കോയമ്പത്തൂർ: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മോദിയുടെ കോയമ്പത്തൂരിൽ നടത്തിയ റോഡ് ഷോക്കെതിരെ കേസെടുത്ത പൊലീസിന് കോടതിയുടെ അതിരൂക്ഷ വിമർശനം. കുട്ടികൾ റോഡരികിൽ നിൽക്കുന്നത് ക്രിമിനൽ കുറ്റം ആകുന്നതെങ്ങനെയെന്ന് കോടതി ചോദിച്ചു. കുട്ടികളെ പ്രചാരണത്തിന് ഉപയോഗിച്ചതായി കാണുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വീട്ടുകാർ പരാതി നൽകുകയോ അനിഷ്ടസംഭവങ്ങൾ ഉണ്ടാവുകയോ ചെയ്തിട്ടില്ലെന്നും പൊലീസ് മാധ്യമ സമ്മർദത്തിന് വഴങ്ങരുത് എന്നും കോടതി ചൂണ്ടിക്കാട്ടി. നന്നായി ഗൃഹപാഠം ചെയ്തിട്ട് വരൂ എന്ന് പോലീസിനോട് കോടതി പറഞ്ഞു.
തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും. അതുവരെ കേസിൽ തുടർ നടപടികൾ പാടില്ലെന്നും കോടതി നിർദ്ദേശിച്ചു.
നേരത്തെ, റോഡ് ഷോക്ക് സിറ്റി പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ തമിഴ്‌നാട് ബിജെപി സമർപ്പിച്ച ഹർജി നല്‍കിയിരുന്നു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൊലീസ് റാലിക്ക് അനുമതി നിഷേധിച്ചിരുന്നത്. നഗരപരിധിയിൽ നാലു കിലോമീറ്റർ ദൂരത്തിലാണ് മോദിയുടെ റോഡ് ഷോ. ബിജെപി റോഡ് ഷോക്കായി തെരഞ്ഞെടുത്ത സ്ഥലം സാമുദായിക സംഘർഷങ്ങൾക്ക് സാധ്യതയുള്ളതാണ് എന്നാണ് പൊലീസ് വിശദീകരിച്ചിരുന്നത്.
പരമ്പരാഗതമായി ബിജെപിയെ തിരസ്‌കരിക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നതിന്റെ ഭാഗമായാണ് മോദി കോയമ്പത്തൂരെത്തുന്നത്. അടുത്ത കാലത്തായി മോദി നടത്തുന്ന അഞ്ചാം തമിഴ്‌നാട് സന്ദർശനമാണിത്. ഇത്തവണ ഒറ്റയ്ക്കാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തമിഴ്‌നാട്ടിൽ മൂന്നു ശതമാനം വോട്ടു മാത്രമാണ് ബിജെപിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടാനായത്.