്ണി ഡിയോളും ശത്രുഘ്നൻ സിൻഹയും ഒരൊറ്റ ചർച്ചകളിൽ പോലും പങ്കാളിയായിട്ടില്ല. ഗൗതം ഗംഭീറിന്റെ പങ്കാളിത്തം നാലെണ്ണത്തിൽ മാത്രമാണ്. സണ്ണി ഡിയോൾ നാല് ചോദ്യമാണ് ഉന്നയിച്ചത്. എം.പി ശത്രുഘ്നൻ സിൻഹ ഒരൊറ്റ ചോദ്യം പോലും ലോക്സഭയിൽ ചോദിക്കാത്ത ഏക സെലിബ്രിറ്റിയാണ്.
Read more : ലോക്‌സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഇതുവരെ പിടിച്ചെടുത്തത് 33.31 കോടി രൂപയുടെ വസ്തുക്കള്‍