ഹൈദരാബാദ്: മദ്യനയ അഴിമതിക്കേസിൽ ഇടക്കാല ജാമ്യം തേടിയ കെ കവിതയുടെ അപേക്ഷയിൽ റൗസ് അവന്യൂ കോടതി തിങ്കളാഴ്ച വിധി പറയും. ഇടക്കാല ജാമ്യ അപേക്ഷയിൽ ഇന്ന് വാദം പൂർത്തിയായിരുന്നു.
മകന്റെ പരീക്ഷ ചൂണ്ടിക്കാട്ടിയാണ് കവിത വിചാരണ കോടതിയെ സമീപിച്ചത്. കേസിലെ സ്ത്രീ ഒരു അമ്മയാണെന്ന് പരിഗണിക്കണമെന്നും അമ്മയുടെ നേരിട്ടുള്ള പിന്തുണ മകന് അനിവാര്യമാണെന്ന് കവിതയ്ക്ക് വേണ്ടി ഹാജരായ അഭിഷേക് സിംഗ്വി കോടതിയെ അറിയിച്ചു.
കവിത തെളിവ് നശിപ്പിച്ചത് ചൂണ്ടിക്കാട്ടുന്ന എഫ് എസ് എൽ റിപ്പോർട്ട് പക്കൽ ഉണ്ടെന്ന് ഇഡി ഇടക്കാല ജാമ്യ അപേക്ഷയെ എതിർത്ത് കോടതിയിൽ പറഞ്ഞു. തങ്ങൾ അന്വേഷണത്തിന്റെ നിർണായക ഘട്ടത്തിലാണെന്നും ഈ സമയത്ത് ഇടക്കാല ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ഇഡി പ്രതിരോധിച്ചു. കേസിൽ വാദം പൂർത്തിയായതോടെയാണ് വിധി പറയാനായി കോടതി മാറ്റിയത്.
ഡൽഹി മദ്യം അഴിമതിക്കേസിൽ സിബിഐ പ്രത്യേക ജഡ്ജി കാവേരി ബവേജയാണ് കവിതയെ ഏപ്രിൽ 9 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. മാർച്ച് 22 ന് സുപ്രിം കോടതി അവളുടെ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു.
മാർച്ച് 15 ന് കവിതയുടെ ഹൈദരാബാദിലെ വസതിയിൽ നടത്തിയ പരിശോധനയ്‌ക്ക് ശേഷം ഇഡി അറസ്റ്റ് ചെയ്തു. 2021-22 ലെ ഡൽഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ പദ്ധതിയിൽ അവർ പങ്കാളിയാണെന്ന് ഇഡി ആരോപിച്ചു.