ന്യൂഡൽഹി: അമേഠി മണ്ഡലത്തിൽ റോബർട്ട് വദ്ര മത്സരിക്കുമെന്ന് അഭ്യൂഹം. താൻ പാർലമെന്റ് അംഗമാകാൻ തീരുമാനിച്ചാൽ അമേഠി മണ്ഡലത്തെ പ്രതിനിധീകരിക്കാൻ അവിടുത്തെ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വദ്ര പറഞ്ഞു.
വർഷങ്ങളായി അമേഠിയിലേയും റായ്ബറേലിയയിലെയും ജനങ്ങൾക്ക് വേണ്ടി ഗാന്ധി കുടുംബം പ്രവർത്തിക്കുന്നുണ്ട്. അമേഠിയിലെ നിലവിലെ പാർലമെന്റ് അംഗത്തിൽ ജനങ്ങൾ സന്തുഷ്ടരല്ലെന്നും വദ്ര വ്യക്തമാക്കി.
താൻ രാഷ്ട്രീയത്തിലേക്ക് വരുകയാണെങ്കിൽ അമേഠി തിരഞ്ഞെടുക്കണമെന്ന് അഭ്യർത്ഥനകൾ ലഭിക്കുന്നുണ്ടെന്നും വാദ്ര പറഞ്ഞു. ആദ്യ രാഷ്ട്രീയ പ്രചാരണം 1999ൽ പ്രിയങ്കയ്ക്കൊപ്പം അമേഠിയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്മൃതി ഇറാനിയാണ് അമേഠിയിൽ ബിജെപി സ്ഥാനാർത്ഥി. കഴിഞ്ഞ തവണ 55000 വോട്ടുകൾക്കാണ് സ്മൃതി രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയത്. വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിച്ചെങ്കിലും രാഹുൽ ഗാന്ധി അമേഠിയിൽ നിന്ന് മത്സരിക്കുമോ എന്ന കാര്യം അവ്യക്തമായി തുടരുകയാണ്. അമേഠിയിലും റായ്ബറേലിയിലും കോൺഗ്രസ് ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. സിറ്റിങ് എംപിയായ സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മാറിയതോടെ അമേഠിക്ക് പുറമെ റായ്ബറേലിയും ശ്രദ്ധാകേന്ദ്രമായിട്ടുണ്ട്.