കൊച്ചി: റിയാസ് മൗലവി കേസിൽ വിചാരണ കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണ കോടതി ഉത്തരവ് നിയമവിരുദ്ധമെന്ന് സർക്കാർ അപ്പീലിൽ വിമർശിക്കുന്നു. പ്രോസിക്യൂഷൻ ശക്തമായ തെളിവുകൾ ഹാജരാക്കിയിട്ടും പ്രതികളെ വെറുതെ വിടാൻ ദുർബലമായ കാരണങ്ങൾ വിചാരണ കോടതി കണ്ടെത്തി. വിചാരണ കോടതി ഉത്തരവ് ഞെട്ടിക്കുന്നതെന്നും സർക്കാർ ഹർജിയിൽ ആരോപിച്ചു. ശാസ്ത്രീയ തെളിവുകൾ വിചാരണ കോടതി അവഗണിച്ചു എന്നും അപ്പീലിൽ ആരോപിക്കുന്നു.
അപ്പീല്‍ വരും ദിവസങ്ങളില്‍ ഹൈക്കോടതി പരിഗണിക്കും. കേസിൽ അപ്പീൽ നൽകാൻ അനുമതി നൽകി കഴിഞ്ഞദിവസമാണ് സർക്കാർ ഉത്തരവിറക്കിയത്. തുടർനടപടികൾക്കായി അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തിയിരുന്നു.
റിയാസ് മൗലവി വധക്കേസിൽ ആർ.എസ്.എസ് പ്രവർത്തകരായ പ്രതികളെ കോടതി വെറുതെവിട്ടത് സർക്കാരിന് വലിയ തിരിച്ചടിയായിരുന്നു. കേളുഗുഡെയിലെ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, അഖിലേഷ് എന്നിവരെയാണ് സംശയത്തിന്റെ ആനുകൂല്യത്തിൽ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വിട്ടയച്ചത്. അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും വന്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കോടതിയടക്കം വിമര്‍ശിച്ചിരുന്നു. പ്രതികള്‍ക്ക് ആര്‍.എസ്.എസ് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ല. നിലവാരമില്ലാത്തതും ഏകപക്ഷീയവുമായ അന്വേഷണമാണ് നടന്നത്. മരണത്തിന് മുമ്പ് റിയാസ് മൗലവി ഇടപഴകിയവരെ കണ്ടെത്താനുള്ള അവസരം നഷ്ടമാക്കിയെന്നും കോടതി വിമര്‍ശിച്ചു.
മുസ്‌ലിം സമുദായത്തോടുള്ള വെറുപ്പാണ് കൊലയ്ക്ക് കാരണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. ആരോപണം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായും പരാജയപ്പെട്ടു. കോടതിയുത്തരവില്‍ ഗുരുതര ആരോപണങ്ങളാണ് അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനുമെതിരേയുള്ളത്.