പട്ന: കഴിഞ്ഞ 10 വർഷത്തിൽ രാജ്യം കണ്ടത് വരാനിരിക്കുന്ന വമ്പൻ വികസനത്തിന്റെ ‘ട്രെയിലർ’ മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത സർക്കാരിൽ ഏറെ ജോലികൾ ചെയ്തു തീർക്കാനുണ്ടെന്നും ബിഹാറിലെ ജമുയിയിൽ തിരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിക്കുവെ മോദി പറഞ്ഞു.
കോൺഗ്രസിന്റെയും ആർജെഡിയുടെയും ഭരണം രാജ്യത്തിനുണ്ടാക്കിയത് ദുഷ്പേരാണെന്നും. റയിൽവേ നിയമനങ്ങൾക്കായി പാവപ്പെട്ടവരുടെ ഭൂമി പിടിച്ചുവാങ്ങിയ റയിൽവേ മന്ത്രിയെയും രാജ്യം കണ്ടെന്നു ലാലു യാദവിനെ ചൂണ്ടിക്കാട്ടി മോദി കുറ്റപ്പെടുത്തി.
പരസ്പരം അഴിമതിയാരോപണം നടത്തിയിരുന്ന കക്ഷികൾ ഇപ്പോൾ ബിജെപിക്കെതിരെ ഒത്തുചേർന്നെന്നും. അഴിമതിക്കാർക്കെതിരെ കർശന നടപടിയെന്ന നയമാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. ‘ഭ്രഷ്ടാചാർ ഹഠാവോ’ എന്ന ബിജെപി മുദ്രാവാക്യത്തിനെതിരെ ‘ഭ്രഷ്ടാചാരി ബചാവോ’ എന്നതാണു പ്രതിപക്ഷത്തിന്റെ മുദ്രാവാക്യമെന്നു മോദി പരിഹസിച്ചു.
അയോധ്യയിലെ ശ്രീരാമ ക്ഷേത്ര നിർമാണം തടസ്സപ്പെടുത്താൻ ശ്രമിച്ചവരാണു കോൺഗ്രസും ആർജെഡിയുമെന്നു നരേന്ദ്ര മോദി കുറ്റപ്പെടുത്തി. എൻഡിഎ യുടെ ലക്ഷ്യമായ 400 സീറ്റ് നേട്ടത്തിനായി ബിഹാർ ജനത 40 സീറ്റ് സംഭാവന ചെയ്യാൻ തീരുമാനിച്ചു കഴിഞ്ഞെന്നും മോദി പ്രതീക്ഷയോടെ പറഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി, എൽജെപി (റാം വിലാസ്) അധ്യക്ഷൻ ചിരാഗ് പസ്വാൻ തുടങ്ങിയവർ പ്രസംഗിച്ചു.
















